തിരുവനന്തപുരം:ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദനൊപ്പം യാത്ര ചെയ്ത സഹായികളുടെ വിമാന ടിക്കറ്റ് തുക അനുവദിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഎസിനെ അനുഗമിച്ചു വിമാന യാത്ര ചെയ്ത പേഴ്‌സനല്‍ സ്റ്റാഫിലെ ജി.ഉദയകുമാര്‍, കെ.എന്‍.സുഭഗന്‍ എന്നിവരുടെ വിമാന ടിക്കറ്റിനു ചെലവായ 88,327 രൂപ അനുവദിക്കണമെന്ന ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍റെ ആവശ്യമാണ് മുഖ്യമന്ത്രി തള്ളിയത്.
പണം അനുവദിക്കാമെന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു. ധനമന്ത്രി ടി.എം.തോമസ് ഐസക്കും അംഗീകരിച്ചു. എന്നാല്‍, ‘പരിഗണിക്കേണ്ടതില്ലെന്നു’ രേഖപ്പടുത്തി മുഖ്യമന്ത്രി ഫയല്‍ മടക്കി അയക്കുകയായിരുന്നു. മന്ത്രിമാരുടെ യാത്രയില്‍ സഹായികള്‍ അനുഗമിക്കുന്നതു പോലെ മന്ത്രിയുടെ പദവിയിലുള്ള വിഎസിനും അതിന് അവകാശമുണ്ടെന്നു ഭരണപരിഷ്‌കാര വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി.കമലവര്‍ധന റാവു ധനവകുപ്പിനോടു ശുപാര്‍ശ ചെയ്തിരുന്നു.
ഒരു വര്‍ഷം മുന്‍പു വിഎസിന്റെ 2 ഡ്രൈവര്‍മാര്‍ക്കും ഒരു ഓഫിസ് അസിസ്റ്റന്റിനും 7500 രൂപ യൂണിഫോം അലവന്‍സ് അനുവദിക്കണമെന്ന ഭരണ പരിഷ്‌കാര കമ്മീഷന്‍ സെക്രട്ടറിയുടെ ശുപാര്‍ശയും സര്‍ക്കാര്‍ തള്ളിയിരുന്നു.
















