കല്‍പ്പറ്റ: പനമരം പഞ്ചായത്തിലെ, പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട പരക്കുനി കോളനിക്കാര്‍ക്ക് വീടുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നില്ലെന്നും അത്തരമൊരു കരാറോ രേഖയോ അറിയിപ്പോ ആര്‍ക്കും കൈമാറിയിട്ടില്ലെന്നും നടി മഞ്ജു വാര്യരുടെ അഭിഭാഷകന് കല്‍പ്പറ്റ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ അറിയിച്ചു. വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കബളിപ്പിച്ചുവെന്ന കോളനിയിലെ 57 കുടുംബങ്ങള്‍ നല്കിയ പരാതിയില്‍ മഞ്ജു വാര്യര്‍ വയനാട് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി മുമ്പാകെ ഹാജരായില്ല.
അര്‍ഹരായ ഗുണഭോക്താക്കളെ സര്‍വേ നടത്തി കണ്ടെത്താന്‍ പുഷ് ഇന്റഗ്രേറ്റഡ് കമ്മ്യുണിക്കേഷനെ മഞ്ജു വാര്യര്‍ ഫൗണ്ടേഷന് ചുമതലപ്പെടുത്തിയിരുന്നു. വനവാസി കോളനിയായതിനാല്‍ സര്‍വേയ്ക്ക് ജില്ലാ കളക്ടറുടെ അനുമതിയും തേടി. പട്ടികജാതി-വര്‍ഗ്ഗ വകുപ്പിന്റെ അറിവോടെ സര്‍വേ നടത്താന്‍ കളലക്ടര്‍ അനുമതിയും നല്കി.
സാധ്യതാലിസ്റ്റാണ് തങ്ങള്‍ തയാറാക്കുന്നതെന്നും കോളനി നവീകരണം എന്നത് ഉറപ്പുള്ള കാര്യമല്ലെന്നും കോളനിവാസികളെ പുഷ് ഇന്റഗ്രേറ്റഡ് കമ്യുണിക്കേഷന്‍ പ്രതിനിധികള്‍ അറിയിച്ചിരുന്നു. ഇതിനിടെ മഞ്ജു വാര്യര്‍ കോളനി ദത്തെടുത്തതായി തെറ്റായി പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് മഞ്ജുവാര്യര്‍ ഫൗണ്ടേഷന് അഭിഭാഷകന് ലീഗല്‍ സര്‍വീസ് അതോറിറ്റിയെ ബോധിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: