കോട്ടയം: 2016ല്‍ മഠം ഉപേക്ഷിച്ച കന്യാസ്ത്രീ സംഘപരിവാരിന്റെ അധ്യാപക സംഘടനയില്‍ അംഗത്വം സ്വീകരിച്ചു. കോട്ടയം ജില്ലയില്‍ നിന്നുള്ള സിലിമോള്‍ സെബാസ്റ്റ്യന്‍ ആണ് ദേശീയ അധ്യാപക പരിഷത്ത് സംഘടനയില്‍ ചേര്‍ന്നത്. 2016ല്‍ ആണ് സിലിമോള്‍ മഠത്തില്‍ നിന്ന് സ്വയം പുറത്ത് വന്നത്. നിരവധി പേരുടെ എതിര്‍പ്പിനെ മറികടന്നാണു സിലിമോള്‍ മഠം ഉപേക്ഷിച്ചു പുറത്തുവന്നത്. മഠത്തില്‍ നിന്ന് പുറത്ത് വന്നതിനെ തുടര്‍ന്ന് യാഥാസ്ഥിതിക സമൂഹത്തില്‍ നിന്ന് ധാരാളം എതിര്‍പ്പുകളും അവഗണനയും നേരിടേണ്ടി വന്ന തനിക്ക് വിദ്യാര്‍ഥികള്‍ നല്‍കിയ സഹകരണവും പിന്തുണയുമാണ് കരുത്തു നല്‍കികയതെന്നും സിലിമോള്‍ പറഞ്ഞു. കോട്ടയം ജില്ലയിലെ കത്തോലിക്ക സഭയുടെ കീഴിലുള്ള സെന്റ് ജോണ്‍സ് നെപുംസിയാന്‍സ് സ്‌കൂളിലെ അധ്യാപികയാണ് സിലിമോള്‍ സെബാസ്റ്റ്യന്‍. പ്ലസ് ടു വിഭാഗത്തില്‍ സോഷ്യല്‍വര്‍ക്ക് അധ്യാപികയായാണു സിലിമോള്‍. കഴിഞ്ഞ ദിവസം കോട്ടയത്ത് ദേശീയ അധ്യാപക പരിഷത്ത് സംഘടിപ്പിച്ച വനിതാ അധ്യാപക സംഗമത്തില്‍ വച്ചായിരുന്നു അംഗത്വം സ്വീകരിച്ചത്. ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ സദാനന്ദന്‍ മാസ്റ്ററുടെ കൈയില്‍ നിന്നാണ് സിലിമോള്‍ അംഗത്വം സ്വീകരിച്ചത്.
















