കൊച്ചി : എസ്എഫ്‌ഐ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന എഐഎസ്എഫ് പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനെത്തിയ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ബുധനാഴ്ച രാത്രി ഞാറക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയ പി. രാജുവിനെയാണ് തടഞ്ഞത്.
വൈപ്പിന്‍ സര്‍ക്കാര്‍ കോളേജില്‍ ഇന്നലെ എസ്എഫ്‌ഐഎഐഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഈ ഏറ്റുമുട്ടലില്‍ പരിക്കേറ്റ എഐഎസ്എഫ് കോളേജ് യൂണിറ്റ് സെക്രട്ടറി ജിഷ്ണു, സാലിഹ് എന്നിവരെ കാണാനെത്തിയതായിരുന്നു രാജു. പരിക്കേറ്റ എഐഎസ്എഫ് നേതാക്കളെ കണ്ട പി.രാജു ഇടപെടലില്‍ പരിക്കേറ്റവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിരുന്നു. അതിനു ശേഷം പി.രാജു ആശുപത്രിയില്‍ നിന്നും മടങ്ങാനൊരുങ്ങുമ്പോളാണ് അവിടെയുണ്ടായിരുന്ന ചില ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അവരുടെ ബൈക്കുകളുപയോഗിച്ച് അദ്ദേഹത്തിന്റെ കാര്‍ തടയുകയായിരുന്നു.
ഇതോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും സ്ഥലത്തുണ്ടായ സിപിഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം ഉടലെടുത്തു. പിന്നീട് ഞാറക്കല്‍ സിഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്ത് എത്തിയാണ് ഇരുപക്ഷത്തേയും പ്രവര്‍ത്തകരെ പിരിച്ചു വിട്ടത്.
അതേസമയം തന്റെ വാഹനം തടഞ്ഞവരെ നീക്കാനോ സംഘര്‍ഷമുണ്ടാക്കിയവരെ ആശുപത്രിയില്‍ നിന്നും മാറ്റാനോ പോലീസ് ശ്രമിച്ചില്ലെന്ന് രാജു ആരോപിച്ചു. കൂടാതെ മര്‍ദ്ദമേറ്റ വിദ്യാര്‍ത്ഥികള്‍ നേരത്തെ തന്നെ പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാനോ മൊഴിയെടുക്കാനോ പോലീസ് മെനക്കെട്ടില്ല.
ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കേസ് എടുക്കണോ വേണ്ടയോ എന്ന് പോലീസ് തീരുമാനിക്കുമെന്നായിരുന്നു ഞാറക്കല്‍ സിഐയുടെ മറുപടി. പിന്നീട് എസ്പിയേയും ഡിവൈഎസ്പിയേയും രണ്ട് തവണ താന്‍ വിളിച്ചു പറഞ്ഞ ശേഷമാണ് പ്രവര്‍ത്തകരുടെ മൊഴിയെടുക്കാന്‍ ഞാറക്കല്‍ സിഐ തയ്യാറായത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും പരാതി നല്‍കാനാണ് തീരുമാനമെന്നും രാജു പറഞ്ഞു.
















