കണ്ണൂര്‍: ധീരബലിദാനി വിശാലിന്റെ അനുസ്മരണത്തോടനുബന്ധിച്ച് തലശേരി ബ്രണ്ണന്‍ കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടിമരം പിഴുതുമാറ്റിയ പ്രിന്‍സിപ്പല്‍ ഫല്‍ഗുനന്റെ നടപടിയില്‍ പ്രതിഷേധം ശക്തം. എബിവിപിയുടെ കൊടിമരം പ്രിന്‍സിപ്പല്‍ പിഴുതുമാറ്റിയത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ ധര്‍മടം വെള്ളൊഴുക്കിലെ പ്രിന്‍സിപ്പലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് വീടിന്റെ മുന്നില്‍ എബിവിപിയുടെ കൊടിമരവും നാട്ടി. ബിജെപി നേതാക്കളായ ഇ.വി.അഭിലാഷ്, ജിനചന്ദ്രന്‍, എ.അനില്‍കുമാര്‍, എ.ബി.വി.പി. സംസ്ഥാനസമിതിയംഗം വിശാഖ് പ്രേമന്‍, ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത്ത്, സെക്രട്ടറി അഭിനവ് തൂണേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രാത്രി 8.45-ഓടെ വീടിനു സമീപമെത്തിയ മാര്‍ച്ച് ധര്‍മടം എസ്.ഐ. മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തില്‍ പോലീസ് തടഞ്ഞു.
തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ് സംസാരിച്ചു. യൂണിവേഴ്‌സിറ്റി കോളേജിനെപ്പോലെ ബ്രണ്ണന്‍ കോളേജിനെയും അധോലോകകേന്ദ്രമാക്കി മാറ്റാനാണ് പ്രിന്‍സിപ്പലും ചില ഇടതുപക്ഷ അധ്യാപകസംഘടനാ പ്രതിനിധികളും എസ്.എഫ്.ഐ.യും ചേര്‍ന്നു ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐ.യുടെ കൊടിമരം കോളേജിലുണ്ടെങ്കില്‍ എ.ബി.വി.പി.ക്കും അതിന് അവകാശമുണ്ട്. പിഴുതുമാറ്റിയവര്‍തന്നെ അത് തിരികെ സ്ഥാപിക്കണമെന്നും അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ്, മണ്ഡലം പ്രസിഡന്റ് എം.പി.സുമേഷ് തുടങ്ങിയവരും പങ്കെടുത്തു.കഴിഞ്ഞ ദിവസമാണ് വിശാല അനുസ്മരണത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ താല്‍ക്കാലിക കൊടിമരം സ്ഥാപിത്തത്. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കകം പോലീസിനെ വിളിച്ച് വരുത്തിയ പ്രിന്‍സിപ്പാള്‍ കൊടി പിഴുത് ധര്‍മ്മടം എസ്‌ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് കൈമാറുകയായിരുന്നു. പ്രിന്‍സിപ്പാള്‍ തന്നെയാണ് കൊടിമരം പൊക്കിയെടുത്ത് പോലീസ് വാഹനം വരെ നടന്ന് ചെന്ന് പോലീസിന് കൈമാറിയത്.
പ്രിന്‍സിപ്പാളിന്റെ അനുമതിയോടെയാണ് പതാക ഉയര്‍ത്തിയതെന്ന് എബിവിപി നേതൃത്വം വ്യക്തമാക്കി. എന്നാല്‍ എസ്എഫ്‌ഐ നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ പ്രിന്‍സിപ്പാള്‍ പോലീസിനെ വിളിച്ച് വരുത്തുകയായിരുന്നുവെന്ന് എബിവിപി പ്രവര്‍ത്തകര്‍ പറഞ്ഞു. എസ്എഫ്‌ഐയുടെ ഫാസിസ്റ്റ് പ്രവണതകളെ പ്രതിരോധിച്ച് ബ്രണ്ണന്‍ കോളേജില്‍ എബിവിപിയുടെ പ്രവര്‍ത്തനം സജീവമാണ്. എബിവിപി പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തിയാലും ഇരുട്ടിന്റെ മറവില്‍ സിപിഎം സംഘം പിഴുത് കൊണ്ട് പോവുകയാണ് പതിവ്. എസ്എഫ്‌ഐയുടെ പതാക കോളേജില്‍ സ്ഥിരമായി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും കോളേജ് അധികൃതരോ പോലീസോ ഇടപെടാറില്ല.
അതേസമയം, ക്യാംപസില്‍ എസ് എഫ് ഐയ്‌ക്കാണ് ഭൂരിപക്ഷമുള്ളത്. മറ്റ് വിദ്യാര്‍ത്ഥിസംഘടനകളുടെ പ്രവര്‍ത്തനത്തിന് അത് ഒരു വെല്ലുവിളി തന്നെയാണെന്നു പ്രിന്‍സിപ്പാലും സമ്മതിച്ചു. എസ്എഫ്‌ഐ സ്ഥാപിച്ച കൊടിമരത്തിന് സമീപം കൊടിമരം സ്ഥാപിക്കണമെന്ന ആവശ്യവുമായി എബിവിപി പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു. ക്യാംപസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ അവര്‍ക്ക് അനുമതി നല്‍കി. പക്ഷേ അനുമതി നല്‍കുമ്പോള്‍ തന്നെ അരമണിക്കൂറിനുള്ളില്‍ കൊടിമരം മാറ്റണമെന്ന നിബന്ധന താന്‍ വച്ചിരുന്നു. നേതാക്കള്‍ അത് സമ്മതിച്ചതുമാണ്’. എന്നാല്‍ കൊടിമരം സ്ഥാപിച്ചതിന് പിന്നാലെ നേതാക്കള്‍ നിലപാട് മാറ്റി. ഇത് ക്യാംപസില്‍ ഒരു ഏറ്റുമുട്ടലുണ്ടാക്കുമെന്ന ഘട്ടത്തിലാണ് കടുത്ത നടപടി സ്വീകരിച്ചതെന്നാണു പ്രിന്‍സിപ്പാളിന്റെ വാദം.
















