പന്ത്രണ്ടാം ഏകദിന ലോകകപ്പിന്, ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സില്‍ കൊടിയിറങ്ങിയത് ഇംഗ്ലണ്ടിന്റെ ആദ്യ കിരീടധാരണത്തോടെയാണ്. ഫൈനല്‍ പോരാട്ടത്തില്‍ ആദ്യ പന്തുമുതല്‍ സൂപ്പര്‍ ഓവര്‍ വരെ ത്രസിച്ചുനിന്ന ആവേശം ക്രിക്കറ്റിന്റെ മനോഹാരിത മുഴുവന്‍ അനാവരണം ചെയ്യുന്നതായി.
ഒപ്പത്തിനൊപ്പം പൊരുതിയ ഇംഗ്ലണ്ട് – ന്യൂസീലന്‍ഡ് ടീമുകളില്‍നിന്ന് ചാമ്പ്യനെ നിര്‍ണയിക്കാന്‍ സൂപ്പര്‍ ഓവറും കടന്ന് ബൗണ്ടറികള്‍ എണ്ണിനോക്കേണ്ടിവന്നത് ടീമുകളുടെ പ്രകടന നിലവാരത്തെയാണ് കാണിക്കുന്നത്. കളിയിലും സൂപ്പര്‍ ഓവറിലും ടീമുകള്‍ ഒപ്പത്തിനൊപ്പംനിന്ന ആദ്യ ഫൈനലാണിത്. സൂപ്പര്‍ ഓവര്‍ തന്നെ ലോകകപ്പ് ചരിത്രത്തിലാദ്യമായിരുന്നു. വ്യക്തമായ മേല്‍ക്കൈയോടെയല്ല ജയിച്ചത് എന്നതു ചാമ്പ്യന്മാരുടെ ശോഭകെടുത്തുന്നില്ല. പക്ഷേ, പിന്തള്ളപ്പെട്ട ന്യൂസീലന്‍ഡിന്റെ നിരാശ ഇരട്ടിപ്പിക്കുമെന്നതു സ്വാഭാവികം. ഇരു ടീമുകളും അഭിനന്ദനം അര്‍ഹിക്കുന്നു.
50 ഓവര്‍ കളി പൂര്‍ത്തിയാക്കിയപ്പോള്‍ രണ്ട് ടീമുകളും നേടിയത് 241 റണ്‍സ്. സൂപ്പര്‍ ഓവറില്‍ 15 റണ്‍സ് വീതം. ഇതോടെയാണ് വിജയികളെ നിശ്ചയിക്കാന്‍, ബൗണ്ടറികളുടെ എണ്ണം കണക്കാക്കേണ്ടിവന്നത്. ന്യൂസിലന്‍ഡ് പന്ത് അതിര്‍വര കടത്തിയത് 17 തവണയും ഇംഗ്ലണ്ട് 26 തവണയും. അങ്ങനെ ഇംഗ്ലണ്ട് കന്നി കിരീടത്തിന് ഉടമകളായി. ന്യൂസിലന്‍ഡിന് തുടര്‍ച്ചയായ രണ്ടാം തവണയും രണ്ടാം സ്ഥാനം. തങ്ങളുടെ നാലാം ഫൈനലിലാണ് ഇംഗ്ലണ്ട് കിരീടമണിഞ്ഞത്. ആതിഥേയരാജ്യം ജേതാക്കളാകുന്നത് തുടര്‍ച്ചയായ മൂന്നാം തവണ.
ഈ കിരീട നിര്‍ണയം ഏറെ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചുകഴിഞ്ഞു. ബൗണ്ടറികളുടെ എണ്ണം നോക്കി വിജയികളെ പ്രഖ്യാപിച്ച രീതിക്കെതിരെ മുന്‍ താരങ്ങളടക്കമുള്ളവരാണ് രംഗത്തുവന്നിട്ടുള്ളത്. ഡക്ക്വര്‍ത്ത് ലൂയിസ് നിയമത്തിലടക്കം നഷ്ടമായ വിക്കറ്റുകളും വിജയിയെ നിര്‍ണയിക്കുന്നതില്‍ പരിഗണിക്കുമ്പോള്‍ ബൗണ്ടറികളുടെ എണ്ണത്തിലൂടെ മാത്രം വിജയിയെ പ്രഖ്യാപിച്ചത് ശരിയായില്ലെന്നാണ് ഇവരുടെ പക്ഷം. ഒരുപക്ഷേ ഈ വിമര്‍ശനങ്ങളൊന്നും ഐസിസി നേരിടേണ്ടിവരുമായിരുന്നില്ല, സൂപ്പര്‍ ഓവറും ടൈ ആയപ്പോള്‍ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചിരുന്നെങ്കില്‍. അല്ലെങ്കില്‍ ആരെങ്കിലും ജയിക്കുന്നതുവരെ സൂപ്പര്‍ ഓവര്‍ തുടരാമായിരുന്നു. പക്ഷേ, അതിനൊന്നും നിയമമില്ലല്ലോ.
ക്രിക്കറ്റിലെ നിയമങ്ങള്‍ എക്കാലത്തും ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതാണ്. മഴ കളിതടസ്സപ്പെടുത്തിയാല്‍ ഉപയോഗിക്കുന്ന ഡെക്ക്വര്‍ത്ത് ലൂയിസ് നിയമം കേള്‍ക്കാത്ത പഴികളില്ല. ഇതുവരെ അത് കൃത്യമായി നിര്‍വചിക്കാനോ, പഴുതുകളില്ലാതെ ഉപയോഗിക്കാനോ കഴിഞ്ഞിട്ടില്ലെന്നുവേണം പറയാന്‍. ലോകകപ്പില്‍ പാക്കിസ്ഥാന് നെറ്റ് റണ്‍റേറ്റില്‍ തട്ടി പുറത്തായപ്പോഴും വിമര്‍ശനമുയര്‍ന്നു. എങ്ങനെയാണ് നെറ്റ് റണ്‍റേറ്റ് തീരുമാനിക്കുന്നതെന്നും അത് എത്രത്തോളം കൃത്യതയുള്ളതാണെന്നും ഉള്ള ചോദ്യമാണ് ഉയര്‍ന്നത്.
ബൗണ്ടറികളും സിക്സറുകളും നോക്കി വിജയിയെ പ്രഖ്യാപിക്കുന്ന നിയമത്തിനുപകരം മറ്റൊരു സംവിധാനം നടപ്പിലാക്കുന്നതിനെക്കുറിച്ച് ഐസിസി ചിന്തിക്കേണ്ടിയിരിക്കുന്നു. എന്നാലേ ക്രിക്കറ്റ് യഥാര്‍ഥ ഗെയിമാവൂ. അല്ലെങ്കില്‍ ഇനിയുള്ള കാലത്തും ഇതുപോലെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നേക്കാം. മാന്യന്മാരുടെ കളിയാണ് ക്രിക്കറ്റ് എന്നാണ് വയ്പ്. പലപ്പോഴും മൈതാനത്ത് അങ്ങനെയല്ലെന്ന യാഥാര്‍ഥ്യം ബാക്കിനില്‍ക്കുന്നുണ്ടെന്നതു സത്യം. നിയമങ്ങള്‍ കാലോചിതമായി പരിഷ്കരിക്കേണ്ടത് അത്യാവശ്യമാണെന്ന ഓര്‍മപ്പെടുത്തല്‍കൂടിയാണിത്.
ആറാം കിരീടം തേടിയിറങ്ങിയ ഓസ്ട്രേലിയയും മൂന്നാം കിരീടം ലക്ഷ്യമിട്ടെത്തിയ ഇന്ത്യയും സെമിയില്‍ വീണതോടെയാണ് ഏകദിന ക്രിക്കറ്റില്‍ പുതിയ ലോകചാമ്പ്യന്മാരുടെ പിറവിക്ക് രംഗമൊരുങ്ങിയത്. ഫൈനലിലെ മികച്ച പ്രകടനം ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സിന് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡും ടൂര്‍ണമെന്റിലെ ഉജ്ജ്വല പ്രകടനത്തിന് ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്യംസണിന് പ്ലയര്‍ ഓഫ് ദി സീരീസ് അവാര്‍ഡും നേടിക്കൊടുത്തു. ഇന്ത്യന്‍ പോരാട്ടം സെമിയില്‍ ന്യൂസിലന്‍ഡിന് മുന്നില്‍ അവസാനിച്ചെങ്കിലും രോഹിത് ശര്‍മ ഏറ്റവും കുടുതല്‍ റണ്‍സ് നേടിയ താരമായത് ഇന്ത്യന്‍ ടീമിനും ആരാധകര്‍ക്കും ആശ്വാസമായി. 9 ഇന്നിങ്സില്‍ അഞ്ച് ശതകമടക്കം 648 റണ്‍സാണ് രോഹിതിന്റെ ബാറ്റില്‍നിന്ന് പിറന്നത്. ഒരു ലോകകപ്പില്‍ അഞ്ച് സെഞ്ചുറി നേടുന്ന ആദ്യ താരവുമാണ് രോഹിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: