വിദ്യാഭ്യാസത്തില്‍ കേരളം ഒന്നാമതെന്ന് ഊറ്റം കൊള്ളാറുണ്ട്. ഒന്നാമത്തേതെന്ന് അവകാശപ്പെടുന്ന മേഖലകളിലെല്ലാം കേരളം പൊളിഞ്ഞ് പാളീസാവുകയാണ്. ആരോഗ്യമേഖലയെക്കുറിച്ചാണ് ഏറെ കൊട്ടിഘോഷിക്കുന്നത്. രണ്ട് മൂന്ന് പകര്‍ച്ചവ്യാധി വന്നപ്പോള്‍ കേരളം ഒന്നുമല്ലെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിക്ക് എന്തെങ്കിലും അസുഖം വന്നാല്‍ വിമാനം കയറി മറുനാട്ടിലേക്കോടുകയാണ്.
അതുപോലെയാണ് വിദ്യാഭ്യാസമേഖല. ഒരിടത്തും കേട്ടുകേള്‍വിയില്ലാത്ത തട്ടിപ്പുകഥകളാണ് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കലാശാലകള്‍ കയ്യടക്കിവച്ച സിപിഎം വിദ്യാര്‍ഥി സംഘടനയായ എസ്എഫ്ഐ ഒന്നാന്തരം തട്ടിപ്പുകാരാണെന്ന് വ്യക്തമാവുകയാണ്. ഭീഷണിയും കയ്യൂക്കും അധ്യാപകരുടെയും സിപിഎമ്മിന്റെയും ഒത്താശയോടെ കാമ്പസുകള്‍ അവര്‍ കുരുതിക്കളമാക്കുന്നു. പ്രതിയോഗികളെ മാത്രമല്ല, അനുയായികളെപോലും അവര്‍ വകവരുത്താന്‍ ശ്രമിക്കുന്നു. അതാണ് തലസ്ഥാനത്തെ മികവിന്റെ കേന്ദ്രമെന്നവകാശപ്പെടുന്ന യൂണിവേഴ്സിറ്റി കോളേജില്‍ കണ്ടത്.
യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ അല്ലാതെ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയില്ല. അവിടെ എസ്എഫ്ഐക്കാരന് തന്നെയായ അഖിലിന്റെ ഹൃദയത്തിലേക്കാണ് കത്തിയിറക്കിയത്. സെക്രട്ടറി നസിം കൈയിലിരുന്ന കത്തി പ്രസിഡന്റ് ശിവരഞ്ജിത്തിന് നല്കി കുത്തിക്കൊല്ലെടാ എന്ന് ആക്രോശിക്കുകയായിരുന്നു. ഇരുവരും നിരവധി കേസുകളില്‍ പ്രതികളാണ്. അഖിലിനെ വധിക്കാന്‍ എസ്എഫ്ഐക്കാര്‍ ശ്രമിച്ചതിന്റെ അന്വേഷണത്തിനിടെ സിപിഎം സംഘടനകളുടെ നേതൃത്വത്തില്‍ കേരള സര്‍വകലാശാലയുടെ പരീക്ഷകളില്‍ നടത്തിയ വന്‍ തട്ടിപ്പും പുറത്തുവരുന്നു. ഇടിമുറി എന്നു വിശേഷണമുള്ള, കോളേജിലെ എസ്എഫ്ഐ ഗുണ്ടകളുടെ താവളത്തില്‍ നടത്തിയ റെയ്ഡിനുപിന്നാലെ കേരള സര്‍വകലാശാലയുടെ പരീക്ഷകളെല്ലാം സംശയത്തിന്റെ നിഴലിലായി.
കാലങ്ങളായി പരീക്ഷാ സംവിധാനത്തെയാകെ അട്ടിമറിക്കുന്ന തരത്തില്‍ കോളേജിലും സര്‍വകലാശാലയിലും വലിയൊരു ശൃംഖല പ്രവര്‍ത്തിക്കുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. എസ്എഫ്ഐക്ക് ആധിപത്യമുള്ള കോളേജുകളില്‍ പരീക്ഷകള്‍ നടന്നത് സുതാര്യമായിട്ടായിരുന്നില്ല എന്നു വ്യക്തമായി. ഒന്നാം പ്രതിയും യൂണിവേഴ്സിറ്റി കോളേജ് എസ്എഫ്ഐ യൂണിറ്റ് മുന്‍ പ്രസിഡന്റുമായ ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്ന് പരീക്ഷാപേപ്പറുകള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് മുറിയില്‍നിന്ന് കെട്ടുകണക്കിന് പരീക്ഷാ പേപ്പറുകളും അധ്യാപകന്റെ സീലും കണ്ടെത്തിയത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.
സര്‍വകലാശാലയില്‍ അതീവ സുരക്ഷയോടെ കൈകാര്യം ചെയ്യേണ്ട പേപ്പറുകളാണ് പെട്ടിക്കടയിലെ പേപ്പ വില്‍പ്പന പോലെ ഇടിമുറിയില്‍നിന്ന് കണ്ടെടുത്തത്. പരീക്ഷാപേപ്പറുകള്‍ എസ്എഫ്ഐക്കാരുടെ ഓഫീസുകളിലോ വീടുകളിലോ സൂക്ഷിച്ച ശേഷം പരീക്ഷാസമയങ്ങളില്‍ നേതാക്കള്‍ക്കും ഇവരുടെ അഭ്യുദയകാംഷികള്‍ക്കും നല്കി പരീക്ഷ എഴുതിപ്പിക്കുന്നു എന്നാണ് തെളിയുന്നത്. പരീക്ഷാകേന്ദ്രങ്ങളില്‍ ഇതിന് പ്രത്യേക സംവിധാനം ഉണ്ടെന്നും വ്യക്തമാകുന്നു. നേതാക്കള്‍ക്ക് പുറത്ത് നിന്നും ഉത്തരങ്ങള്‍ എഴുതി നല്‍കുകയോ അല്ലെങ്കില്‍ ചോദിക്കാവുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ വീട്ടില്‍നിന്ന് എഴുതിക്കൊണ്ടുവന്ന് പരീക്ഷാഹാളില്‍ വച്ച് പകര്‍ത്തി എഴുതുകയോ ചെയ്യുന്നു എന്നാണ് വ്യക്തമാകുന്നത്.
പരീക്ഷാസമയം സര്‍വകലാശാലയുടെ 250 കേന്ദ്രങ്ങളില്‍ പരീക്ഷാ പേപ്പറുകള്‍ എത്തിക്കും. പരീക്ഷാ നടത്തിപ്പ് പൂര്‍ണ്ണമായ ശേഷം ബാക്കി തിരികെ ഏല്‍പ്പിക്കണം. എത്ര ഉപയോഗിച്ചു എന്ന് പരിശോധിച്ച് ബാക്കിയുള്ളവ എക്സാമിനേഷന് കണ്‍ട്രോളറെ തിരികെ ഏല്‍പ്പിക്കണം. ഇതില്‍ സര്‍വകലാശാല മനപ്പൂര്‍വ്വം വീഴ്ച വരുത്തി എന്ന് വ്യക്തം. ക്ലാസില്‍ കയറാതെ കറങ്ങിനടക്കുന്ന നിരവധി എസ്എഫ്ഐ നേതാക്കള്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഇവരുടെ എസ്എസ്എല്‍സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചാല്‍ മിനിമം മാര്‍ക്കില്‍ ജയിച്ചവരായിരിക്കും.
എന്നാല്‍ ഉന്നതവിജയം കരസ്ഥമാക്കിയവരെക്കാള്‍ മുന്നിലായിരിക്കും കേരള സര്‍വകലാശാല പരീക്ഷകളില്‍ ഇവരുടെ മാര്‍ക്ക്. പോലീസിന്റെ ഭാഗത്തുനിന്നും അന്വേഷണം പ്രഹസനം നടക്കുകയാണെന്നാണ് പരക്കെ പരാതി. ക്രൈംബ്രാഞ്ച് അന്വേഷണം കൊണ്ട് മാത്രം പ്രശ്നം തീരില്ല. ഉന്നതകരങ്ങള്‍ ഈ തട്ടിപ്പിന് പിന്നിലുണ്ട്. ക്രമക്കേടുകളിലൂടെ വിജയിച്ചവര്‍ ഉന്നതസ്ഥാനത്തുണ്ട്. എല്ലാം ഭംഗിയായി നടക്കുന്നു എന്ന മുഖ്യമന്ത്രിയുടെ ഭാഷ്യം പ്രതികളെ രക്ഷിക്കാനാണ്. ഇപ്പോള്‍ എസ്എഫ്ഐ അഡ്ഹോക്ക് കമ്മിറ്റിയുണ്ടാക്കി. ഇടിമുറി ക്ലാസ് റൂമാക്കി. പ്രിന്സിപാളിനെ നിയമിച്ചു. ഇതെല്ലാം ഇരുട്ടുപരത്തി ഓട്ട അടയ്ക്കാനുള്ള നീക്കമാണ്. ഇത് അനുവദിച്ചുകൂടാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: