കൊച്ചി : സിസ്റ്റര്‍ അഭയക്കൊലക്കേസില്‍ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ഇരുവരും വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു.പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കേണ്ട പ്രത്യേക സാഹചര്യം ഇല്ലെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. വിചാരണയിലൂടെ കേസിലെ സത്യം പുറത്ത് വരേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
സിസ്റ്റര്‍ അഭയ കേസില്‍ ഒന്നാം പ്രതിയാണ് ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫിയാകട്ടെ മൂന്നാം പ്രതിയും. രണ്ടാം പ്രതി ഫാദര്‍ ജോസ് പൂതൃക്കയിലിനെയും നാലാം പ്രതി മൈക്കിളിനെയും നേരത്തേ കേരളാ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
അഭയ കേസില്‍ ഇരുവരും വിചാരണ നേരിടണമെന്ന തിരുവനന്തപുരം സിബിഐ കോടതിയുടെ മുന്‍ ഉത്തരവ് ചോദ്യം ചെയ്ത് ഇരുപ്രതികളും നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയും പ്രതികളുടെ ഹര്‍ജി തള്ളിയത്. കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റില്‍ വെച്ച് സിസ്റ്റര്‍ അഭയയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയശേഷം കിണറ്റില്‍ തളളി എന്ന കുറ്റത്തിനാണ് ഫാദര്‍ തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടുന്നത്.
















