തിരുവനന്തപുരം: താന്‍ ഒരു വന്‍ പരാജയമാണെന്ന് പരസ്യമായി സ്വയം സമ്മതിച്ച പിണറായി വിജയന്‍ എത്രയും വേഗം ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണമെന്ന് എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ പി.കെ.കൃഷ്ണദാസ് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം നടന്ന എന്‍ഡിഎ സംസ്ഥാനനേതൃസമ്മേളനത്തിന്റെ തീരുമാനങ്ങള്‍ പത്രസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു കൃഷ്ണദാസ്. പോലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗത്തെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി ഗുരുതരമായ ആരോപണങ്ങളാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉന്നയിച്ചിട്ടുള്ളത്. മതതീവ്രവാദ സംഘടനകള്‍ക്ക് പോലീസില്‍ നിന്നും രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നു എന്നതായിരുന്നു അവയില്‍ പ്രധാനം. ശബരിമല ഡ്യൂട്ടിയില്‍ നിന്നും പല പോലീസ് ഉദ്യോഗസ്ഥരും വിട്ടു നിന്നു എന്നും മുഖ്യമന്ത്രി ആരോപിക്കുകയുണ്ടായി. തന്നെക്കൊണ്ടു കേരളപോലീസിനെ നിയന്ത്രിക്കാനാവുന്നില്ലെന്നാണ് പിണറായി അര്‍ത്ഥശങ്കയ്‌ക്കിടയില്ലാതെ പറഞ്ഞു വെച്ചത്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു മന്ത്രി ഇന്ത്യാ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ താന്‍ കഴിവ് കെട്ടവനാണെന്നു വിളിച്ച് പറയുന്നത്. പിണറായി അധികാരമേറ്റ ശേഷം കേരളത്തില്‍ മുപ്പത്തൊന്ന് ഉരുട്ടിക്കൊലകളാണ് പോലീസ് സ്റ്റേഷനുകളില്‍ നടന്നത്. മുപ്പത്തിഒന്നാമത്തെയാണ് നെടുങ്കണ്ടത്ത് നടന്നത്. പണ്ട് ഒരൊറ്റ ഉരുട്ടിക്കൊലയെത്തുടര്‍ന്നാണ് അന്ന് അഭ്യന്തരവകുപ്പു കൈകാര്യം ചെയ്തിരുന്ന കെ.കരുണാകരന്‍ മുഖ്യമന്ത്രിപദം ഒഴിഞ്ഞത്. അദ്ദേഹത്തിന്റെ രാജിക്കായി സിപിഎമ്മും പ്രക്ഷോഭം നടത്തിയതാണ്. ഇനി ഒരു നിമിഷം പോലും ആഭ്യന്തര വകുപ്പ് കൈയാളാന്‍ പിണറായിക്ക് അവകാശമില്ലെന്നും എന്‍ഡിഎ കണ്‍വീനര്‍.
യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം വേണം. അധോലോകസംഘങ്ങളുടെ നിയന്ത്രണത്തിലാണ് യൂണിവേഴ്‌സിറ്റി കോളേജ്. അവിടെ കൊടും ക്രിമിനലുകളാണെന്ന് തെളിഞ്ഞ എസ് എഫ് ഐ നേതാക്കള്‍ ക്ലാസ്സുകളില്‍ കയറാതെ പരീക്ഷകളില്‍ ഉന്നത റാങ്കും മാര്‍ക്കും നേടുന്നത് അന്വേഷണവിധേയമാക്കണം. അവിടെ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ എസ്എഫ്‌ഐ നേതാക്കളുടെ പരീക്ഷാ നേട്ടങ്ങള്‍ പുനഃപരിശോധനയ്‌ക്ക് വിധേയമാക്കേണ്ടതുണ്ട്. പിഎസ് സി പരീക്ഷകളിലും ഈ ക്രിമിനലുകള്‍ ഉന്നതറാങ്കു നേടുന്നു. ഇതൊരു വന്‍ മാഫിയയായി വളര്‍ന്നിരിക്കുന്നു. പബ്ലിക് സര്‍വീസ് കമ്മീഷന്‍ എന്നത് പാര്‍ട്ടി സര്‍വീസ് കമ്മിഷനാക്കി മാറ്റിയിരിക്കുന്നു. സംസ്ഥാനത്തെ എല്‍ഡിഎഫ് ദുര്‍ഭരണത്തിനെതിരെയും യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന സംഭവങ്ങളില്‍ പ്രതിഷേധിച്ചും ജൂലായ് 26 ന് എന്‍ ഡി എ സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. മാര്‍ച്ചില്‍ കാല്‍ ലക്ഷം പേര്‍ പങ്കെടുക്കുന്നുമെന്നും കൃഷ്ണദാസ് അറിയിച്ചു.
















