തിരുവനന്തപുരം: മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് നേരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്. കേരള സമൂഹം സിപിഎം ഗുണ്ടകളുടെ തേര്‍വാഴ്ചയില്‍ ചോരകളമാവുകയും രക്തസാക്ഷികള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുമ്പോള്‍ തന്നെ മറുവശത്ത് മുഖ്യമന്ത്രി നേരിട്ട് സത്യസന്ധരായ ഉദ്യോഗസ്ഥരെ രക്തസാക്ഷികളാക്കുകയാണെന്നും അവര്‍ വിമര്‍ശിച്ചു.
സത്യസന്ധമായ രീതിയില്‍ കേസന്വേഷിച്ചു എസ്എഫ്ഐ ഗുണ്ടയായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും, യൂണിയന് ഓഫിസില്‍ നിന്നും ഒക്കെ ഉത്തരകടലാസുകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്ത കണ്ടോണ്മെന്റ് എസ്.ഐ ബിനുവിനെ, കോഴി മൂന്ന് കൂവുന്നതിനു മുന്‍പേ സ്ഥാനത്ത് നിന്നും നീക്കം ചെയ്ത ആഭ്യന്തര വകുപ്പിന്റെ തലതൊട്ടപ്പനായ പിണറായി വിജയന് കേരളത്തിലെ അഭ്യസ്ത വിദ്യരും പ്രബുദ്ധരുമായ മലയാളികളെ ഒന്നടങ്കം വെല്ലുവിളിക്കുകയാണ്.
നേരിന്റെയും ധര്‍മ്മത്തിന്റെയും വഴിയില്‍ നടക്കുന്ന ഉദ്യോഗസ്ഥരെ മുഴുവന്‍ ഏതെങ്കിലും മൂലയ്ക്ക് ഒതുക്കുകയും, ആ സ്ഥാനത്ത് ഒക്കെ ഏറാന്മൂളികള് ആയ ചിലരെ മാത്രം ഇരുത്തുകയും ചെയ്യുകയാണ് ഈ ഇടത് പക്ഷ സര്‍ക്കാര്‍ ഇത് വരെ ചെയ്തിട്ടുള്ളത്. ടി പി സെന്‍കുമാര്‍, ജേക്കബ് തോമസ് തുടങ്ങിയ സത്യസന്ധരായ നീക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ആ നിരയിലെ ഏറ്റവും ഒടുവിലത്തെ ഇര മാത്രമാണ് എസ്.ഐ ബിനു.
നട്ടെല്ലുള്ള ഉദ്യോഗസ്ഥരുടെ ആത്മവീര്യത്തെ തകര്‍ക്കുകയും, ആത്മാഭിമാനത്തെ വ്രണപ്പെടുത്തുകയും ചെയ്യുന്ന പിണറായി വിജയന് ഒരു നിമിഷം പോലും ആഭ്യന്തര മന്ത്രിയായി തുടരാനുള്ള അവകാശമില്ല. ‘ഞാന്‍ ആണ് ഭരണകൂടം’ എന്നു കരുതുന്ന പിണറായിയെ പോലുള്ളവര്‍ ചവറ്റു കുട്ടയില്‍ എത്തപ്പെടുമെന്നും ശോഭാ സുരേന്ദ്രന് വിമര്‍ശിച്ചു.
















