ബെംഗളൂരു: രണ്ടാഴ്ചയിലേറെയായി തുടരുന്ന കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി ക്ലൈമാക്സിലേക്ക്. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സ്പീക്കര്‍ കെ.ആര്.രമേഷ്കുമാര്‍ തീരുമാനിച്ചു. വ്യാഴാഴ്ച രാവിലെ 11നാണ് വോട്ടെടുപ്പ്. വിമത എംഎല്‍എമാരില്‍ 14 പേര് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനായി വിധാന്‍ സൗധയിലെത്തിയിരുന്നു.
രാവിലെ സഭ സമ്മേളിച്ചപ്പോള്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ ഇത് അംഗീകരിച്ചില്ല. അരമണിക്കൂര്‍ സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചെയറില്‍ നിന്ന് മടങ്ങിയ സ്പീക്കര്‍ കാര്യോപദേശക സമിതി വിളിച്ചുകൂട്ടി. ഈ യോഗത്തിന് ശേഷമാണ് വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള തീയതി പ്രഖ്യാപിച്ചത്. സഭാ വ്യാഴാഴ്ച വരെ നിര്‍ത്തിവെക്കുന്നതായും സ്പീക്കര്‍ അറിയിച്ചു.
വിശ്വാസ വോട്ടെടുപ്പിന് തയാറാണെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി കഴിഞ്ഞ ദിവസം സഭയെ അറിയിച്ചിരുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ പിന്തുണച്ചിരുന്ന സ്വതന്ത്രനടക്കം 16 എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്. രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ തയാറാകാത്തതിനെ തുടര്‍ന്ന് എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
ഈ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ നിലപാട് ഇന്നറിയാം. രാജിവെച്ച എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാണ് ജെഡിഎസും-കോണ്‍ഗ്രസും ആവശ്യപ്പെട്ടിരിക്കുന്നത്. സ്പീക്കര്‍ വിമതരുടെ രാജി സ്വീകരിച്ചാലും അയോഗ്യരാക്കിയാലും സഖ്യസര്‍ക്കാരിന് തിരിച്ചടിയാണ്.
വിമതരുടെ രാജിയോടെ സഭയിലെ ആകെ അംഗങ്ങളുടെ എണ്ണം 208 ആയി ചുരുങ്ങി. കേവല ഭൂരിപക്ഷത്തിന് 105 അംഗങ്ങളുടെ പിന്തുണ വേണം. സ്പീക്കറടക്കം 101 അംഗങ്ങളാണ് സഖ്യസര്‍ക്കാരിനൊപ്പമുള്ളത്(കോണ്‍ഗ്രസ്-66, ജെഡിഎസ്-34). ഏഴ് അംഗങ്ങളുടെ കൂടി പിന്തുണയുണ്ടെങ്കിലെ വിശ്വാസവോട്ടെടുപ്പില്‍ ജയിക്കാനാകൂ. സ്വതന്ത്രന്റെയും കെപിജെപി അംഗത്തിന്റെയുമടക്കം ബിജെപിക്ക് 107 പേരുടെ പിന്തുണയുണ്ട്. വിമതര്‍ രാജിയില്‍ ഉറച്ചുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വിശ്വാസവോട്ടെടുപ്പില്‍ സഖ്യസര്‍ക്കാര്‍ പരാജയപ്പെടുമെന്ന് ഉറപ്പായി. അങ്ങനെ സംഭവിച്ചാല്‍ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാനാകും.
വിശ്വാസ വോട്ടെടുപ്പിന് രണ്ടുദിവസം കൂടിയുള്ളതിനാല്‍ വിമതരില്‍ ചിലരെയെങ്കിലും തിരിച്ചെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കോണ്‍ഗ്രസ്. അതിനിടെ, മുംബൈയിലെ ഹോട്ടലില്‍ കഴിയുന്ന 14 വിമത എംഎല്‍എമാര്‍ സംരക്ഷണം ആവശ്യപ്പെട്ട് മുംബൈ പോലീസിന് വീണ്ടും കത്തയച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നാണ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. മല്ലികാര്‍ജുന്‍ ഖര്‍ഗെയോ ഗുലാം നബി ആസാദിനെയോ അല്ലെങ്കില്‍ കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളെയോ കാണാന്‍ താല്പര്യമില്ല. അവരില്‍ നിന്ന് ഭീഷണി നേരിടുകയാണെന്നും കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: