ദേശീയ അന്തര്‍ദേശീയതലത്തില്‍ അതിപ്രഗത്ഭരായവരെ സംഭാവന ചെയ്ത സ്ഥാപനമാണ് യൂണിവേഴ്സിറ്റി കോളേജ്. രാജഭരണകാലത്ത് സ്ഥാപിച്ച ഈ കലാലയം ഒരുകാലത്ത് മികവിന്റെ കേന്ദ്രമായിരുന്നു. യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുക എന്നത് അന്തസ്സിന്റെയും അഭിമാനത്തിന്റെയും ചിഹ്നമായി കണ്ടിരുന്നു. മികച്ച അദ്ധ്യാപകര്‍, ശാസ്ത്രജ്ഞന്മാര്, കലാകാരന്മാര്, രാഷ്ട്രീയ ചിന്തകര്‍ എന്നീ ഗണങ്ങളില്‍പ്പെട്ട നൂറുകണക്കിനാളുകളെ സംഭാവന ചെയ്ത ഈ കലാലയം ഇന്ന് ഉല്‍പ്പാദിപ്പിക്കാന്‍ ശ്രമിക്കുന്നത് സാമൂഹ്യവിരുദ്ധരെയും ഗുണ്ടകളെയുമാണോ? മൂന്നു പതിറ്റാണ്ടായി അവിടെ പഠിച്ചവരും ഇപ്പോള്‍ പഠിക്കുന്നവരുമായവരില്‍ പലരും സാമൂഹ്യദ്രോഹികളെപ്പോലെയാണ് പെരുമാറുന്നത്. ഈ കലാലയത്തില്‍ ഇന്ന് പഠിക്കുന്നവരില്‍ 90 ശതമാനവും സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐയുടെ അണികളാണെന്നാണ് അവകാശവാദം. എന്നാല്‍ അത് മുഴുവന്‍ ശരിയല്ല. എസ്എഫ്ഐക്കാര്‍ പറയുന്നതുപോലെ പെരുമാറിയില്ലെങ്കില്‍ ജീവന് ഭീഷണിയുണ്ടെന്ന തിരിച്ചറിവാണ് അവര്‍ക്കൊപ്പം നില്‍ക്കേണ്ട ഗതികേടിലായത്.
യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ അല്ലാതെ മറ്റൊരു സംഘടനയ്ക്കും പ്രവേശനമില്ല. ആരെങ്കിലും സമീപത്തെങ്ങാനും കൊടിയോ ബാനറോ സ്ഥാപിച്ചാല്‍ പിന്നെ കലാപമായി. കൊടികെട്ടിയവനെ ഓടിച്ചിട്ട് തല്ലും. വീട്ടില്‍ ചെന്നുപോലും വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തും. കള്ളിയന്‍കാട്ടിലെ നീലിയെക്കുറിച്ച് പറയുംപോലെ യൂണിവേഴ്സിറ്റി കോളേജിന് മുന്നിലൂടെ എസ്എഫ്ഐയെ പേടിച്ചേ പോകാനാകൂ. പ്രതിയോഗികളുടെ പ്രകടനം പോയാല്‍ കോളേജില്‍നന്നും കല്ലെറിഞ്ഞ് ഓടിക്കും. പ്രതികളെ പിടിക്കാന്‍ ക്യാമ്പസില്‍ പോലീസ് കയറിയാല്‍ തൊട്ടടുത്ത ഏകെജി സെന്ററില്‍നിന്നും തലമുതിര്‍ന്ന് സിപിഎം നേതാക്കളെ കൊണ്ടുവന്ന് പോലീസിനെ ആട്ടിയോടിക്കും. തിരുവനന്തപുരം നഗരത്തില്‍ സിപിഎമ്മിന്റെ ഗുണ്ടാപ്പണിക്ക് ക്വട്ടേഷന്‍ നല്‍കുന്നത് യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐക്കാരാണ്. ഒരു പഠനവും നടത്താതെ എസ്എഫ്ഐ സംഘടനാ ചുമതലക്കാരനെന്ന വിലാസത്തില്‍ പല ക്രിമിനലുകളും അവിടെ തമ്പടിക്കും. കോളേജിനകത്ത് രാത്രിതാമസവും തീറ്റയും കുടിയും അധികൃതരുടെ മൗനസമ്മതത്തോടെ നടക്കുന്നു. ശനിയാഴ്ച പോലീസ് പരിശോധന നടത്തിയപ്പോള്‍ യൂണിറ്റ് ഓഫീസില്‍ വടിവാളുകളും മദ്യക്കുപ്പിക്കളും ഗ്യാസ് സ്റ്റൗവുമൊക്കെയാണ് കണ്ടെത്തിയത്.
കോളേജിലെ ക്രിമിനല്‍ സംഘത്തിന്റെ വികൃത മുഖമാണ് വെള്ളിയാഴ്ച ജനങ്ങള്‍ കണ്ടത്. സിപിഎം കുടുംബത്തില്‍നിന്നും പഠിക്കാനെത്തിയ എസ്എഫ്ഐക്കാരന് തന്നെയായ അഖിലിനെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് നെഞ്ചത്ത് കത്തികുത്തിക്കേറ്റി. നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ടാണ് കുത്തിയത്. അതിന് മുമ്പ് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഏറെക്കാലമായി കലാലയത്തില്‍ നടക്കുന്ന നിഷ്ഠൂരമായ അക്രമത്തിന് സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം എസ്എഫ്ഐക്കെതിരെ പ്രകടനത്തിനിറങ്ങി. പ്രതിഷേധം അലയടിച്ചു. വിദ്യാര്‍ത്ഥി കുത്തേറ്റ് രക്തം വാര്‍ന്നൊഴുകുമ്പോഴൂം ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സമ്മതിച്ചില്ല. കോളേജ് അധികൃതരാകട്ടെ പോലീസിനെ അറിയിക്കാന്‍പോലും തുനിഞ്ഞില്ല. ഒടുവില്‍ കേട്ടറിഞ്ഞെത്തിയ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അഖിലിന് ശസ്ത്രക്രിയയും നടത്തേണ്ടി വന്നു. സംഭവത്തോടനുബന്ധിച്ച് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതികള്‍ ഒളിവിലാണ്. അതിനിടയിലാണ് എസ്എഫ്ഐ കലാലയ യൂണിറ്റ് പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചത്. സിപിഎം ഒത്താശയോടെയാണ് എസ്എഫ്ഐ തെമ്മാടിത്തം എന്നത് രഹസ്യമല്ല. നഗരത്തില്‍ സമാധാനമുണ്ടാകണമെങ്കില്‍ യൂണിവേഴ്സിറ്റി കോളേജ് മറ്റെങ്ങോട്ടെങ്കിലും മാറ്റിസ്ഥാപിക്കണം. അതിനാര്‍ക്കുണ്ട് ആര്‍ജ്ജവം എന്നാണ് കാണാനിരിക്കുന്നത്.
യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് നേതാക്കളായി 13 പേരുണ്ട്. എകെജി സെന്ററില്‍നിന്ന് നിശ്ചയിക്കുന്നവരാണ് യൂണിയന് ഭാരവാഹികള്‍ ആകുന്നത്. അതിനാല്‍ പാര്‍ട്ടി കൊല്ലാന്‍ പറഞ്ഞാലും തിന്നാന്‍ പറഞ്ഞാലും ഇവര്‍ ചെയ്യണം. ഇതേ മനോഭാവമാണ് കോളേജില്‍ യൂണിയന് നേതാക്കളുടേത്. നേതാക്കള്‍ പറയുന്നതേ വിദ്യാര്‍ഥികള്‍ ചെയ്യാവൂ. ഒരാള്‍ക്ക് അനിഷ്ടമായി ഒരു വിദ്യാര്‍ഥി പ്രവര്‍ത്തിച്ചാല്‍ അത് എല്ലാവരുടെയും അനിഷ്ടമാകും. മരച്ചുവട്ടില്‍ ഇരുന്ന് പുസ്തകം വായിക്കുന്നതിന് നേതാവിന്റെ അനുമതിവേണം. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ക്യാന്റീനില്‍ പോകാന്‍ പാടില്ല. ക്യാന്റീനില്‍ ആഹാരം കഴിച്ചുകൊണ്ടിരുന്നാല്‍ പോലും നേതാക്കള്‍ വന്നാല്‍ എണീക്കണം. ലൈബ്രറിയില്‍ പോകണമെങ്കിലും അനുമതിവേണം. ഇത്തരത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സ്വാതന്ത്ര്യമില്ലാതെ വീര്‍പ്പുമുട്ടുകയാണ് യൂണിവേഴ്സിറ്റി കോളേജ്. സ്വാതന്ത്ര്യമില്ലെങ്കിലും പഠിക്കാനെങ്കിലും അനുവദിച്ചാല്‍ മതിയെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഒരു തടവറപോലെയാക്കി മാറ്റിയ കോളേജിലെ അദ്ധ്യാപകരില്‍ പലരും വാര്ഡന്മാരെപ്പോലെ എസ്എഫ്ഐക്കൊപ്പം നില്ക്കുന്നു. ഇതിനറുതിവരുത്താന്‍ സാമൂഹ്യബോധമുള്ളവരുടെയും വിദ്യാര്‍ത്ഥികളുടെയും മനസ്സുണരുകതന്നെ വേണം. വെള്ളിയാഴ്ച കണ്ട വിദ്യാര്‍ത്ഥി കൂട്ടായ്മ തുടര്‍ന്നാല്‍ കലാലയത്തെ കാപാലികരില്‍നിന്നും മോചിപ്പിക്കാന്‍ കഴിയുമെന്നുറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: