കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസന്വേഷണം അട്ടിമറിക്കാനും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും കച്ചകെട്ടിയിറങ്ങിയ ദേശാഭിമാനിയുടെ നുണക്കഥ അഴിഞ്ഞുവീണു. ആന്തൂര്‍ വിഷയത്തില്‍ പ്രതിരോധത്തിലായ സിപിഎമ്മും ദേശാഭിമാനിയും കണ്‍വെന്‍ഷന്‍ സെന്ററിന്റെ അനുമതിയുമായി ബന്ധപ്പെട്ട വിഷയമല്ല മറിച്ച് കുടുംബപരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്‌ക്ക് പിന്നിലെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിച്ചത്. എന്നാൽ കേസ് അന്വേഷിക്കുന്ന നര്‍ക്കോട്ടിക്ക് ഡിവൈഎസ്‌പി വി.കെ. കൃഷ്ണദാസ് സത്യാവസ്ഥ വെളിപ്പെടുത്തിയതോടെ ദേശാഭിമാനി ചമച്ചത് നുണക്കഥയാണെന്ന് വ്യക്തമായി.
സാജന്റെ ആത്മഹത്യയ്‌ക്ക് പിന്നില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിലുള്ള മനോവിഷമം തന്നെയെന്ന് കേസ് അന്വേഷിക്കുന്ന വി.കെ. കൃഷ്ണദാസ് ഉറപ്പിച്ച് പറഞ്ഞു. മറ്റ് കാരണങ്ങളൊന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്നും മറ്റു പ്രചാരണങ്ങള്‍ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിയെ കൃഷ്ണദാസ് കണ്ടിരുന്നു. രണ്ട് കാര്യങ്ങളാണ് അപ്പോള്‍ വ്യക്തമാക്കിയത്. ഒന്ന് സാജന്റെ ആത്മഹത്യയില്‍ പോലീസില്‍ സമാന്തര അന്വേഷണം നടക്കുന്നു, രണ്ട് അന്വേഷണ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ചോര്‍ത്തിക്കൊടുക്കുന്നു. ഇവര്‍ നല്‍കിയതെന്ന് പറയുന്ന തെറ്റായ വിവരങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങിയാണ് സാജന്റെ കുടുംബത്തെ കരിതേക്കുന്ന വാര്‍ത്തകള്‍ ദേശാഭിമാനി നല്‍കിയത്.
സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെയാണ് ദേശാഭിമാനി വാർത്ത നൽകിയത്. സമാന്തര അന്വേഷണം നടക്കുന്നുവെന്ന ഡിവൈഎസ്പിയുടെ തന്നെ പരാതി കണ്ണൂര്‍ പോലീസില്‍ സിപിഎം ഫ്രാക്ഷന്‍ ഉണ്ടെന്ന വാര്‍ത്ത ശരിവയ്‌ക്കുന്നു. ഡിവൈഎസ്‌പി സദാനന്ദനാണ് സമാന്തര അന്വേഷണം നടത്തുന്നതെന്നാണ് സൂചന. കേസില്‍ സിബിഐ അന്വേഷണം തേടി സാജന്റെ ഭാര്യ ബീന മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
















