തിരുവനന്തപുരം : സ്‌കൂളുകളില്‍ വിദ്യാര്‍ഥി രാഷ്‌ട്രീയം നിരോധിച്ച ഹൈക്കോടതി ഉത്തരവിന് പുല്ലുവില കൽപ്പിച്ച് മലയിന്‍കീഴ് ആനപ്പാറ കുന്നിലെ ആണ്‍ പള്ളിക്കൂടത്തിന്റെ ഗോപുരത്തിന്റെ മുകളില്‍ എസ്എഫ്‌ഐ കൊടിനാട്ടി. ചെഗുവേരയുടെ ചിത്രവും എസ്എഫ്‌ഐ എന്നു ആലേഖനം ചെയ്ത കൊടിയാണ് സ്‌കൂള്‍ മന്ദിരത്തിനു മുകളില്‍ സ്ഥാപിച്ചത്. ഒപ്പം ക്ലാസ്മുറികളുടെ ചുമരുകളില്‍ എസ്എഫ്‌ഐ എന്നും മുദ്രാവാക്യങ്ങളും പെയിന്റുകൊണ്ട് എഴുതുകയും ചെയ്തു.
ദിവസങ്ങള്‍ക്ക് മുമ്പ് സ്‌കൂള്‍ കോമ്പൗണ്ടിലെ മരത്തിനു മുകളില്‍ എസ്എഫ്‌ഐ കൊടികെട്ടിയത് അധ്യാപകരും പിടിഎയും ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് കൊടി കെട്ടിയ വിദ്യാര്‍ഥികളെ കൊണ്ടുതന്നെ ഇത് അഴിച്ചുമാറ്റിച്ചു. ഇതില്‍ പ്രകോപിതരായ ഒരു കൂട്ടം എസ്എഫ്‌ഐക്കാര്‍ സ്‌കൂളിന്റെ ഗോപുരമുകളില്‍ കൊടി കെട്ടുകയായിരുന്നു. കുട്ടികളില്ലാതെ അടച്ചുപൂട്ടലിന്റെ വക്കില്‍നിന്ന് എസ്എസ്എല്‍സി പരീക്ഷയില്‍ തുടര്‍ച്ചയായി നൂറുശതമാനം വിജയം നേടി ഉയര്‍ന്നുവരുന്ന വിദ്യാലയമാണിത്.
ഇതര വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെല്ലാം കോടതി ഉത്തരവിനു ശേഷം ഈ സ്‌കൂളില്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ഒളിഞ്ഞും തെളിഞ്ഞും എസ്എഫ്‌ഐ ഇവിടെ അക്രമരാഷ്‌ട്രീയം തുടര്‍ന്നു. യൂണിവേഴ്‌സിറ്റി സംഭവത്തിനു ശേഷം വിദ്യാര്‍ഥികള്‍ക്കിടയില്‍ ഒറ്റപ്പെട്ടു പോയ സംഘടനയുടെ ശക്തി കാണിക്കാനാണ് ഈ കടന്നുകയറ്റമെന്ന് ആക്ഷേപമുണ്ട്.
അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും കൈകോര്‍ത്തതോടെ മലയിന്‍കീഴ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മികച്ച നിലവാരത്തിലാണിപ്പോള്‍. ധാരാളം കുട്ടികളും ഇവിടെ പഠിക്കാനെത്തി. എന്നാല്‍ ഇടത് വിദ്യാര്‍ഥി രാഷ്‌ട്രീയത്തിന്റെ അപകടം മനസിലാക്കി പല രക്ഷിതാക്കളും കുട്ടികളെ ഇവിടെനിന്ന് ടിസി വാങ്ങി മറ്റ് സ്‌കൂളുകളില്‍ ചേര്‍ക്കാനുള്ള തയാറെടുപ്പിലാണ്.
















