Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘എനിക്കും മകനും ജീവിക്കണം, അങ്ങയുടെ പാര്‍ട്ടി അനുവദിക്കില്ലേ; ഞങ്ങളുടെ ജീവനെടുക്കരുത്’; മുഖ്യമന്ത്രിയ്‌ക്ക് എം.എം ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സ് എഴുതിയ കത്തിന്റെ പൂര്‍ണരൂപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2019, 09:55 pm IST
in Kerala

കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ബഹുമാനപ്പെട്ട പിണറായി വിജയന്

സ്‌നേഹപൂര്‍വം

സര്‍,

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും വ്യവസായ മന്ത്രിയുടെയും സഹായത്താല്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ സിഡ്‌കോയില്‍ കരാര്‍ ജോലി ലഭിച്ച വ്യക്തിയാണ് ഞാന്‍. ധാരാളം പേര്‍ക്ക് ഇതേ സ്ഥാപനത്തില്‍ ജോലി ലഭിച്ചിരുന്നു. ഭൂരിപക്ഷം പേരും ജോലി സ്ഥിരപ്പെടുത്തിയെടുക്കുകയും ചെയ്തു. അവരില്‍ സിപിഐ നേതാക്കന്മാരുടെ ബന്ധുക്കളും സിപിഎംകാരുടെ ബന്ധുക്കളും ഉണ്ട്.

ജോലി തന്നു സഹായിച്ചവരോട് സ്വാഭാവികമായും നന്ദിയും കടപ്പാടും ഉണ്ട്.

എന്നിട്ടും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തെ എല്‍ഡിഎഫിന്റെ  ‘പരസ്യം’ ഭയങ്കരമായിആകര്‍ഷിച്ചു. 

”എല്‍ഡിഎഫ് വരും, എല്ലാം ശരിയാകും!’ കേരളം ഏറ്റുപാടിയ പരസ്യ വാചകം.

എല്ലാവരും പ്രതീക്ഷിച്ചു എല്ലാം ശരിയാകും എന്ന്.

എന്താണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ശരിയായത്, ശരിയാക്കിയത്, താങ്കളാണ് ഉത്തരം പറയേണ്ടത്.

”ഭരണത്തിലിരിക്കുമ്പോള്‍ ഏതൊരു നേതാവിനും, പാര്‍ട്ടിക്കും കുറച്ചൊക്കെ തലക്കനം വരും, സ്വാഭാവികമാറ്റമാണത്. 2016 മേയ് മാസത്തിലാണല്ലോ അങ്ങ് ഭരണത്തിലേറുന്നത്. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ ചരിത്രത്തില്‍ മാറ്റങ്ങളേ വരൂ എന്നുറപ്പാണല്ലോ.

അധികാരം കിട്ടുന്നതിന് മുന്‍പ് രണ്ട് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍ എന്നെ പരിഹസിക്കുവാന്‍ തുടങ്ങിയിരുന്നു. ”എല്‍ഡിഎഫ് വരും ഇനി ഉമ്മന്‍ചാണ്ടിയുടെ കെയ്‌റോഫില്‍ വന്നവര്‍ വീട്ടിലിരിക്കും എന്ന്. പറഞ്ഞ രണ്ട് വ്യക്തികളും സിപിഐഎം സിഐടിയു ബന്ധുക്കള്‍.

എല്‍ഡിഎഫ് വന്ന് 3 മാസം കഴിഞ്ഞാണ് കരാര്‍ പുതുക്കി കിട്ടിയത് അത്രയും നാള്‍ ‘വീട്ടിലിരുന്നു!’

തെരഞ്ഞെടുപ്പ് ഫലം വന്ന പിറ്റേന്ന് മേല്‍പ്പറഞ്ഞ വ്യക്തികളില്‍ ഒരാള്‍ (സ്ത്രീയാണേ) എന്നെ ഓഫീസില്‍ വച്ച് തലയ്‌ക്കടിച്ച് പരിക്കേല്‍പ്പിച്ചു. മറ്റേ വ്യക്തി ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തു. കേസ് കോടതിയിലായത് കാര്യം വിശദാംശങ്ങളിലേയ്‌ക്ക് കടക്കുന്നില്ല. താങ്കള്‍ക്ക് അറിവുള്ള കാര്യമാണ്. 

2017-ല്‍ ഞാനും മകളും നേരില്‍ വന്ന് ഞങ്ങളുടെ ബുദ്ധിമുട്ടുകളെല്ലാം ബോധിപ്പിച്ചിരുന്നു.

എന്നെ തലയ്‌ക്കടിച്ച വ്യക്തി 21-05-2016 ന് പറഞ്ഞത് ഞാന്‍ അലവലാതി സഖാക്കളേയെ കണ്ടിട്ടുള്ളൂ എന്നാണ്. 2016-ല്‍ താങ്കള്‍ അധികാരത്തില്‍ വന്നതിനുശേഷം നേരില്‍ക്കണ്ട് പരാതികളും പരിഭവങ്ങളും പറയണമെന്നുണ്ടായിരുന്നു. അനുവാദം കിട്ടുമോ എന്ന സന്ദേഹം. ഗൗരവക്കാരനായ താങ്കളെ ഞാന്‍ മുന്‍പ് കണ്ടിട്ടുണ്ട് 2005-ലും 2007-ലും. 2016 മുതല്‍ താങ്കളുടെ ഗൗരവത്തെപ്പറ്റി കൂടുതല്‍ വാര്‍ത്തകളാണ് വായിച്ചിരുന്നത്. എനിക്ക് പറയാനുള്ളതാണെങ്കില്‍ സിപിഐഎംകാരെ പറ്റിയുള്ള പരാതികളും ഉണ്ട്.

രണ്ടും കല്‍പ്പിച്ചു കാണാന്‍ വന്നു. വരുന്നതിനു മുന്‍പ് എം.വി. ജയരാജനെ വിളിച്ചു ഉറപ്പ് വാങ്ങിയിരുന്നു. മുഖ്യമന്ത്രിയെ കാണാനുള്ള അനുവാദം.

എന്റെയും മകളുടെയും സംശയങ്ങളും ഭയങ്ങളും പാടേ മാറ്റിത്തന്ന തെളിഞ്ഞ ചിരിയോടെയാണ് താങ്കള്‍ ഞങ്ങളെ സ്വീകരിച്ചത്. പറയാനുള്ളത് മുഴുവനും പറഞ്ഞു താങ്കള്‍ ക്ഷമയോടെ ചിരിയോടെ കേട്ടു.

എന്നെ അടിച്ചു പരിക്കേല്‍പ്പിച്ചത് പറഞ്ഞപ്പോള്‍ ”എന്നായിരുന്നു സംഭവം” എന്ന് ചോദിച്ചു മനസ്സിലാക്കി. സ്ത്രീകള്‍ അപമാനിക്കപ്പെടുമ്പോള്‍ പ്രതികരിച്ചാല്‍ വീണ്ടും അപമാനിക്കപ്പെടുകയാണ് പതിവെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അങ്ങ് ശരിയാണ് എന്ന് പറയുകയും മുഖം ഗൗരവത്തിലാവുകയും ചെയ്തു.

ഞാന്‍ ”അലവലാതി സഖാക്കളേയെ കണ്ടിട്ടുള്ളൂ” എന്ന് സഹപ്രവര്‍ത്തക പറഞ്ഞത് കേട്ടപ്പോള്‍ താങ്കളുടെ ചിരി കൂടുതല്‍ ഭംഗിയുള്ള ‘തമാശ’ കേട്ട് ആസ്വദിച്ചുള്ള ചിരിയായി, ഞങ്ങളും ചിരിച്ചു.

ഞാന്‍ എഴുതി കൊണ്ടു വന്ന പരാതി മകളാണ് താങ്കള്‍ക്ക് കൈമാറിയത്. അത് മുഴുവന്‍ വായിച്ചു നോക്കിയിട്ട് പിന്‍ചെയ്യാതെ കൊണ്ടുവന്നതിന് ശാസിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യാതെ അവിടെ നിന്ന ജീവനക്കാരനെ ഏല്‍പ്പിക്കാതെ അങ്ങ് സ്വന്തമായി അത് പിന്‍ എടുത്ത് പിന്‍ ചെയ്യുന്നത് കണ്ട് ഞാന്‍ അതിശയിച്ചുപോയി. കുറ്റബോധവും തോന്നി, അക്കാര്യത്തില്‍ ശ്രദ്ധിക്കാതിരുന്നതില്‍.

കുറച്ചുകൂടെ ഗൗരവമുള്ള കാര്യങ്ങള്‍ അങ്ങയോട് മാത്രം പറയണമെന്നുണ്ടായിരുന്നു എനിക്ക് അങ്ങയുടെ ജീവനായ സിപിഐഎം അനുഭാവിയാകാനേ തരമുള്ളൂ. എന്നിരുന്നാലും പുറത്തുനിന്ന് ആരും അനാവശ്യമായി കേട്ട് അതിനൊരു മുതലെടുപ്പ് പില്‍ക്കാലത്ത് നടത്തുമോ എന്ന സംശയത്താല്‍ ഞാന്‍ പറഞ്ഞില്ല, അതില്‍ വിഷമവും ഉണ്ടായിരുന്നു. അങ്ങ് ഞങ്ങളെ സ്‌നേഹവാത്സല്യത്തോടെ യാത്രയാക്കി. ഞാനും മകളും നിറഞ്ഞ മനസ്സോടെ, കൂടുതല്‍ ധൈര്യത്തോടെ വല്യ ഗമയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും ഇറങ്ങിയത്. ”എല്ലാം ശരിയാകും, എല്ലാത്തിനും പരിഹാരം ഉണ്ടാകും” എന്ന് ഞങ്ങള്‍ പരസ്പരം പറഞ്ഞു.

ഞാന്‍ മകളോടും മകള്‍ എന്നോടും കൂടെ കൂടെ പരസ്പരം പറഞ്ഞു ‘ശ്ശൊ’ നേരത്തെ തന്നെ വന്ന് കാണാമായിരുന്നു. പേടിക്കേണ്ട കാര്യമൊന്നുമില്ലായിരുന്നു. പണ്ട് പാര്‍ട്ടി സെക്രട്ടറി മാത്രമായിരുന്നല്ലോ, മാര്‍ക്‌സിസ്റ്റുകാര്‍ക്ക് അല്ലെങ്കില്‍ തന്നെ ഗൗരവം ആവശ്യത്തില്‍ കൂടുതലാണല്ലോ, ഇപ്പോള്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയല്ലേ. ‘പാര്‍ട്ടിക്കാരന്റെ ഗൗരവം ഒന്നും വേണ്ടല്ലോ’ ഈ പത്രക്കാരും ചാനലുകാരും കൂടെ നമ്മളെ പറഞ്ഞു ഭയപ്പെടുത്തിയിട്ടല്ലേ, ഇത്രയും നാള്‍ കാണാതിരുന്നത് എന്നൊക്കെയായി സംസാരം.

ഓഫീസില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. 2016 മേയ് മാസം 2-ാം തീയതി നടന്ന ‘വിജിലന്‍സ് റെയ്ഡില്‍’ പിടിക്കപ്പെട്ടവരും ‘ഭാഗ്യം’കൊണ്ട് പിടിക്കപ്പെടാതിരുന്നവരും എനിക്കെതിരെ തിരിഞ്ഞിരുന്നു. റെയ്ഡിന് പിന്നില്‍ ഞാന്‍ ആയിരുന്നു എന്ന് കരുതിക്കൊണ്ട്.

ബന്ധു നിയമന വിവാദം വന്നപ്പോള്‍ എന്റേത് ബന്ധുനിയമനം ആണ് എന്ന് പറഞ്ഞു കോഴിക്കോട് നഗരത്തില്‍ ഓഫീസിന്റെ മുന്നില്‍ ഫ്‌ളെക്‌സ് വച്ച് അപമാനിച്ചു, ഞാന്‍ സിഡ്‌കോയില്‍ വന്‍ അഴിമതി നടത്തുകയാണ് എന്നെല്ലാം ആരോപണം ഉണ്ടായിരുന്നു. പൊതുജനം പ്രതികരിക്കണമെന്ന ആഹ്വാനവും ഉണ്ടായിരുന്നു. പോലീസില്‍ പരാതിപ്പെട്ടു, സത്യസന്ധമായ അന്വേഷണം നടന്നില്ല, കസബ സിഐ ആവശ്യപ്പെട്ടത് ‘മാനേജര്‍ കൃഷ്ണദാസി’ നെ ഒഴിവാക്കാന്‍ സാധിക്കില്ലേ എന്നാണ്. ആരെയും ഒഴിവാേക്കണ്ടവരല്ലാത്തതുകൊണ്ട് പരാതിയില്‍ ഉറച്ച് നിന്നു. അറസ്റ്റ് ഇന്ന്, നാളെ ഇങ്ങനെ പറഞ്ഞ് വഞ്ചിച്ചു നീട്ടിക്കൊണ്ടുപോയി അവസാനം തെളിവില്ലെന്ന് പറഞ്ഞ് കേസ് തീര്‍പ്പാക്കി.  ഫ്‌ളെക്‌സ് കസ്റ്റഡിയില്‍ എടുത്തില്ല. സിസിടിവി ക്യാമറ പരിശോധിച്ചില്ല. ഫ്‌ളെക്‌സ് പ്രിന്റ് ചെയ്ത സ്ഥാപനം കണ്ടുപിടിച്ചില്ല, എല്ലാം ‘അവര്‍’ നടപ്പാക്കി, ”എല്ലാം ശരിയാക്കി”!

മറന്നുപോയി എന്നെ തലയ്‌ക്കടിച്ച് പരിക്കേല്‍പ്പിച്ച വ്യക്തി ഞാന്‍ അവരെ കസേരകൊണ്ട് അടിച്ചു എന്ന് കള്ളപ്പരാതി കൊടുത്ത് ‘പാര്‍ട്ടി സ്വാധീനം’വഴി കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയില്‍ ‘കിടന്നു’ രണ്ടു മൂന്നു ദിവസം!!!

അടികൊണ്ട് ഞാന്‍ വീട്ടിലും, ആശുപത്രിയില്‍ കൂടെ നില്‍ക്കാന്‍ ആരുമില്ലായിരുന്നു, ‘നാടകം’ നടത്തേണ്ട കാര്യവുമില്ലായിരുന്നു. വേദന മാറാതെ ‘ഗവണ്‍മെന്റ്’ ആശുപത്രിയിലെ ചികിത്സയില്‍ നേതാക്കന്മാര്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും വിശ്വാസ കുറവുണ്ടല്ലോ. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സാമ്പത്തിക സാഹയം നല്‍കിയത് ‘ഉമ്മന്‍ചാണ്ടി’ ആയിരുന്നു. അപകീര്‍ത്തി കേസ് നടത്താന്‍ കോടതി അനുവദിച്ചു, ‘സാക്ഷികളെ’ ഞാന്‍ കണ്ടെത്തണം, എനിക്ക് പാര്‍ട്ടി സ്വാധീനം ഇല്ല, സാമ്പത്തികശേഷിയില്ല, സാക്ഷികളെ ‘ഇറക്കുമതി’  ചെയ്യാന്‍. കേസ് തള്ളുമല്ലോ!

അങ്ങനെ അതും ശരിയായി, എല്‍ഡിഎഫ് വന്നു എല്ലാം ശരിയായി…..

2018-ല്‍ അപേക്ഷ കൊടുത്തു തിരുവനന്തപുരത്തേക്ക് വന്നു. അറിഞ്ഞവര്‍, പറഞ്ഞു നല്ല കാര്യം മുഖ്യമന്ത്രിയൊക്കെ ഉണ്ടല്ലോ അടുത്ത്. കുടുതല്‍ സുരക്ഷിതത്വം കിട്ടും. എന്ത് ഉണ്ടായാലും ഓടിച്ചെല്ലാമല്ലോ എന്നൊക്കെയായി. 

എല്ലാം ശരിയായി എന്ന് ഞാനും മക്കളും കരുതി. പക്ഷേ കാത്തിരുന്നത് കൂടുതല്‍ അപകടകാരികളായിരുന്നു. എല്ലാവര്‍ക്കും അറിയാം ഞാന്‍ വിവാഹമോചിതയാണ് എന്നത്. യാതൊരു  അനുകമ്പയും എനിക്ക് ലഭിച്ചിട്ടില്ല. പകരം അപഹാസവും അപമാനിക്കലും മാത്രം. 

താങ്കളുടെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ അടുത്ത ബന്ധുവിന്റെ നേതൃത്വത്തിലായിരുന്നു ഈ ഓഫീസിലെ ‘പീഡനങ്ങള്‍.’

ഇതിനിടയില്‍ എന്റെ മകന്‍ താങ്കളെ കാണാന്‍ വന്നു. അവന്‍ ആരോടും ‘ബന്ധം’ ഒന്നും പറഞ്ഞില്ല. ഞാന്‍ സ്ഥലത്തില്ലായിരുന്നു, താങ്കള്‍ക്ക് തരുവാന്‍ നീണ്ട കത്തും കൊടുത്തുവിട്ടിരുന്നു.

താങ്കളെ കാണുവാന്‍ അങ്ങനെയൊന്നും പറ്റില്ലന്നാണ് പുറത്ത് നിന്നിരുന്ന ഉദ്യോഗസ്ഥര്‍ അവനോട് പറഞ്ഞത്.

മകന്‍ എന്നെ വിളിച്ചു പറഞ്ഞു, ഞാന്‍ എം.വി. ജയരാജനെ വിളിച്ച് സഹായം ചോദിച്ചു, അദ്ദേഹം ഇടപെട്ടപ്പോള്‍ പെട്ടെന്ന് അവന് അനുവാദം ലഭിച്ചു. കത്ത് കാണണമെന്നായി കാവല്‍ക്കാരന്‍. കുടുംബകാര്യമാണ് എന്ന് പറഞ്ഞിട്ടും അദ്ദേഹം നിര്‍ബന്ധപൂര്‍വം ഒന്ന് വായിച്ചു നോക്കി, ‘പെട്ടെന്ന് ഇറങ്ങിക്കോളണം’ എന്ന് നിര്‍ദ്ദേശിച്ചു. അകത്തേയ്‌ക്ക് പോകാന്‍ അനുവദിച്ചു. അങ്ങ് അങ്ങേയറ്റം വാത്സല്യം ആണ് അവനോട് പ്രകടിപ്പിച്ചത് എന്നവന്‍ പറഞ്ഞു, അങ്ങയെ കണ്ടതിലെ സന്തോഷം, അഭിമാനം, അങ്ങില്‍നിന്നും ലഭിച്ച കരുതല്‍, സ്‌നേഹം, ഉറപ്പ് എല്ലാം അവന്റെ സ്വരത്തിലുണ്ടായിരുന്നു.

എന്നോടവന്‍ ചോദിച്ചു ‘താന്‍ അഞ്ചാമത്തെ പേജില്‍ എന്താണ് എഴുതിയിരുന്നത് എന്ന്, ഞാന്‍ പറഞ്ഞു എനിക്കോര്‍മയില്ല, നോക്കണം, എന്താ കാര്യമെന്ന്, അഞ്ചാമത്തെ പേജ് വായിച്ച് കഴിഞ്ഞ് താങ്കള്‍ തലയുയര്‍ത്തി അവനോട് ചായ കുടിച്ചോ എന്ന് ചോദിച്ചു എന്ന് പറഞ്ഞു, ഞാന്‍ ചിരിച്ചുപോയി, ഞാന്‍ പറഞ്ഞു, എന്തായാലും നീ ചായ കുടിച്ചിട്ടില്ല, ചായ കൊടുക്കണേ എന്ന് ഞാന്‍ എഴുതിയിട്ടില്ല എന്ന് പറഞ്ഞു.

ഞാനും മകളും വന്നപ്പോള്‍ മറ്റൊരാളിന്റെ സാന്നിധ്യംകൊണ്ട് പറയാതിരുന്ന കാര്യങ്ങള്‍ ഞാനീ കത്തില്‍ എഴുതിയിരുന്നല്ലോ. എന്റെ മകനോടും താങ്കള്‍ ഉറപ്പ് നല്‍കി. പേടിക്കണ്ട, നീ നമ്മുടെ ആളല്ലേ എന്നൊക്കെ താങ്കള്‍ പറഞ്ഞതായി അവന്‍ പറഞ്ഞു. 

ഞങ്ങള്‍ക്ക് വീണ്ടും വിശ്വാസമായി, പ്രതീക്ഷയായി, വിഷമങ്ങള്‍ മാറുമെന്ന്.

പക്ഷേ എല്ലാവരും ചേര്‍ന്ന് ഞങ്ങളെ കൂടുതല്‍ വിഷമത്തിലാക്കി എന്നതാണ് സത്യം.

എന്റെ മകന്‍ ശബരിമല സമരത്തില്‍ പങ്കെടുത്തു. 

അതിന് ശിക്ഷ കിട്ടിയത് എനിക്ക്.

അവന് പോകാനുള്ള സ്വാതന്ത്ര്യം ഉണ്ട്, അത് അനുവദിക്കാനുള്ള സ്വാതന്ത്ര്യമേ എനിക്കീ രാജ്യത്തെ നിയമം തന്നിട്ടുള്ളൂ. 

പതിനേഴര വയസ്സുകാരനായിരുന്നു ഡിസംബര്‍ 30 ന് എന്റെ മകന്‍. ഇക്കഴിഞ്ഞ 11-ാം തീയതി അവന്‍ 18 കാരനായി.

എന്താണ് പതിനേഴരയ്‌ക്കും പതിനെട്ടിനും ഇടയിലുണ്ടാവുന്ന കാര്യപ്രാപ്തി.

അവന്‍ നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്നോട് ആവശ്യപ്പെട്ടതാണ് ‘ശബരിമലയില്‍’ പോകണമെന്ന്. അന്നുതൊട്ട് അതിനുള്ള തയ്യാറെടുപ്പ് തുടങ്ങിയതാണവന്‍.

അവന്റെ വിശ്വാസ പ്രഖ്യാപനമാണ് അന്ന് നടത്തിയത്, രാഷ്‌ട്രീയ പ്രഖ്യാപനമല്ല.

അവന്‍ പോയത് കഞ്ചാവ് വില്‍പ്പനക്കാരുടെ കൂടെയല്ല, കള്ളക്കടത്തുകാരുടെ കൂടെയല്ല, സ്ത്രീ പീഡകരുടെയും കൂടെയല്ല. അങ്ങനെയായിരുന്നുവെങ്കില്‍ അവനെ എന്റെ കയ്യില്‍ കിട്ടിയ ദിവസം മുതല്‍ അവന് വേണ്ടി മാത്രം ജീവിച്ച, ജീവിക്കുന്ന ഈ അമ്മ എന്നേയ്‌ക്കുമായി വാതില്‍ കൊട്ടി അടയ്‌ക്കുമായിരുന്നു. നിയമത്തിന്റെ മുന്‍പില്‍ ഏല്‍പ്പിക്കേണ്ട കുറ്റകൃത്യം ചെയ്തിട്ട് വന്ന് അവന്‍ മുന്‍പില്‍ നില്‍ക്കില്ല, അവന് ഒളിത്താവളം ഒരുക്കില്ല ഞാന്‍. അവന് 10 വയസ്സാകുന്നതിന് മുന്‍പേ ഞാന്‍ പറഞ്ഞിട്ടുണ്ട്, ഏതെങ്കിലും ഒരു പെണ്‍കുട്ടിയോ, സ്ത്രീകളോ (മുതിര്‍ന്നവരോ) നീ കാരണം കരയേണ്ടിവന്നാല്‍ അപമാനിക്കപ്പെട്ടാല്‍ അന്ന് തീര്‍ന്നു നമ്മള്‍ തമ്മിലുള്ള ബന്ധമെന്ന്.

സ്ത്രീ ശാക്തീകരണം കേരളത്തിലെ സ്ത്രീകള്‍ക്ക് മാത്രം മതിയോ, അതുകൊണ്ടാണോ, കേരളത്തില്‍ മാത്രം മതിലുകള്‍ പണിതത്, അതിനുവേണ്ടി. അങ്ങ് ദൂരെ ദല്‍ഹിയില്‍ നിന്നും വനിതാ നേതാക്കന്മാരെ ഇറക്കുമതി ചെയ്യേണ്ട കാര്യമുണ്ടോ, ദല്‍ഹി നേതാക്കന്മാരെ കൊണ്ടുവരുന്ന ചെലവുണ്ടെങ്കില്‍ എത്ര അമ്മമാര്‍ക്ക് മക്കള്‍ക്ക് വയറു നിറച്ച് ഭക്ഷണം കൊടുക്കാന്‍ സാധിക്കും.

സ്ത്രീ ശാക്തീകരണം കാസര്‍കോട് മുതല്‍ പാറശ്ശാല വരെ മതില് കെട്ടിയാല്‍ ഉണ്ടാകില്ല, സ്ത്രീകള്‍ക്ക് സംരക്ഷിതമായി കിടന്നുറങ്ങാന്‍ സാധിക്കണം, ഭക്ഷണം, വസ്ത്രം ഉണ്ടാവണം. അതിന് വേണ്ട വരുമാനം ഉണ്ടാകണം.

ഒറ്റയ്‌ക്ക് ജീവിക്കുന്ന എന്നെപ്പോലുള്ള സ്ത്രീകള്‍ക്ക് വേണ്ടത് ഇതൊക്കെയാണ്.

പി.കെ. ശശി, പി. ശശി, ഗോപി കോട്ടമുറിക്കല്‍മാരാണോ പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവര്‍? പരാതിക്കാരികള്‍, വഴക്കാളികള്‍, ധിക്കാരികള്‍, സ്ഥിരം പരാതിക്കാരികള്‍, മാനസിക പ്രശ്‌നമുള്ളവര്‍ എന്തൊക്കെകേള്‍ക്കണം! പി.കെ. ശശിക്കെതിരെയുള്ള ‘പരാതിക്കാരി’ ചെയ്ത ഒരു തെറ്റ് പരാതി കൊടുക്കുവാന്‍ വൈകിപ്പോയി എന്നാണ്. പാര്‍ട്ടിക്കാരനെതിരായി പരാതി നല്‍കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരുമല്ലോ.

ഞാനും മകളും വന്നകണ്ടയന്ന് അങ്ങ് തലയാട്ടി  സമ്മതിച്ച കാര്യമാണ് പരാതിപ്പെട്ടാല്‍ വീണ്ടും അപമാനിക്കപ്പെടുമെന്ന്.

എന്റെ മകന്‍ കൊണ്ടുവന്ന കത്തിലും, ഞാന്‍ താങ്കളുടെ ഭാര്യയുടെ പേരില്‍ ക്ലിഫ് ഹൗസിലേയ്‌ക്ക് അയച്ച കത്തിലും എഴുതിയിരുന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ രണ്ടു മൂന്ന് പാര്‍ട്ടി നേതാക്കന്മാരേയും എന്റെ മകളോടും മകന്‍ അന്ന് ചെറിയ കുട്ടിയാണ്. എന്റെ അദ്ധ്യാപകരോടും അടുത്ത കൂട്ടുകാരിയോടും എല്ലാറ്റിലും ഉപരി ഉമ്മന്‍ചാണ്ടിയോടും ഞാന്‍ പറഞ്ഞിരുന്നു. പാര്‍ട്ടി നേതാക്കന്മാര്‍ എന്നോട് പറയണമായിരുന്നു രേഖമൂലം പരാതി നല്‍കാന്‍, എല്ലാവരും കേട്ടു.  ഉമ്മന്‍ചാണ്ടിയുടെ മകളെ, കുടുംബത്തെ നിയമസഭയില്‍പോലും അപമാനിച്ചപ്പോള്‍ മൈക്ക് ഓഫാക്കിയപ്പോള്‍ എല്ലാവരും പകച്ചുപോയപ്പോള്‍ ആ മനുഷ്യന് പറയാനുണ്ടായിരുന്നു പല കാര്യങ്ങളും. ഞാന്‍ അദ്ദേഹത്തെ വിളിച്ച് ചോദിച്ചു എന്താണ് മിണ്ടാതിരിക്കുന്നതെന്ന്, എന്നോട് പറഞ്ഞു ”ഞാനും അവരും തമ്മില്‍ പിന്നെന്ത് വ്യത്യാസമെന്ന്.”

കാലത്തിന്റെ തിരിച്ചടി കാത്തിരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തെ അപമാനിച്ചവര്‍ക്ക്. കഴിഞ്ഞ ഒക്‌ടോബര്‍ 30-ാം തീയതിക്കുശേഷം പല വിധത്തിലും പല ഭീഷണികളും ഞാനും മകനും നേരിടുകയാണ്. പലരും വിളിച്ചു ചോദിച്ചു ഭയമില്ലേ എന്ന്.  ബഹുമാനപ്പെട്ട ഗവര്‍ണറെ കണ്ട് പരാതി കൊടുത്തതറിഞ്ഞ് വന്ന ഫോണ്‍കോളില്‍ പറഞ്ഞത് ‘പിണറായിയെ കണ്ട് മാപ്പ് പറഞ്ഞില്ലേ’ എന്നാണ്. എന്റെ ജീവിതമാര്‍ഗമായിരുന്ന ജോലി കളയിപ്പിച്ചതിനര്‍ത്ഥം ഒന്ന് മാത്രമാണ്. ജീവിക്കാന്‍ അനുവദിക്കില്ല എന്നുതന്നെ. എനിക്കെതിരെ കള്ള പരാതികളാണ് ഉള്ളത്. 

വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജനെ കണ്ടപ്പോള്‍ പരിഹാസവും പുച്ഛവും മാത്രമായിരുന്നു.

”പാര്‍ട്ടി തീരുമാനമാണ്” എന്നാണ് പറഞ്ഞത്.

ജീവിക്കാന്‍ അനുവദിക്കില്ല എന്നതാണോ, പാര്‍ട്ടി നയം? ജനങ്ങളുടെ, പാവങ്ങളുടെ പാര്‍ട്ടി എന്ന് പറയുന്ന, അവകാശപ്പെടുന്ന പാര്‍ട്ടി ‘പാര്‍ട്ടി തീരുമാനം’ നടപ്പാക്കി.

എനിയ്‌ക്കും എന്റെ മകനും ജീവിക്കണമെങ്കില്‍ ഞാന്‍ ജോലി ചെയ്യണം, അവന്‍ ജോലിക്ക് പ്രാപ്തനാകുന്നത് വരെ അവനെ എനിക്ക് സംരക്ഷിക്കണം.

എന്റെ ജോലിയില്ലാതാക്കിയതിലൂടെ പാര്‍ട്ടി ‘നയം വ്യക്തമാക്കിയിരിക്കുകയാണ്’ ഞങ്ങള്‍ ജീവിക്കാന്‍ അര്‍ഹരല്ല എന്ന്.

ജീവിക്കാനുള്ള എന്റെയും മകന്റെയും അവകാശത്തെയാണ് ഇല്ലായ്‌മ ചെയ്തിരിക്കുന്നത്. മറ്റു മാര്‍ഗമൊന്നും ഇല്ലാതെ ഞങ്ങള്‍ ജീവനൊടുക്കിയാല്‍ അതിന്റെ ഉത്തരവാദിത്വം ‘പാര്‍ട്ടി തീരുമാനം’ ആണ് എന്നുപറഞ്ഞ വ്യവസായ വകുപ്പ് മന്ത്രിയ്‌ക്കും പാര്‍ട്ടി തീരുമാനം നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയ സിപിഐഎം കേരള സംസ്ഥാന സെക്രട്ടറി ശ്രീ കോടിയേരി ബാലകൃഷ്ണനും അതിനുവേണ്ടി സ്വാധീനം ചെലുത്തിയ, കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരിയും സിഡ്‌കോ ജീവനക്കാരിയുമായ ലില്ലിയും അവരുടെ നിര്‍ദ്ദേശപ്രകാരം എനിക്കെതിരെ കള്ളപ്പരാതി എസ്‌സി/എസ്ടി കമ്മീഷനില്‍ നല്‍കിയ പത്മ, എന്നെ ഭീഷണപ്പെടുത്തുകയും അപമാനിക്കുകയും ചെയ്ത എസ്‌സി/എസ്ടി വനിതാ അംഗം അഡ്വ. പി.ജെ. സിജ, പാര്‍ട്ടി നിര്‍ദ്ദേശം നടപ്പാക്കിയ സിഡ്‌കോ എംഡി കെ.ബി. ജയകുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പ്രീത, സെയില്‍സ് എംപോറിയം മാനേജര്‍ നിഷാദ്, മാര്‍ക്കറ്റിങ് ഹെഡ് എബിന്‍, കോഴിക്കോട് സിഡ്‌കോയില്‍ വച്ച് എന്നെ പരിക്കേല്‍പ്പിച്ച സിഐടിയു യൂണിയന്‍ അംഗം അപര്‍ണ, സിഡ്‌കോ ഡ്രൈവര്‍ സുജിഷ്.

എന്റെ പരാതിയില്‍ പറഞ്ഞിരിക്കുന്ന എല്ലാവരും എനിക്കെതിരെ കള്ളപ്പരാതികള്‍ നല്‍കിയ ഷാഹിദ, പത്മ, ഫയാസ് ഇവര്‍ക്കുവേണ്ടിയുള്ള പരാതിയില്‍ ഒപ്പിട്ട 11 പേര്‍ എസ്‌സി/എസ്ടി കമ്മീഷന്‍ അംഗം അഡ്വ. പി.ജെ. സിജ നിര്‍ദ്ദേശിച്ചാല്‍ ഉടന്‍ എഫ്‌ഐആര്‍ ഇട്ടോളാം എന്ന് പറഞ്ഞ പോലീസ് അസി. കമ്മീഷണര്‍ മുതലായവര്‍ ആയിരിക്കും.

ഈ ഗവണ്‍മെന്റിന്റെ ആദ്യ ബജറ്റിലെ വാഗ്ദാനം ആയിരുന്നു വിവാഹമോചിതയ്‌ക്ക് പെന്‍ഷന്‍, വാഗ്ദാനം കേട്ട് അതിനെപ്പറ്റി അന്വേഷിച്ചു ആര്‍ക്കും അറിവില്ല, മന്ത്രി കെ.ടി. ജലീലിനോട് ചോദിച്ചു. അറിയില്ല അദ്ദേഹത്തിനും, ബജറ്റ് അവതരിപ്പിച്ച മന്ത്രിയ്‌ക്ക് അറിയുമോ അതേപ്പറ്റി.

സ്ത്രീ സുരക്ഷിതത്വം പറഞ്ഞ് അധികാത്തിലേറിയാല്‍ പിന്നെ സ്ത്രീപീഡന കഥകളാണ് കേട്ടത് മുഴുവനും. താങ്കളെപ്പോലെ കര്‍ക്കശക്കാരനായ, സ്ത്രീകളോടും കുഞ്ഞുങ്ങളോടും അനുകമ്പയും മാന്യതയുമുള്ള, ശക്തനായ മുഖ്യമന്ത്രിയില്‍നിന്നു മാത്രമല്ല, കരുത്തനായ കമ്യൂണിസ്റ്റുകാരനില്‍നിന്നും ഈ ക്രൂരത ഞാന്‍ വിശ്വസിക്കുന്നില്ല, പാര്‍ട്ടി തീരുമാനം മന്ത്രിസഭാ തീരുമാനമായിരുന്നുവോ, താങ്കള്‍ അറിഞ്ഞാണോ എന്നെ ജോലിയില്‍നിന്നും പിരിച്ചുവിട്ടത്.

വിശ്വസിക്കാന്‍ പറ്റുന്നില്ല ഇപ്പോഴും.

‘എല്‍ഡിഎഫ് വരും എല്ലാം ശരിയാവും’- ഇപ്പോള്‍ ഈ വാചകം എന്റെ ഉറക്കത്തിലും ഉണര്‍വിലും ഭയപ്പെടുത്തുന്നു. എന്നെ പരിഹസിക്കുന്നു, എന്നെ അപമാനിക്കുന്നു. ‘എല്‍ഡിഎഫ് വരും എല്ലാവരേയും ശരിയാക്കും’ എന്നായി അല്ലേ. താങ്കള്‍ക്ക് ഒരു മകളുണ്ടല്ലോ, അപ്പോള്‍ ഒരു മകളുടെ സുരക്ഷിതത്വത്തെപ്പറ്റി, പാര്‍ട്ടി സെക്രട്ടറിയേക്കാള്‍ കരുതല്‍ ഉണ്ടാവുമല്ലോ. പാര്‍ട്ടി സെക്രട്ടറിക്ക് ആണ്‍മക്കള്‍ മാത്രമല്ലേ ഉള്ളൂ, അപ്പോള്‍ പെണ്‍മക്കളുടെ ജീവിതത്തെപ്പറ്റി കൂടുതല്‍ അറിവുണ്ടാവണമെന്നില്ല.

ഒരു പെണ്‍കുട്ടി വളര്‍ന്നുവരുന്ന ചുറ്റുപാടില്‍നിന്നും 100 ശതമാനം വ്യത്യസ്തമായ ജീവിതമാണ് വിവാഹശേഷം ലഭിക്കുന്നത്. അവിടെ പൊരുത്തപ്പെടാന്‍ ശ്രമിക്കും, ചിലര്‍ വിജയിക്കും ചിലര്‍ പരാജയപ്പെടും. അവിടെനിന്നും മക്കളുടെ കൈയുംപിടിച്ച് ജീവിതത്തെ നോക്കി പകച്ചുനില്‍ക്കേണ്ടിവരുന്ന സ്ത്രീകള്‍ ഏത് സാഹചര്യത്തിലും മക്കളെ കൈവിടില്ല, അവസാനം വരെ. പൊരുതും, കഷ്ടപ്പെടും, അവിടെ താങ്ങായി നില്‍ക്കേണ്ടവര്‍ ഉള്ള ബലംകൂടി ഇല്ലാതാക്കരുത്.

സംരക്ഷിക്കേണ്ട കരങ്ങള്‍ ആക്രമിക്കാന്‍, ജീവനെടുക്കാന്‍ നീളരുത്.

എനിയ്‌ക്ക് താങ്ങായി ചാരിനില്‍ക്കാന്‍ ഉണ്ടായിരുന്നതാണ് എന്റെ ജോലിയെന്ന ‘മതില്‍.’ അത് ‘പാറട്ടി തീരുമാന’മെന്ന ജെസിബി വച്ച് ഇടിച്ചുനിരത്തി (പാര്‍ട്ടിയുടെ രീതിയില്‍ വെട്ടിനിരത്തല്‍) പാര്‍ട്ടി നേതാക്കന്മാര്‍, അതേ ജെസിബിവച്ച് എനിയ്‌ക്ക് കിടക്കാന്‍ ഒരു കുഴിമാടം കൂടി തയ്യാറാക്കിവയ്‌ക്കണം. പാര്‍ട്ടി തീരുമാനം എടുത്തവരും നടപ്പാക്കിയവരും ചേര്‍ന്ന്.

സ്തുതിപാഠകരെയും അശ്ലീലപ്രദര്‍ശനം ഓഫീസില്‍ നടത്തുന്നവരെയും മദ്യപിച്ച് ഓഫീസില്‍ വരുന്നവരെയും, പിന്‍വാതില്‍ നിയമനം നേടി, കസേര ഉറപ്പിച്ച് അതില്‍ ഇരുന്ന് അഴിമതികളും അനധികൃത ഇടപാടുകളും നടത്തുന്നവരെയും, അശ്ലീലസംസാരം നടത്തുന്നവരെയും, സിഡ്‌കോ എംഡിയെ മോശം വാക്ക് ഉപയോഗിച്ച് അഭിസംബോധന നടത്തുന്നവരേയും സംരക്ഷിക്കാനാണോ എല്‍ഡിഎഫ് അധികാരത്തില്‍ വന്നത്, എല്ലാം ശരിയാകും എന്ന് പറഞ്ഞത്? ഞാന്‍ നാല് എംഡിമാരുടെ കീഴില്‍ ജോലി ചെയ്തിട്ടുണ്ട്. നിലവിലെ എംഡിയ്‌ക്കെതിരെ സിഡ്‌കോയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥ സെക്ഷ്വല്‍ ഹറാസ്‌മെന്റ് കേസ് നടത്തുന്നുണ്ട്. മാര്‍ക്കറ്റിംഗ് ഹെഡിനെതിരെയും പോലീസ് റിപ്പോര്‍ട്ട് കേസ് ജെന്യുവിന്‍ ആണ് എന്നാണ്. കേസ് ക്വാഷ് ചെയ്യാന്‍ ഹൈക്കോടതി അനുവദിച്ചിട്ടില്ല. പക്ഷേ ഇരുവരും അധികാരക്കസേരയില്‍ വാഴുകയാണ്. പാര്‍ട്ടി നോമിനിയാണല്ലോ എംഡി. അപ്പോള്‍ അദ്ദേഹത്തെ സംരക്ഷിച്ച് എല്ലാം ശരിയാക്കണമല്ലോ. ആശ ലോറന്‍സ് ആരാണ് ഇത്ര ചര്‍ച്ച ചെയ്യുവാന്‍ എന്നാണ് നവംബര്‍ ഒന്നിന് ചാനലിലൂടെ എംഡി ചോദിച്ചത്. ആശ ലോറന്‍സ് ഡെയ്‌ലി വേജര്‍ ആണ്. എന്താണ് ഇത്ര ചര്‍ച്ച ചെയ്യുവാന്‍? അദ്ദേഹത്തിന്റെ ചോദ്യത്തില്‍ അമര്‍ഷവും ദേഷ്യവുമൊക്കെയായിരുന്നു. 

ശരിയാണ് ആശ ലോറന്‍സ് ആരാണ് എന്ന ചോദ്യം. ഞാനീ രാജ്യത്തെ ഒരു പൗരയാണ്. മറ്റുള്ളവരെപ്പോലെ ജീവിക്കാന്‍, സുരക്ഷിതമായി ജീവിക്കാന്‍ എനിക്കുമുണ്ട് അവകാശം. പട്ടാപ്പകല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് തൊട്ടടുത്തുള്ള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനത്തില്‍ സുരക്ഷിതത്വത്തിനുവേണ്ടി പോലീസിനെ വിളിക്കേണ്ടിവന്നു എനിക്ക്. എന്തുണ്ട് അങ്ങയ്‌ക്ക് മറുപടി. ‘പാര്‍ട്ടിയിലെ ഉന്നത ബന്ധു സ്വാധീനം കാരണം, വന്ന പോലീസ് ഉദ്യോഗസ്ഥന്‍ കന്റ്റോണ്‍മെന്റ് എസ്‌ഐ ഷാജി എന്നെ അപമാനിച്ചാണ് സംസാരിച്ചത്. പരാതി കൊടുത്തു, പതിവ് മറുപടിയും ലഭിച്ചു, എസ്‌ഐയുടെ ഭാഗത്തുനിന്നും വീഴ്ചയില്ല! വീണത് ഞാനാണ് സാര്‍, വീഴ്ച പറ്റിയത് എനിക്കാണ് സാര്‍. താങ്കള്‍ കര്‍ശന നടപടി എടുക്കുമെന്നായിരുന്നു എന്റെ വിശ്വാസം. എംഡിക്കെതിരെ പരാതി നല്‍കിയത് ഡെയ്‌ലി വേജര്‍ (ദിവസ വേതനക്കാരന്‍) അല്ല കേട്ടോ. സ്ഥിരം സ്റ്റാഫ് ആണ്. സിഡ്‌കോയുടെ ചരിത്രത്തിലെ ആദ്യത്തെ കേസാവും അത്. എംഡിയ്‌ക്കെതിരെ പീഡന പരാതി. അവര്‍ക്ക് നീതി കിട്ടുമോ? കിട്ടിയാല്‍ അത്ഭുതമായിരിക്കും. താങ്കളുടെ മകളുടെ നേരെയാണ് അപമാനശ്രമമെങ്കില്‍ താങ്കളുടെ നിലപാട് എന്തായിരിക്കും.

ഉന്നതരുടെ കുടുംബങ്ങളിലുള്ളവര്‍ മാത്രം സുരക്ഷിതരായി ജീവിച്ചാല്‍ മതിയെന്നാണോ പാര്‍ട്ടി തീരുമാനം? ഡിവൈഎഫ്‌ഐ പരാതിക്കാരിക്കും കിട്ടിയില്ലല്ലോ നീതി?

ലുലു ഗ്രൂപ്പ് എറണാകുളത്ത് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് പറഞ്ഞു എനിക്ക് അവിടെ ഒരു ജോലി തരുവാന്‍ പറയണമെന്ന്. അദ്ദേഹം ശ്രീ യൂസഫലിയോട് പറഞ്ഞു, അദ്ദേഹം സമ്മതിക്കുകയും ചെയ്തു.

എല്ലാം തീരുമാനിച്ച് (പോസ്റ്റ് ആന്‍ഡ് സാലറി) പറയാമെന്ന് തീരുമാനിച്ച ദിവസം ഉമ്മന്‍ചാണ്ടിയുടെ നേരെ യൂസഫലി കാണിച്ചത് ഒരു പത്രവാര്‍ത്തയാണ്. എന്റെ അപ്പനും സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയും ലുലു ഗ്രൂപ്പിനെതിരെ നടത്തുന്ന പ്രസ്താവനകള്‍, പരാതികള്‍. സ്വാഭാവികമായിട്ടും അദ്ദേഹത്തിന് ഇഷ്ടക്കേടായി, അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുന്ന ഒരാളിന്റെ മകള്‍ക്ക് എങ്ങനെ ജോലി കൊടുക്കും. ഈ ചോദ്യത്തിന് ഉമ്മന്‍ചാണ്ടിക്ക് മറുപടി ഇല്ലായിരുന്നു. എന്നോട് ഈ വിവരം പറയാന്‍ അദ്ദേഹം വല്ലാതെ വിഷമിക്കുന്നുണ്ടായിരുന്നു. പിന്നീട് നടന്നതാണ് തമാശ.

എന്റെ അപ്പന്‍ മാത്രമായി യൂസഫലിക്കെതിരെ, പാര്‍ട്ടി യൂസഫലിക്കൊപ്പമായി. എങ്ങനെ, എന്തുകൊണ്ട് എന്ന് രണ്ടുകൂട്ടര്‍ക്കും മാത്രം അറിയാവുന്ന കാര്യമാണ്. എനിക്ക് രാഷ്‌ട്രീയമില്ല. അത് കോളേജ്തലം മുതല്‍ തൊട്ടേയുള്ള താല്‍പര്യമില്ലായ്‌മയാണ്. ദൈവവിശ്വാസിയാണ്, മതവിശ്വാസം കുറഞ്ഞുവരുന്നു.

എന്റെ മുന്‍പില്‍ എന്റെ ജീവിതമാണ്, എന്റെ മകന്റെ ജീവിതമാണ്, എന്റെ മകന്റെ ജീവിതം എന്റെ മാത്രം ഉത്തരവാദിത്തമാണ്. ആരാണ് എന്റെയും മകന്റെയും ജീവിതം സുരക്ഷിതമല്ലാതാക്കിയത് എന്ന് സിപിഐഎം പാര്‍ട്ടി സെക്രട്ടറിക്കറിയാം, താങ്കള്‍ക്ക് അറിയാം. ആരാണ് ‘എതിര്‍കക്ഷി’ക്ക് സംരക്ഷണം നല്‍കിയതെന്നും അറിയാം. അതെല്ലാം ഞാന്‍ ദൈവത്തിനും നിയമത്തിനും വിട്ടുനല്‍കി. ദൈവവിധി നടപ്പായിക്കഴിഞ്ഞു. ഞങ്ങള്‍ ജീവിച്ചിരിക്കണമെന്നായിരുന്നു ആ വിധി. നിയമത്തിന്റെ വിധി കാത്തിരിക്കുന്നു.

അതിനിടയില്‍ ‘പാര്‍ട്ടി വിധി’ നടപ്പാക്കി ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലാന്ന്, അനീതിയാണിത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്നെയും മകനെയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചവനില്‍നിന്നും രക്ഷ തേടി ഞാന്‍ ദല്‍ഹിയിലേക്ക് പോയി. ജോലി, താമസം ഇതൊക്കെ ചോദ്യചിഹ്‌നമായി പതറിനില്‍ക്കുകയാണ്, എന്റെ മകന്റെ കുഞ്ഞു കൈകളും പിടിച്ച്.

‘മഹിളാനേതാവിനെ കണ്ടു, എന്റെ അവസ്ഥ പറഞ്ഞു, അതിനൊരു പരിഹാരം പറയുന്നതിന് പകരം ആ മഹതി, പാര്‍ട്ടിയുടെ വനിതാ ശക്തി, വനിതാ ശബ്ദം എന്നോട് പറഞ്ഞത് ”കേന്ദ്രകമ്മിറ്റിയില്‍ എനിക്ക് മാത്രമാണ് സ്ഥാനമൊന്നുമില്ലാത്തത്” എന്ന്, എനിക്ക് ചിരിവന്നു. എന്റെ ആകുലത കണ്ണുനീര് കണ്ടവരാണ് ഈ പറയുന്നത്. എങ്ങനെ ചിരിക്കാതിരിക്കും ഞാന്‍. എന്റെ വിഷമങ്ങള്‍ മറന്ന് ഞാന്‍ അവരെ ആശ്വസിപ്പിച്ചു, ഞാന്‍ പറഞ്ഞു, ‘ഇന്ന’ സ്ഥാനം ഉടനെ കിട്ടുമല്ലോ. അപ്പോള്‍ ആ വനിതാ നേതാവിന്റെ മറുപടി, കൈമലര്‍ത്തി കാണിച്ചുകൊണ്ട്, ”പാര്‍ട്ടി പറഞ്ഞതല്ലേ ഉള്ളൂ, എന്റെ കയ്യിലോട്ട് കിട്ടിയില്ലല്ലോ എന്ന്! അത്രയ്‌ക്കുണ്ട് അവര്‍ക്ക് അവരുടെ പാര്‍ട്ടിയില്‍ വിശ്വാസം. അത്രയ്‌ക്കുണ്ട് അവര്‍ക്ക് സ്ഥാനങ്ങളോട് ആര്‍ത്തി.

ജീവിക്കാന്‍ എന്താ വഴിയെന്ന് ആകുലതപ്പെട്ട് നില്‍ക്കുന്ന ഒരു സ്ത്രീയോട് മറ്റൊരു സ്ത്രീ പറയുകയാണ് അവര്‍ക്ക് ജീവിക്കാന്‍ സ്ഥാനമില്ലാന്ന്. ഇത് പൊതുജനങ്ങള്‍ അറിയേണ്ടേ? ഇന്നവര്‍ ഉന്നതസ്ഥാനത്ത് എത്തി, വനിതകളുടെ ക്ഷേമാന്വേഷണം നടത്തുന്ന സ്ഥാനത്ത്.

എന്റെ അപ്പനും അമ്മയും തമ്മിലുള്ള അകല്‍ച്ചയില്‍ അനാവശ്യമായി ഇടപെട്ട് പാര്‍ട്ടിയിലെ ഗ്രൂപ്പിസത്തിന് മുതല്‍ക്കൂട്ടാക്കാന്‍ ശ്രമിച്ചവരാണ് ഇവര്‍, ഇതേപ്പറ്റി താങ്കളോട് ഞാന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ പരാതി പറഞ്ഞിട്ടുള്ളത് ഓര്‍മ്മയിലുണ്ടാവും എന്ന് വിശ്വസിക്കുന്നു.

സ്ത്രീശാക്തീകരണത്തിന് ഊന്നല്‍ കൊടുത്തുകൊണ്ട് ധാരാളം പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചിലതൊക്കെ നടപ്പാക്കുകയും ചെയ്യുന്ന താങ്കളുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് എന്തിനാണ് എന്റെയും മകന്റെയും ജീവിതത്തില്‍ മണ്ണ്‌വാരിയിട്ടത്. സ്ത്രീകളെയും യുവാക്കളെയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുവാന്‍ പാടുപെടുന്ന പാര്‍ട്ടിയുടെ നയമാണോ ഇത്.

സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന് ആഹ്വാനം നടത്തുന്ന പാര്‍ട്ടിയാണോ എന്റെ ജീവിതമാര്‍ഗം ‘പാര്‍ട്ടി തീരുമാന’പ്രകാരം ഇല്ലാതാക്കിയത്.

എന്നെ ജോലിയില്‍നിന്നും പിരിച്ചുവിടാനുള്ള തീരുമാനം താങ്കള്‍ അറിഞ്ഞിരുന്നുവോ, വിശ്വസിക്കുന്നില്ല, വിശ്വസിക്കാന്‍ പറ്റുന്നില്ല എനിക്ക്.

എന്റെ മകനോട് താങ്കള്‍ ‘മുഖ്യമന്ത്രിക്കസേരയില്‍’ ഇരുന്നാണ് ഉറപ്പ് നല്‍കിയത്, ‘പേടിക്കേണ്ട, കൂടെയുണ്ട്’ എന്ന്.

ആ വാക്കില്‍ ഞങ്ങള്‍ വിശ്വസിച്ചിരുന്നു.

താങ്കള്‍ എന്നും രാത്രിയില്‍ വീട്ടില്‍ എത്തിയാല്‍ ആദ്യം അമ്മയെ പോയി കാണുമെന്ന് വായിച്ചത് ഓര്‍ക്കുന്നു.

അങ്ങനെയൊരു മകനെയാണ് എനിയ്‌ക്കും ആവശ്യം.

അവന്റെ പ്രായത്തിലുള്ള കൗമാരക്കാര്‍ കാണിക്കുന്ന ചാപല്യങ്ങളില്‍നിന്നും അകന്നുനില്‍ക്കാന്‍ അവന്റെ ഇപ്പോഴത്തെ നിലപാട് സഹായിക്കും.

താങ്കളുടെ പ്രസംഗശൈലി അവനെത്ര ആരാധനയോടെയാണ് പറയുന്നത്. താങ്കളെ വന്ന് കണ്ടപ്പോഴുണ്ടായ അനുഭവം എത്ര പറഞ്ഞാലും അവന് മതിവരില്ലായിരുന്നു. അവനും വിശ്വസിക്കാന്‍ പറ്റുന്നില്ല,  ഞങ്ങളുടെ ജീവിതം ഇല്ലാതാക്കാന്‍ ‘പാര്‍ട്ടി തീരുമാനം’ നടപ്പാക്കാന്‍ അങ്ങ് കൂട്ടുനിന്നുവെന്ന്.

വിശ്വസിക്കുവാന്‍ പ്രയാസമുണ്ട്.

ഒരു സ്ത്രീയുടെ ജോലി ഇല്ലാതാക്കി സ്ത്രീ ശാക്തീകരണത്തിന് മതിലുകള്‍ പണിയുന്നതും, നവോത്ഥാനത്തിന്റെ പേരില്‍, സ്ത്രീസമത്വത്തിന്റെ പേരില്‍ നടത്തുന്ന പ്രവൃത്തികള്‍ നടത്തുന്നതും ഒത്തുപോകുന്നില്ലല്ലോ.

ജീവിതത്തില്‍ ഒറ്റയ്‌ക്കായിപ്പോയ ഒരു സ്ത്രീയെയും മകനെയും ജീവിക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനം നടപ്പാക്കിയ പാര്‍ട്ടി തീരുമാനം മുഖ്യമന്ത്രിയെന്ന നിലയിലും പാര്‍ട്ടി പിബി അംഗം എന്ന നിലയിലും അങ്ങ് തിരുത്തണമെന്ന് അപേക്ഷിക്കുന്നു. കള്ളപരാതികള്‍, അതിന്മേല്‍ കള്ളക്കേസുകള്‍, അതിനപ്പുറം ഭീഷണികളും അങ്ങയുടെ ഭരണത്തിന്‍കീഴില്‍ ഉണ്ടാവാന്‍ പാടില്ലാത്തതാണ്.

എന്നെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. അതിനുശേഷം എസ്‌സി-എസ്ടി കമ്മീഷന്‍ (വനിത) അംഗം അഡ്വ. പി.ജെ. സിജയുടെ ഭീഷണി, പ്രധാനമന്ത്രിക്ക് പരാതി അയച്ചാല്‍ എഫ്‌ഐആര്‍ ഇടീപ്പിക്കുമെന്ന്. അവരുടെ നിര്‍ദ്ദേശം കിട്ടിയാല്‍ ഉടനെ നടപ്പാക്കാമെന്ന പോലീസ് അസി. കമ്മീഷണറുടെ ഉറപ്പ്. എന്തൊരു അനീതിയാണിത് സര്‍.

ഞാന്‍ ഒരു സ്ത്രീയാണ്, അമ്മയാണ്, എനിക്കും മകനും ജീവിക്കാന്‍ അവകാശമില്ലേ? അങ്ങ് അതിന് അനുവദിക്കില്ലേ? അങ്ങയുടെ പാര്‍ട്ടി അനുവദിക്കില്ലേ?

ഞങ്ങളുടെ ജീവനെടുക്കരുത്,

ജീവിയ്‌ക്ക്, ജീവിയ്‌ക്കാന്‍ അനുവദിക്ക്, മദര്‍ തെരേസയുടെ വാക്കുകള്‍ കമ്മ്യൂണിസ്റ്റുകാര്‍ മനസ്സിലാക്കണം.

ജീവിയ്‌ക്കാന്‍ സഹായിക്കുക, അതാവണം കമ്മ്യൂണിസം- മനുഷ്യത്വം. ആശ്രയത്തിന് ‘അടിമത്തം’ എന്നര്‍ത്ഥം എന്നെ എന്റെ മാതാപിതാക്കളും അധ്യാപകരും പഠിപ്പിച്ചിട്ടില്ല, ഇനി പഠിക്കാന്‍ സാധ്യതയുമില്ല.

സ്‌നേഹബഹുമാനത്തോടെ

ആശ ലോറന്‍സ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

India

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

India

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.