ന്യൂദല്‍ഹി : കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റ സാരഥ്യത്തില്‍ ആരംഭിച്ച തിരംഗ ടിവി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ പെട്ടന്ന് പ്രവര്‍ത്തനം നിര്‍ത്തിയതിനെ വിമര്‍ശിച്ച് പ്രമാഖ മാധ്യമ പ്രവര്‍ത്തക ബര്‍ക്കാ ദത്ത്. ചാനലിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതോടെ 200 ഓളം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടമായത്. ഇവര്‍ക്ക് ആറുമാസത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാതിരുന്നതിനെ വിമര്‍ശിച്ചാണ് ബര്‍ക്കാ ദത്ത് രംഗതെത്തിയിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ ഭാര്യ പ്രമീള സിബലിന് നിര്‍ണായക പങ്കാളിത്തമുള്ള അനലോഗ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിനാണ് ചാനലിന്റെ പ്രക്ഷേപണത്തിന്റെ ഉത്തരവാദിത്തം. വീക്കോണ്‍ മീഡിയ ബ്രോഡ്കാസ്റ്റിങ്ങുമായി സഹകരിച്ചാണ് ചാനല്‍ പ്രവര്‍ത്തിച്ചിരുന്നത്. അനലോഗിന്റെ 99 ശതമാനം ഓഹരിയും പ്രമീളാ സിബലിന്റേതാണ്. ഇവര്‍ക്ക് പുറമെ കപിലിന്റെ ഭാര്യ സഹോദരന്‍ അരുണ്‍ കോഷ്ല, നിര്‍മ്മല്‍ സിങ് എന്നിവരാണ് കമ്പനിയുടെ മറ്റ് ഓഹരി പങ്കാളികള്‍.
തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ചാനല്‍ ഡിജിറ്റല്‍ സംപ്രേഷണം തുടങ്ങിയത്. ബര്‍ക്കാ ദത്ത്, കരണ്‍ ഥാപ്പര്‍ തുടങ്ങിയ ഇന്ത്യന്‍ ടെലിവിഷന്‍ മേഖലയിലെ പ്രമുഖരായിരുന്നു ചാനലിലുണ്ടായിരുന്നത്. ചാനല്‍ പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന പ്രചാരണം കഴിഞ്ഞ കുറച്ചുദിവസമായി നിലനില്‍ക്കുന്നുണ്ടായിരുന്നു.
ഇതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്. ആറുമാസമായി ശമ്പളം ഇല്ലാതെയാണ് ഇവരെ ജോലി ചെയ്യിപ്പിച്ചതെന്നാണ് ആരോപണം. പൊതു സമൂഹത്തിന് മുന്നില്‍ വിശുദ്ധനായി നിലനില്‍ക്കുന്ന കപില്‍ സിബലാണ് ഇത്തരമൊരു അവസ്ഥയിലേക്ക് മാധ്യമ പ്രവര്‍ത്തകരെ തള്ളിയിട്ടതെന്നും ബര്‍ക്ക ദത്ത് ആരോപിച്ചു.
റിപ്പബ്ലിക്ക് ടിവി, ടൈംസ് നൗ തുടങ്ങിയ ചാനലുകളുടെ പ്രവര്‍ത്തന രീതിയില്‍നിന്നും വ്യത്യസ്തമായ വീക്ഷണത്തോടെ പ്രവര്‍ത്തിക്കുന്ന മാധ്യമായിരിക്കുമെന്ന രീതിയിലായിരുന്നു തിരംഗ പ്രവര്‍ത്തനം ആരംഭിച്ചത്. ബര്‍ക്കാ ദത്ത്, കരണ്‍ ഥാപ്പര്‍ തുടങ്ങിയവരുടെ സാന്നിധ്യം അത്തരത്തിലൊരു പ്രതീക്ഷ ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍ തുടക്കം മുതല്‍ ശമ്പളം ഇല്ലാതെയാണ് ജീവനക്കാര്‍ക്ക് ജോലിചെയ്യേണ്ടി വന്നതെന്നാണ് പിന്നീട് അറിയുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ നോട്ടീസുപോലുമില്ലാതെ പിരിച്ചുവിട്ടതിനെതിരെ കഴിഞ്ഞ ദിവസം കപില്‍ സിബലിന്റെ വീട്ടിന് മുന്നില്‍ ജീവനക്കാര്‍ ധര്‍ണ നടത്തിയിരുന്നു. കപില്‍ സിബലിന് ഇത് സംബന്ധിച്ച് നിവേദനം നല്‍കിയെങ്കിലും അദ്ദേഹം പ്രതികരിച്ചില്ലെന്നുമായിരുന്നു ജീവനക്കാരുടെ ആക്ഷേപം.
തിരംഗ ടിവി ജനുവരി 26 മുതലാണ് പ്രവര്‍ത്തനം തുടങ്ങിയതെങ്കിലും അനലോഗ് മീഡിയ അതിന്റെ പ്രവര്‍ത്തനം കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. 2018 -19 കാലത്തെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കണക്കുകള്‍ ഇതുവരെ സമര്‍പ്പിക്കപ്പെട്ടിട്ടില്ലെന്നാണ സൂചന. 2017-18 കാലത്ത് കമ്പനിക്ക് രണ്ട് കോടി രൂപയുടെ വായ്‌പ ബാധ്യതയുണ്ടായിരുന്നു.
















