കൊച്ചി : ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിക്കുന്ന തരത്തിലുള്ള പരസ്യങ്ങളോ ചിത്രങ്ങളോ എഴുത്തുകളോ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്. സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളതില്‍ ജനാലകളില്‍ കര്‍ട്ടനുകളും ചിത്രങ്ങളും കാഴ്ച മറയ്‌ക്കുന്നില്ല എന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉറപ്പുവരുത്തണം. ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെ ബസുകള്‍ ഓടുന്നതിനാല്‍ പരസ്യങ്ങള്‍ അനുവദിക്കാനാവില്ലെന്നും, പരസ്യത്തിലൂടെ ഉണ്ടാക്കുന്ന അധികവരുമാനം പൊതുജന സുരക്ഷ മറന്നുകൊണ്ടാകരുതെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്റെ ബെഞ്ച് വ്യക്തമാക്കി. ദേശീയ പാതകളുടെ സമീപത്ത് ഇത്തരം പരസ്യ ബോര്‍ഡുകള്‍ വക്കുന്നതിന് നിയന്ത്രണമുണ്ടെങ്കിലും പലയിടങ്ങളിലും ബോര്‍ഡ് നീക്കം ചെയ്തിട്ടില്ല. ഇതില്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും കോടതി.
ഹെഡ് ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍ ലൈറ്റ്, ടെയ്ല്‍ ലൈറ്റ് എന്നിവയ്‌ക്കു മീതയും സ്റ്റിക്കറുകളോ ചിത്രങ്ങളോ പതിപ്പിക്കരുതെന്നും എല്‍ഇഡി ബാര്‍ ലൈറ്റുകളും സ്ട്രിപ് ലൈറ്റുകളും ഉപയോഗിക്കരുത്തെന്നും കോടതി വ്യക്തമാക്കി. സിഗ്നല്‍ ലൈറ്റുകളും, റിഫ്ലക്റ്ററുകളും ഇല്ലാത്ത വാഹനങ്ങള്‍ പൊതുനിരത്തിലിറക്കാന്‍ അനുവദിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ കെ.എം. സജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
















