കൊച്ചി: കൊച്ചി മറൈന്‍ ഡ്രൈവില്‍ 24 മണിക്കൂറും പോലീസ് നിരീക്ഷണം വേണമെന്ന് ഹൈക്കോടതി. വാക്ക് വേയിലും പരിസരങ്ങളിലും സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ടാകരുതെന്നും സമീപത്തെ കായലില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ നടപടി വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മറൈന്‍ ഡ്രൈവ് സംരക്ഷിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ വീഴ്ചവരുത്തിയെന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
മറൈന്‍ ഡ്രൈവ് നവീകരണത്തിന് രണ്ടാഴ്ചയ്‌ക്കകം നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ വിശാലകൊച്ചി വികസന അതോറിറ്റി(ജിസിഡിഎ)യ്‌ക്കും കോടതി നിര്‍ദ്ദേശം നല്‍കി. കൊച്ചി സ്വദേശി രഞ്ജിത് ജി തമ്പിയാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.
നേരത്തെ ഇത് സംബന്ധിച്ചുള്ള വാര്‍ത്ത ജന്മഭൂമി നല്‍കിയിരുന്നു. മറൈന്‍ ഡ്രൈവിലും ഗോശ്രീപാലത്തിന് സമീപത്തെ വാക് വേയിലും അടക്കം ദിനം പ്രതി നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ചൂഷണത്തിന് ഇരയാകുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ആണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കുന്ന സംഘവും സജീവമായിരുന്നു. സ്‌കൂള്‍ സമയത്തു തന്നെ മറൈന്‍ ഡ്രൈവില്‍ യൂണിഫോം ധാരികളായ വിദ്യാര്‍ത്ഥിനികള്‍ നിരവധി പേരാണ് എത്തുന്നത്. എന്നാല്‍ ഇവിടെ പോലീസ് സാന്നിധ്യം ഇല്ല. കൂട്ടുകാരുമായി ഒഴിവുസമയം ചെലവഴിക്കാനെത്തുന്നവര്‍ പോലും പലപ്പോഴും അതിക്രമത്തിന് ഇരയാകുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ വലയില്‍ വീഴ്‌ത്തി മറൈന്‍ ഡ്രൈവിലും ഗോശ്രീ പാലത്തിന് സമീപത്തെ വാക് വേയിലും എത്തിക്കുന്ന സംഘങ്ങള്‍ നിരവധിയാണ്.
പ്രണയം നടിച്ച് കുട്ടികളെ വശീകരിച്ച് എത്തിക്കുന്നവര്‍ മറൈന്‍ ഡ്രൈവിലെ വാക് വേയുടെ ഒഴിഞ്ഞ സ്ഥലങ്ങലില്‍ ഇടം പിടിക്കും. രാവിലെ എത്തുന്നവര്‍ വൈകിട്ട് സ്‌കൂള്‍ വിടുന്നസമയം വരെ അവിടെ ചെലവഴിക്കും. തിരക്ക് വര്‍ദ്ധിച്ചാല്‍ പോലും പോലീസ് ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. എല്ലാത്തിലും കണ്ണെത്തുന്നെന്ന് അവകാശപ്പെടുന്ന ഷാഡോപോലീസും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.
സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുന്ന വിവരം സ്‌പെഷ്യല്‍ ബ്രാഞ്ച് നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിട്ടും പോലീസ് നടപടി സ്വീകരിച്ചിട്ടില്ല. മാത്രമല്ല നിരവധി സംഘടനകളും വ്യക്തികളും ഇത് സംബന്ധിച്ച് പരാതികള്‍ പോലീസിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളെ ലഹരിക്ക് അടിമയാക്കുന്ന സംഘവും ഇവിടെ വ്യാപകമാണ്. കയ്യില്‍ പുകയുന്ന സിഗരറ്റുമായി ഇരിക്കുന്ന സ്‌കൂള്‍ യൂണിഫോം ധാരികളായ വിദ്യാര്‍ത്ഥികള്‍ മറൈന്‍ ഡ്രൈവിലെ സ്ഥിരം കാഴ്ചയാണ്.
















