ഭാരതീയര്‍ക്ക് ആശ്വാസവും ആഹ്ലാദവും പകരുന്നതാണ് കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷ തടഞ്ഞുകൊണ്ടുള്ള രാജ്യാന്തര കോടതി വിധി. അതിനപ്പുറം രാജ്യാന്തര രംഗത്ത് ഇന്ത്യയുടെ വന്‍ വിജയവും. ഏറെ ആകാംക്ഷയും പ്രാര്‍ഥനയുമായി ഭാരതം കാത്തിരിക്കുകയായിരുന്നു. നെതര്‍ലന്‍ഡ്സിലെ ഹേഗില്‍ പ്രവര്‍ത്തിക്കുന്ന രാജ്യാന്തര നീതിന്യായ കോടതി (ഐസിജെ) യുടെ അന്തിമ വിധിക്കായി ലോകവും കാതോര്‍ത്തു. കാരണം കേസിലെ കക്ഷികള്‍ ഭാരതവും പാക്കിസ്ഥാനുമാണ് എന്നതുതന്നെ. മുന്‍ ഭാരത നാവിക സേനാംഗമായ കുല്ഭൂഷണ് പാക്കിസ്ഥാനില്‍ അസ്വാസ്ഥ്യവും കലാപവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയാണ് എന്നാരോപിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 2016 ഏപ്രിലില്‍ ബലൂചിസ്ഥാനില്‍ വെച്ചായിരുന്നു അറസ്റ്റ്. സേനയില്‍നിന്ന് വിട്ട ശേഷം വ്യാപാരത്തിനിറങ്ങിയ കുല്ഭൂഷണ് ചാരവൃത്തി നടത്തുകയാണെന്നായിരുന്നു പാക് വാദം. ഏകപക്ഷീയ വിചാരണയും തുടര്‍ നടപടികളും നടത്തിയശേഷം 2017 ഏപ്രിലില്‍ പാക് സൈനിക കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു.
പാക്കിസ്ഥാന്റെ ഈ കിരാത നടപടിക്കെതിരെ അന്താരാഷ്ട്ര സമൂഹത്തില്‍ വന്‍ പ്രതിഷേധമുയര്‍ന്നു. അവരുടെ അജണ്ടകള്‍ ഒന്നൊന്നായി പൊളിച്ചടുക്കാന്‍ പാകത്തിലുള്ള തെളിവുകളുമായി ഭാരതം രാജ്യാന്തര നീതിപീഠത്തിലെത്തി. ഭാരതത്തിന്റെയും പാക്കിസ്ഥാന്റെയും ഇതപ്പര്യന്തമുള്ള സ്ഥിതിഗതികളെക്കുറിച്ച് നേരറിവുള്ള കോടതി, കാര്യങ്ങള്‍ അപഗ്രഥിച്ചശേഷം വധശിക്ഷ സ്റ്റേ ചെയ്തു. കോടതിയുടെ അന്തിമവിധിക്കനുസൃതമായി മാത്രമേ ശിക്ഷ നടപ്പാക്കാവൂ എന്ന് വ്യക്തമാക്കുകയും ചെയ്തു.
ചടുല നീക്കങ്ങളുമായി മുന്നേറിയ ഭാരതം മുന്‍ സൈനികനെ ഏതുവിധേനയും രക്ഷിക്കുമെന്ന് രാജ്യത്തിന് ഉറപ്പുനല്‍കി. കുല്‍ഭൂഷണെ മറയാക്കിയുള്ള സകല പ്രവര്‍ത്തനങ്ങളും ശക്തമായി പ്രതിരോധിച്ചു. നിരന്തര പ്രവര്‍ത്തനങ്ങളുടെ സമ്മര്‍ദഫലമായി 2017 ഡിസംബര്‍ 26ന് ജയിലില്‍ കുല്‍ഭൂഷണെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ അമ്മയ്ക്കും ഭാര്യക്കും അനുമതി കിട്ടി. എന്നാല്‍ വൈരാഗ്യബുദ്ധിയോടെയായിരുന്നു പാക് അധികൃതര്‍ പെരുമാറിയത്. അവര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ ഭാരതം അപലപിച്ചു. 2019 ഫെബ്രുവരി 18ന് രാജ്യാന്തര കോടതിയില്‍ നാലുദിവസത്തെ വാദം തുടങ്ങി. ഭാരതം അപ്പോഴേക്കും അന്താരാഷ്ട്ര സമൂഹത്തിന്റെ സ്നേഹവിശ്വാസങ്ങള്‍ ആര്‍ജിച്ചിരുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ ഭാരതത്തിന്റെ നയതന്ത്രവിജയമാണ് ഇതില്‍ പ്രകടമാകുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പ്രവര്‍ത്തന പദ്ധതിയും ജനങ്ങളെ ഒന്നിപ്പിച്ചു നിര്‍ത്തുകയും ക്രിയാത്മക പന്ഥാവിലേക്ക് നയിക്കുകയുമാണെന്ന് വ്യക്തമാക്കപ്പെട്ടു. അത്തരമൊരു സ്ഥിതിവിശേഷം അട്ടിമറിക്കാനാണ് പാക്കിസ്ഥാന് ശ്രമിക്കുന്നതെന്ന് പകല്‍ വെളിച്ചം പോലെ മനസ്സിലാവുകയും ചെയ്തു.
രാജ്യാന്തര കോടതിയിലെ 16 ജഡ്ജിമാരില്‍ 15 പേരും ഭാരതത്തിന്റെ വികാരവിചാരങ്ങളെ കണക്കിലെടുത്തുകൊണ്ട് കുല്‍ഭൂഷണിന് അനുകൂലമായ വിധിയില്‍ ഒറ്റക്കെട്ടായിനിന്നു. വിയന്ന കരാറിലെ മൂന്നുതരം ലംഘനങ്ങള്‍ പാക്കിസ്ഥാന് നടത്തിയെന്ന് ജഡ്ജിമാര്‍ക്ക് ബോധ്യപ്പെട്ടു. വധശിക്ഷ റദ്ദുചെയ്യുകയും കേസ് പുനപ്പരിശോധിക്കാന്‍ വിധിക്കുകയും ചെയ്തു. പാക്കിസ്ഥാനില്‍ നിന്നുളള അംഗം മാത്രമേ എതിരഭിപ്രായക്കാരനായി ഉണ്ടായുള്ളൂ. അതില്‍തന്നെ ശ്രദ്ധേയമായതാണ് ചൈനയുടെ പ്രതിനിധിയായ ഷൂ ഹാന്‍കിന്‍ ഭാരത നിലപാടിന് ഒപ്പംനിന്നത്. ഇത് പാക്കിസ്ഥാന് കനത്ത തിരിച്ചടിയാണ്. സിനോ പാക് ബന്ധത്തിന്റെ അലയൊലികള്‍ ഉയര്‍ന്നു കേള്‍ക്കുമ്പോഴാണ് അമ്പരപ്പിക്കുന്ന ഇത്തരമൊരു നീക്കമെന്നത് തിരിച്ചറിയേണ്ടതുണ്ട്.
ഭാരതപ്രധാനമന്ത്രിയും സംഘവും അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന നയതന്ത്ര നീക്കംകൊണ്ട് എന്തൊക്കെ സാധിക്കുമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. നിരന്തരം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യുന്ന നിക്ഷിപ്ത താല്പര്യക്കാര് കണ്ണുതുറന്ന് കാണേണ്ടതാണിത്. പരിവാരസമേതം വിദേശങ്ങളില്‍ ഉല്ലാസയാത്രക്കു പോകുന്നവരാണ് മോദിക്കെതിരെ അമ്പെയ്യുന്നതെന്നതാണ് രസകരം. അത്തരക്കാര്‍ മനസ്സിലാക്കണം രാജ്യാന്തര സമൂഹം ഭാരതത്തെ എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: