പീരുമേട്: റിമാന്‍ഡിലിരിക്കേ പ്രതി മരിച്ച സംഭവത്തില്‍ എസ്പിക്കെതിരെ വെളിപ്പെടുത്തലുമായി മുന്‍ എസ്‌ഐ.സാബു. എസ്പിയുടെ നിര്‍ദേശപ്രകാരമാണ് നെടുങ്കണ്ടം സാമ്പത്തികത്തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തത്. തൊടുപുഴ കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് എസ്‌ഐയുടെ വെളിപ്പെടുത്തല്‍. എസ്പിയുടെ നിര്‍ദേശപ്രകാരം ചോദ്യംചെയ്തത് സഹപ്രവര്‍ത്തകരാണ്. കട്ടപ്പന ഡിവൈഎസ്പിക്കും കസ്റ്റഡി വിവരം അറിയാമായിരുന്നു. രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ സ്റ്റേഷനില്‍ താന്‍ ഉണ്ടായിരുന്നില്ലെന്നും മുന്‍ എസ്‌ഐ പറഞ്ഞു.
അതേസമയം കസ്റ്റഡി മരണത്തില്‍ ഗുരുതര വീഴ്ച പറ്റിയെന്ന ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പീരുമേട് സബ് ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുത്തു. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ വാസ്റ്റിന്‍ ബോസ്‌കോയെ ജയില്‍ മേധാവി സസ്പെന്‍ഡ് ചെയ്തു. കൂടാതെ താല്‍കാലിക വാര്‍ഡനായിരുന്ന സുഭാഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.
ജയിലില്‍ കഴിയവേ രാജ്കുമാറിന്റെ ആരോഗ്യസ്ഥിതി മോശമായപ്പോള്‍ അത് മേലുദ്യോഗസ്ഥരെ അറിയിക്കാതിരുന്നതും, അടിയന്തരവൈദ്യസഹായം നല്‍കാതിരുന്നതും ഗുരുതരവീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 57 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് ഡിഐജി നല്‍കിയത്. അതേസമയം കേസില്‍ വകുപ്പ് തല അന്വേഷണത്തിന് ചീമേനി ജെയില്‍ സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.
















