തിരുവനന്തപുരം: ഏക സംഘടനാവാദം ഉയര്‍ത്തി കലാലയങ്ങളില്‍ എസ്എഫ്‌ഐ തേര്‍വാഴ്ചയാണ് നടത്തുന്നതെന്ന് സിപിഐ വിദ്യാര്‍ഥിസംഘടനയുടെ സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍. ഇന്നേവരെ ഒറ്റ കെഎസ്യുക്കാരനും എബിവിപിക്കാരനും ഞങ്ങളെ മര്‍ദിച്ചിട്ടില്ല. അടികിട്ടിയതെല്ലാം എസ്എഫ്‌ഐക്കാരില്‍ നിന്നാണ്. ഇടത് ഐക്യത്തിനുവേണ്ടി ശരീരം കൊണ്ടു സഹിക്കാന്‍ ഇനി ഞങ്ങളെക്കിട്ടില്ലെന്നും എഐഎസ്എഫ് നേതാവായ ശുഭേഷ് സുധാകരന്‍ പറയുന്നു.
മൂന്നു പതിറ്റാണ്ടായി ഗുണ്ടായിസവും ക്രിമിനല്‍ വാഴ്ചയുമാണു യൂണിവേഴ്‌സിറ്റി കോളജില്‍ നടക്കുന്നത്. കോളജ് യൂണിയനിലേക്കു മത്സരിക്കാനൊരുങ്ങിയ ഞങ്ങളുടെ കൂട്ടത്തില്‍പെട്ട മണിമേഖല എന്ന വിദ്യാര്‍ഥിനിയെ കയ്യേറ്റം ചെയ്ത സംഭവത്തിന് പിന്നാലെ അവിടെ പഠിപ്പിക്കില്ലെന്നു അവര്‍ പ്രഖ്യാപിച്ചപ്പോള്‍ അക്കാര്യം സംസാരിക്കാന്‍ അവിടെ പോയിരുന്നു. എന്നാല്‍ അകത്തേക്ക് പ്രവേശിക്കാന്‍ പോലും അനുവദിച്ചില്ലെന്നും അദ്ദേഹം പറയുന്നു.
പാമ്പാടി നെഹ്‌റു കോളജിലെ മാനേജ്‌മെന്റിന്റെ ഇടിമുറിക്കെരിതിരെ സമരം ചെയ്തവരാണ് എസ്എഫ്‌ഐയും എഐഎസ്എഫും. ഇടിമുറികള്‍ തകര്‍ത്ത് ജനാധിപത്യത്തിന്റെ കാറ്റ് കടത്തിവിടുമെന്നു പ്രഖ്യാപിച്ച എസ്എഫ്‌ഐക്കാണ് യൂണിവേഴ്‌സിറ്റി കോളജില്‍ സ്വന്തമായി ഇടിമുറിയുള്ളത്. സര്‍വകലാശാലാ തിരഞ്ഞെടുപ്പിനു പത്രിക സമര്‍പ്പിക്കാന്‍ പോയപ്പോള്‍ കേട്ട അസഭ്യവര്‍ഷം ഞങ്ങളാരും ജീവിതത്തില്‍ മറക്കില്ലെന്നും മനോരമയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ ശുഭേഷ് പറയുന്നു.
















