കാഞ്ഞങ്ങാട്: എതിര്‍ചേരിയിലുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാതെയും വ്യത്യസ്തമായി ചിന്തിക്കുന്ന സ്വന്തം പക്ഷക്കാരെ കുത്തിമലര്‍ത്തിയും കാമ്പസ്സുകളില്‍ അരാജകത്വം സൃഷ്ടിക്കുന്ന പ്രവര്‍ത്തന ശൈലി അവസാനിപ്പിക്കാന്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ തയ്യാറാവണമെന്ന് കേരള ജനപക്ഷം സെക്കുലര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. സെബാസ്റ്റ്യന്‍ പറഞ്ഞു.
കാസര്‍കോട് ജില്ലാ നേതൃയോഗം കാഞ്ഞങ്ങാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിപ്ലവത്തെ സംബന്ധിച്ച കാല്‍പ്പനിക സ്വപ്‌നങ്ങള്‍ പ്രചരിപ്പിച്ച് ആളെക്കൂട്ടുന്ന പ്രസ്ഥാനങ്ങള്‍ പ്രവൃത്തിയില്‍ ഫാസിസ്റ്റ് രീതികള്‍ പുലര്‍ത്തുന്നത് ഖേദകരമാണ്. അന്യന്റെ ശബ്ദം സംഗീതമായിത്തീരുന്ന നാള്‍വരും എന്ന് മുദ്രാവാക്യം മുഴക്കുന്നവര്‍ തന്നെ കാമ്പസ്സില്‍ സ്വന്തം ചേരിയില്‍ പെട്ടവരുടെ ചെറിയ വിമതശബ്ദങ്ങളെപ്പോലും അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നത്.
അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ മറുചേരിക്കാരെ കുത്തിമലര്‍ത്താന്‍ അണികളെ പഠിപ്പിക്കുമ്പോള്‍ ഒരുനാള്‍ ഒപ്പം നടക്കുന്നവരുടെ മേലും കത്തിപ്രയോഗം ഉണ്ടാകും എന്ന് ഇക്കൂട്ടര്‍ക്ക് ഒത്താശ ചെയ്തിരുന്ന രാഷ്‌ട്രിയ പ്രസ്ഥാനങ്ങള്‍ ഓര്‍ക്കേണ്ടതായിരുന്നു എന്നും അദ്ദേഹം പറഞ്ഞൂ.
ജില്ലാ പ്രസിഡന്റ് ബേബ്ബി കൊല്ലക്കൊമ്പില്‍ അദ്ധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി വിനോദ് ചെട്ടിക്കത്തോട്ടത്തില്‍, യുവജനപക്ഷം ജില്ലാ പ്രസിഡന്റ് ഷൈജു ഊരോത്ത്, റോബിന്‍ മൈലാടൂര്‍, ബിന്ദുമോള്‍ ചാക്കോ, സെബാസ്റ്റ്യന്‍ മാത്യു, ഷൈജന്‍ ചാക്കോ കനകപ്പള്ളി, പ്രൊഫ. ടി.ടി. ജേക്കബ്, മുഹമ്മദ്കുഞ്ഞി അജാനൂര്‍, റോയിജോര്‍ജ്ജ,് എന്നിവര്‍ സംസാരിച്ചു.
















