തിരുവനന്തപുരം: കോളേജില്‍ നടന്ന എസ്എഫ്‌ഐ സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തെ തുടര്‍ന്ന് യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പാള്‍ കെ.വിശ്വംഭരനു സ്ഥലംമാറ്റം. തൃശൂര്‍ ഗവ. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സി.സി.ബാബുവാണ് പുതിയ പ്രിന്‍സിപ്പാള്‍. കോളെജില്‍ വിദ്യാര്‍ഥി കുത്തേറ്റ സംഭവത്തില്‍ വിവരം ആരാഞ്ഞ മാധ്യമങ്ങളോട് താന്‍ ഒന്നും അറിഞ്ഞില്ലെന്നായിരുന്നു വിശ്വംഭരന്റെ പ്രതികരണം. പിന്നീട്, കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ പ്രാഥമിക അന്വഷണത്തില്‍ കോളേജിലെ നിരന്തര ആക്രമണങ്ങളിലും ഉത്തരക്കടലാസ് കെട്ട് പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയതിലും അധ്യാപകര്‍ക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തി.ഇതേത്തുടര്‍ന്നാണ് പ്രിന്‍സിപ്പാളിന്റെ സ്ഥലംമാറ്റം. യൂണിവേഴ്‌സിറ്റി കോളേജ് ഉള്‍പ്പെടെ സംസ്ഥാനത്തെ ആറ് സര്‍ക്കാര്‍ കോളേജുകളില്‍ പുതിയ പ്രിന്‍സിപ്പാള്‍മാരെ നിയമിച്ചിട്ടുണ്ട്. കെ.ജയകുമാറാണ് എറണാകുളം മഹാരാജാസ് കോളേജിലെ പുതിയ പ്രിന്‍സിപ്പാള്‍.
അതേസമയം, യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐയുടെ പുതിയതായി രൂപീകരിച്ച അഡ്‌ഹോക് കമ്മറ്റിയില്‍ കുത്തേറ്റ അഖിലും ഇടംനേടി. കേരള യൂണിവേഴ്സിറ്റി ചെയര്‍മാന്‍ എ.ആര്‍ റിയാസാണ് താത്കാലിക കമ്മിറ്റിയുടെ ചെയര്‍മാന്‍. കോളേജില്‍ വെള്ളിയാഴ്‌ച്ച നടന്ന സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കോളേജ് കമ്മിറ്റി നേതാക്കളായിരുന്നു പ്രതികള്‍. ഇതേത്തുടര്‍ന്ന് കമ്മിറ്റി പിരിച്ചു വിട്ടിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന കോളേജ് കൗണ്‍സില്‍ യോഗത്തിലില്‍ കര്‍ശനമായ പരിഷ്‌കരണ നടപടികള്‍ കൈക്കൊള്ളാന്‍ തീരുമാനിച്ചിരുന്നു.അതിന്റെ ഭാഗമായി കോളേജിന്റെ പ്രധാനകവാടത്തില്‍ ഉണ്ടായിരുന്ന എസ്.എഫ്.ഐയുടെ പോസ്റ്ററുകളും ബാനറുകളും ഉള്‍പ്പടെ മറ്റ് കൊടിതോരണങ്ങളും നീക്കം ചെയ്തു. കൊടിമരവും വൈകാതെ നീക്കം ചെയ്യുമെന്നാണു റിപ്പോര്‍ട്ട്.
















