തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി ശിവരഞ്ജിത്തിനെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഉത്തര കടലാസ് മോഷ്ടിച്ചതിനും വ്യാജ സീല്‍ നിര്‍മിച്ചെന്നുമാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവത്തെ തുടര്‍ന്ന് പോലീസ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഉത്തരക്കടലാസുകളും സീലും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. അതേസമയം അറിയാവുന്ന ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരം എഴുതിയാണ് താന്‍ പിഎസ്‌സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയതെന്നാണ് ഇയാള്‍ അന്വേഷണ സംഘത്തെ അറിയിച്ചത്.
അതിനിടെ വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ ശിവരഞ്ജിത്തിനേയും മറ്റൊരു പ്രതിയായ നസീമിനേയും കോളേജ് ക്യാസില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.
സംഘര്‍ഷമുണ്ടായ സ്ഥലത്ത് പ്രതികളെ എത്തിച്ച് പോലീസ് ഇവരില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിക്കും. കൂടാതെ അഖിലിനെ കുത്താന്‍ ശിവരഞ്ജിത്ത് ഉപയോഗിച്ച ആയുധവും കണ്ടെത്തേണ്ടതുണ്ട്. കേസില്‍ പ്രതികളായ പതിനാറ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആറ് പേര്‍ മാത്രമാണ് ഇതുവരെ പിടിയിലായത്. പത്ത് പേര്‍ക്കായി ഇപ്പോഴും പോലീസ് തെരച്ചില്‍ നടത്തി വരികയാണ്. വിശദമായ അന്വേഷണത്തിനായി മൂന്നു ദിവസത്തേയ്‌ക്കാണ് കോടതി ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
















