തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ ഒന്നാം പ്രതിയും എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റുമായിരുന്ന ശിവരഞ്ജിത്തിന് പി.എസ്.സി പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയ വിഷയത്തില്‍ പുതിയ വെളിപ്പെടുത്തല്‍. തനിക്ക് 55 ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അറിയാമായിരുന്നെന്നും ബാക്കി കറക്കിക്കുത്തിയതെന്നും ശിവരഞ്ജിത്ത്. പി.എസ്.സി. സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷ കടുപ്പമാത്തുകൊണ്ട് തന്നെ കട്ട് ഓഫ് മാര്‍ക്ക് 29.67 ആയിരുന്നു. ഈ പരീക്ഷയില്‍ 78.33 മാര്‍ക്കാണ് ശിവരഞ്ജിത്ത് നേടിയത്. രണ്ടാം പ്രതി നസീമിന് 65.33 മാര്‍ക്കോടെ 28-ാം റങ്കാണ് കിട്ടിയത്. പി.എസ്.സി ഇതില്‍ അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം, അഖിലിനെ കുത്തിയ കത്തി സംഭവസ്ഥലത്തിന് സമീപത്തെ ചവറ് കൂനയില്‍ നിന്നും പൊലീസ് കണ്ടെടുത്തു. പ്രതികള്‍ തന്നെയാണു ഇതു പൊലീസിനു കാട്ടിക്കൊടുത്തത്. കത്തി ചവറ് കൂനയ്ക്കകത്ത് ഒളിപ്പിച്ചത്ത് നസീമെന്നാണു മറ്റു പ്രതികളുടെ മൊഴി. കത്തി വാങ്ങിയത് ഓണ്‍ലൈന്‍ വഴിയെന്നും ആവശ്യാനുസരണം നിവര്‍ത്താനും മടക്കാനും കഴിയുന്ന കത്തിയാണ് കുത്താന്‍ ഉപയോഗിച്ചതെന്നും പൊലീസ് കൂട്ടിചേര്‍ത്തു. കേസിലെ പ്രധാന പ്രതികളുമായി തെളിവെടുപ്പ് നടത്തിയപ്പോള്‍ ഇരുമ്പ് പൈപ്പും കുറുവടിയും ക്യാമ്പസിനകത്തുനിന്നും കിട്ടി.
















