തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐക്കാരുടെ കത്തിക്കുത്തിനെയും ഗുണ്ടായിസത്തെയും രൂക്ഷമായി വിമര്‍ശിച്ച് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാര്‍ത്ഥി പ്രസ്ഥാനം കഠാരയും കുറുവടിയുമായി ക്യാമ്പസ്സുകളില്‍ വിലസുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും അടിത്തറയില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് അദേഹം വ്യക്തമാക്കി. ഇതു പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ പ്രസ്ഥാനത്തിന് ഏറെക്കാലം നിലനില്‍പ്പില്ല എന്നു വേണം ഉറപ്പിക്കാന്‍. ഗുണ്ടായിസമല്ല, പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ആയുധം. തുല്യതയ്‌ക്കും സാമൂഹ്യനീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നവരുടെ കയ്യില്‍ ആശയങ്ങളാണ് വേണ്ടത്, ആയുധങ്ങളല്ലന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഗുണ്ടായിസമല്ല, പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ആയുധം. തുല്യതയ്‌ക്കും സാമൂഹ്യനീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നവരുടെ കയ്യില്‍ ആശയങ്ങളാണ് വേണ്ടത്, ആയുധങ്ങളല്ല. ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാര്‍ത്ഥി പ്രസ്ഥാനം, കഠാരയും കുറുവടിയുമായി ക്യാമ്പസ്സുകളില്‍ വിലസുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും അടിത്തറയില്‍ എന്തോ പ്രശ്‌നമുണ്ട്. അത് പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ പ്രസ്ഥാനത്തിന് ഏറെക്കാലം നിലനില്‍പ്പില്ല എന്നു വേണം ഉറപ്പിക്കാന്‍.
ഈ തിരിച്ചറിവ് നേതൃത്വത്തിനാണ് നഷ്ടപ്പെടുന്നതെങ്കില്‍ അവരെ കര്‍ശനമായി തിരുത്താന്‍ വിദ്യാര്‍ത്ഥി സമൂഹം മുന്നോട്ടു വന്നേ തീരൂ. ഇന്നിപ്പോള്‍ പോലീസ് തെരയുന്നവരും അറസ്റ്റിലായവരുമെല്ലാം ഇത്രകാലവും പ്രസ്ഥാനത്തെ നയിച്ചവരാണ് എന്നത് ദുഃഖകരമാണ്. ലജ്ജ തോന്നുന്നു, തല കുനിക്കുന്നു എന്നെല്ലാം യുവജന നേതാക്കള്‍ക്ക് പറയേണ്ടിവരുന്ന സാഹചര്യം വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് നാണക്കേടാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദേഹം പറഞ്ഞു.
















