വംശനാശം സംഭവിക്കുന്നു എന്നൊക്കെ നാം സാധാരണയായി പറയാറുണ്ട്. അതൊരു കാലഘട്ടത്തിന്റെ ആവശ്യമായി മാറാറുമുണ്ട്. ഇന്നിപ്പോള്‍ നാം കാണുന്നത് കോണ്‍ഗ്രസിന്റെ വംശനാശമാണോ? അല്ലെന്ന് പറയാന്‍ കഴിയുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണ്.
ജനാധിപത്യബോധം ഇവിടെ മനുഷ്യരുടെ രക്തത്തിലുള്ളതുമാണ്. ഒരു ഹിന്ദുവിന് അങ്ങനെയേ ചിന്തിക്കാന്‍ കഴിയൂ… പ്രതിയോഗികളെപ്പോലും പ്രതിയോഗി ആണ് എന്നറിഞ്ഞുകൊണ്ടുതന്നെ ചുവന്ന പരവതാനി നിവര്‍ത്തി സ്വീകരിച്ചിരുന്ന നാടാണിത് എന്നതോര്‍ക്കുക. അതുകൊണ്ട് ഒരു മുഖ്യ പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസ് നാമാവശേഷമാവണം എന്നാഗ്രഹിക്കാത്ത ഒരാളാണ്, വ്യക്തിപരമായിട്ട്. എന്നാല്‍ അതാണിന്ന് നടക്കുന്നത്; അതിലേക്ക് കാര്യങ്ങള്‍ കോണ്‍ഗ്രസ്തന്നെ എത്തിച്ചിരിക്കുന്നു. കര്‍ണാടകത്തില്‍ അതാണ് കണ്ടത്; പിന്നെ ഗോവ, ഇനി എവിടെയെല്ലാം?
കര്ണാടകത്തിലേത് ഒരു അവിശുദ്ധ കൂട്ടുകെട്ടാണ് എന്നതില്‍ ആര്‍ക്കെങ്കിലും എതിരഭിപ്രായം ഉണ്ടാവുമെന്ന് തോന്നുന്നില്ല. അവിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായി തോറ്റതാണ്, അവരാണ് അന്ന് അവിടെ ഭരിച്ചിരുന്നത് എന്നതോര്‍ക്കുക. ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി, എന്നാല്‍ അവര്‍ക്ക് ഭൂരിപക്ഷം ലഭിച്ചില്ല. ജനതാദള്‍-എസ് ആയിരുന്നു മറ്റൊരുകക്ഷി. എല്ലാ സീറ്റുകളിലും മത്സരിച്ച അവര്‍ക്കും കനത്ത പരാജയമായിരുന്നു ഫലം. എന്നാല്‍ ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്താനായി ജനങ്ങള്‍ നിരാകരിച്ചവരൊക്കെ ഒന്നിച്ചുചേരുകയായിരുന്നു. ആദ്യമേ മുതല്‍ അവിടെ ഭരണസഖ്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവല്ലോ. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തീരെ യോജിപ്പില്ലാതെ മാറിനിന്നതും കരുനീക്കങ്ങള്‍ നടത്തിയതും കണ്ടതാണ്. സര്‍ക്കാരിന് ഈ നിലയ്ക്ക് മുന്നോട്ട് പോകാനാവില്ലെന്ന് പരസ്യമായി പറയാന്‍ മുഖ്യമന്ത്രി കുമാരസ്വാമി തയ്യാറായതും കാണാതെ പോയിക്കൂടാ. സൂചിപ്പിച്ചത് ഇപ്പോള്‍ ഉണ്ടായിട്ടുള്ള ആഭ്യന്തര കലാപത്തിന് അന്നുമുതലേ തുടക്കമായതാണ് എന്നാണ്. അതാണ് ഇപ്പോള്‍ വലിയ കലാപമായി രൂപപ്പെട്ടത്. അതിനിടയില്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഈ ഭരണസഖ്യം ഒന്നിച്ചാണ് മത്സരിച്ചത്. എന്നാല്‍ ഒന്നൊഴികെ എല്ലാ സീറ്റുകളിലും ബിജെപി വിജയിച്ചു. അതോടെയാണ് കോണ്‍ഗ്രസിലെ കലാപം അണപൊട്ടിയൊഴുകിയത്. സ്വാഭാവികമാണ്, അത്തരമൊരു സാഹചര്യം ഭരണപക്ഷത്ത് ഉടലെടുക്കുമ്പോള്‍ അത് പ്രയോജനപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിക്കുമല്ലോ. അത്രയേ ബിജെപി അവിടെ ചെയ്തിട്ടുള്ളു.
എന്നാല്‍ അമ്പതുകോടി, നാല്പതു കോടി ഒക്കെ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ക്ക് നല്‍കിയെന്ന് കോണ്‍ഗ്രസുകാര്‍ ആക്ഷേപിക്കുന്നത് കണ്ടു. ബിജെപിക്കൊപ്പം പോയെന്ന് പറയുന്ന ചിലര്‍ കോണ്‍ഗ്രസ് പക്ഷത്തേക്ക് തിരിച്ചെത്തുന്നതും കണ്ടു. ചില കോണ്‍ഗ്രസ് മന്ത്രിമാര്‍ ചെന്നുകണ്ട് സംസാരിച്ചപ്പോഴാണ് അവര്‍ മടങ്ങിയതത്രെ. നാല്പതും അന്‍പതും കോടി വാങ്ങിയവര്‍ അങ്ങനെ ചെയ്യുമോ? ഇനി അങ്ങനെയുള്ളവരാണ് അവരെങ്കില്‍ എത്രകോടി കൊടുത്തിട്ടാണ് ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ തിരികെ സ്വന്തം പാളയത്തിലേക്ക് എത്തിച്ചത്? ഇതിനൊക്കെ മറുപടി പറയാന്‍ കോണ്‍ഗ്രസിനും മുഖ്യമന്ത്രിക്കും ബാദ്ധ്യതയില്ലേ. യഥാര്‍ഥത്തില്‍ കോണ്‍ഗ്രസിലും ജെഡിഎസിലും ഉണ്ടായ ആഭ്യന്തര പ്രശ്നങ്ങളുടെ പരിണിതഫലമാണ് അവിടെയുണ്ടായ കലാപം. അതിനുകാരണം സ്വന്തം പാര്‍ട്ടിയിലെ എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും വിശ്വാസമില്ലാത്തതും. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ വിവരിക്കേണ്ടതില്ല. പാര്‍ട്ടി അധ്യക്ഷന്‍ രാജിവെച്ചിട്ട് കാലമേറെയായി. പകരമൊരാള്‍ ഇനിയും ആയിട്ടില്ല. നാഥനില്ലാക്കളരിയായി അത് മാറിയിരിക്കുന്നു. ഇത്തരമൊരു സ്ഥിതിയില്‍ ആര്‍ക്കെങ്ങനെ ആ പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ചു മുന്നോട്ട് പോകാനാവും?
കര്‍ണാടകത്തിലെ ഇപ്പോഴത്തെ പ്രശ്നം സുപ്രീം കോടതിയിലാണ്. അത് ഗൗരവമുള്ള ഒരു ഭരണഘടനാ പ്രശ്നമാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. സ്പീക്കറുടെ അധികാരങ്ങളില്‍ കൈകടത്താന്‍ കോടതിക്ക് അധികാരമുണ്ടോ എന്നതാണ് സുപ്രീം കോടതിയില്‍ ഉന്നയിക്കപ്പെടുന്നത്. ഇത് ആദ്യമായല്ല ഈ വിഷയം ഉയര്‍ന്നുവരുന്നത് എന്ന് നമ്മുടെ നീതിന്യായ ചരിത്രം കാണിച്ചുതരുന്നു. 1965ലെ കേശവ് സിങ് കേസ് മുതല്‍ നാം കേട്ടിട്ടുള്ളതാണ്. കൂറുമാറ്റ നിയമത്തിന്റെ കാര്യത്തിലും സ്പീക്കറുടെ പരമാധികാരം ചോദ്യം ചെയ്യപ്പെട്ടതാണ്. അവിടെയൊക്കെ കോടതിയാണ് പരമാധികാരിയെന്ന് വിധി വന്നിട്ടുള്ളതുമാണ്. എന്തായാലും ഇപ്പോള്‍ കര്‍ണാടകത്തിലെ സര്‍ക്കാരും അതിനൊപ്പം നില്‍ക്കുന്നവരും ഉദ്ദേശിക്കുന്നത് സര്‍ക്കാരിന്റെ കാലാവധി പരമാവധി നീട്ടുക എന്നതാവണം. അതിനപ്പുറം ഈ നിയമപോരാട്ടത്തി ല്‍ അവര്‍ എന്തെങ്കിലും പ്രതീക്ഷിക്കുന്നെന്ന് കരുതിക്കൂടാ.
ഇത് കര്‍ണാടകത്തില്‍ മാത്രമുള്ള കാര്യമല്ല എന്നതും കാണേണ്ടതുണ്ട്. തെലങ്കാനയില്‍ 19 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 13 പേര് രാജിവെച്ച് ടിആര്‍എസില്‍ പോയി. അത് അവിടുത്തെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്ചകള്‍ക്കകമാണ്. ആന്ധ്രയിലെ നാല് ടിഡിപി എംപിമാര്‍ അടുത്തദിവസങ്ങളിലാണ് ബിജെപിയിലെത്തിയത്. ഗോവയിലും നാം അത് കണ്ടു. 15 അംഗ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയിലെ പത്തുപേര്‍ ബിജെപിയില്‍ ചേര്‍ന്നു. ആ പത്തുപേരില്‍ കഴിഞ്ഞ മെയ് മാസത്തില്‍ പനാജി മണ്ഡലത്തില്‍ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച കോണ്‍ഗ്രസ് എംഎല്‍എയുമുണ്ട്. മൂന്നുമാസം തികയും മുമ്പ് ഒരു എംഎല്‍എയ്ക്ക് പാര്‍ട്ടി വിടേണ്ടിവരുന്നുവെങ്കില് അതെന്തുകൊണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം ചിന്തിക്കേണ്ടതില്ലേ? അവിടെ അവശേഷിക്കുന്ന മറ്റ് അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ നാലുപേരും മുന്‍ മുഖ്യമന്ത്രിമാരാണ്. അവര്‍ക്ക് ഇപ്പോഴും മുഖ്യമന്ത്രി കസേരയിലാണ് കണ്ണ്. പരസ്പരം അവര്‍ തമ്മിലടിക്കുന്നു. ഗോവയിലെ ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്, ആ നാലുപേര്‍ പാര്‍ട്ടിയുടെ ശാപമാണ് എന്നാണ്. യഥാര്‍ഥത്തില്‍ സഹികെട്ടിട്ടാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നത്. അങ്ങനെ ഒരു സ്ഥിതി കോണ്‍ഗ്രസിലുണ്ടായാല്‍ അത് പ്രയോജനപ്പെടുത്തേണ്ടത് ബിജെപിയുടെ ഉത്തരവാദിത്വമല്ലേ. അതെ അവര്‍ ചെയ്തിട്ടുള്ളു.
നമ്മുടെ രാഷ്ട്രീയ സംസ്കാരത്തില്‍ വലിയമാറ്റം ഉണ്ടായിട്ടുണ്ട്. മുന്‍കാലങ്ങളില്‍, 1960-കള്‍ മുതല്‍ അധികാരത്തിനുവേണ്ടി എന്തുംചെയ്യുന്ന ശീലം കോണ്ഗ്രസിനുണ്ടായിരുന്നുവല്ലോ. പ്രതിപക്ഷം അന്ന് ഇത്രത്തോളം ശക്തവുമായിരുന്നില്ല. ‘ആയാറാം ഗയാറാം’ എന്ന പ്രയോഗംതന്നെ ഇന്ത്യയിലുണ്ടായത് അക്കാലത്താണ്. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അവര്‍ എന്തൊക്കെ അക്കാലത്ത് ചെയ്തിരിക്കുന്നു. ജെഎംഎം കോഴക്കേസിന്റെ ചരിത്രം എന്താണ് എന്നതും മറന്നുകൂടല്ലോ. പ്രതിയോഗികളെ ഇല്ലാതാക്കുന്നതും അവരുടെ ശീലമായിരുന്നു. കേരളത്തില്‍ ഇഎംഎസ് സര്‍ക്കാരിനെയും ആന്ധ്രയില്‍ എന്‍ടി രാമറാവു സര്‍ക്കാരിനെയും അട്ടിമറിച്ചത്, കര്‍ണാടകയില്‍ രാമകൃഷ്ണ ഹെഗ്ഡെ, എസ്ആര്‍ ബൊമ്മെ സര്‍ക്കാരുകളുടെ തകര്‍ച്ച, തമിഴ്നാട്ടില്‍ ഡിഎംകെ സര്‍ക്കാരിനെ തകര്‍ത്തത്… അങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍ ദക്ഷിണേന്ത്യയില്‍തന്നെ ഉയര്‍ത്തിപ്പിടിക്കാനുണ്ട്. അടുത്തകാലത്ത് രൂപം കൊണ്ട ഛത്തിസ്ഗഢ്, തെലങ്കാന എന്നിവയൊഴികെ എല്ലായിടത്തും രാഷ്ട്രപതി ഭരണമുണ്ടായിട്ടുമുണ്ട്. ഭരണഘടന രൂപപ്പെട്ടതിനു ശേഷം അനുച്ഛേദം 356 ഇവിടെ 115 തവണ പ്രയോഗിച്ചിരുന്നു. അതില്‍ 84 എണ്ണവും (73 ശതമാനം) കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ്. അതിലേറെയും സ്വന്തം രാഷ്ട്രീയ താത്പര്യത്തിന് വേണ്ടിയായിരുന്നുവല്ലോ. അതായത് കോണ്‍ഗ്രസ് വിരുദ്ധ പക്ഷത്തുള്ള പാര്‍ട്ടികളെയും അവയുടെ സര്‍ക്കാരുകളെയും തകര്‍ക്കാനായി നടത്തിയ നീക്കങ്ങളുടെ ചിത്രം കൂടിയാണ് ഈ കണക്കുകള്‍. അവരാണിപ്പോള്‍ ജനാധിപത്യത്തിന്റെ കാവല്‍ മാലാഖമാരെപ്പോലെ പ്രസംഗിച്ചുനടക്കുന്നത്. ഇപ്പോള്‍ പ്രശ്നമുള്ളത് ബിജെപി വിരുദ്ധപക്ഷത്താണ്… അത് കണ്ട് സഹിക്കാനാവാതെ പലരും ബിജെപിയിലേക്ക് വന്നാല്‍ എന്തിന് തടയണം?
ഇത് കര്‍ണാടകത്തിലും ഗോവയിലും ഒതുങ്ങുന്നില്ലെന്നത് വസ്തുതയാണ്. മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്നിപ്പോള്‍ വീഴാത്തത്, അതിന് ബിജെപി തീരുമാനിക്കാത്തതുകൊണ്ടാണ് എന്ന് കരുതുന്ന ഒരാളാണ് ഞാന്‍. അത്രയ്ക്ക് ദുര്‍ബ്ബലമാണ് ആ സര്‍ക്കാരിന്റെ അവസ്ഥ എന്നത് പറഞ്ഞറിയിക്കേണ്ടതില്ല. ബംഗാളില്‍ 107 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറായിരിക്കുന്നു എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മുകുള്‍ റോയ് കഴിഞ്ഞ ദിവസം പറഞ്ഞത്. അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സൂചിപ്പിച്ചതാണിത്. തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളിലെ എംഎല്‍എമാര്‍ അവരിലുള്‍പ്പെടുന്നു. ഇത് ഒരു വലിയ മാറ്റമാണ്, നരേന്ദ്ര മോദിയിലും ബിജെപിയിലുമുള്ള വിശ്വാസം വര്‍ധിക്കുന്നു എന്നതാണ് കാണേണ്ടത്. അതിനപ്പുറം ദേശീയതയിലൂന്നിയ ഒരു പൊതുപ്രവര്‍ത്തന സമ്പ്രദായമാണ് വേണ്ടതെന്ന് എല്ലാവരും സമ്മതിക്കുന്നുമുണ്ട്. അതിലൊക്കെ ഉപരി, പറഞ്ഞത് ചെയ്യുന്ന, ചെയ്യാവുന്നത് മാത്രം പറയുന്ന ഒരു പ്രസ്ഥാനമാണ് ബിജെപി എന്നതും തിരിച്ചറിയപ്പെടുന്നു. വ്യക്ത്യാധിഷ്ഠിത-കുടുംബാധിഷ്ഠിത രാഷ്ട്രീയത്തിന്റെ കാലം തീര്‍ന്നുവെന്ന തിരിച്ചറിവും ഈ മാറ്റത്തിന് കാരണമാവുന്നുണ്ട്. അതുകൊണ്ട്, ഒരു മുഖ്യ പ്രതിപക്ഷകക്ഷിയെന്ന നിലയ്ക്ക് കോണ്‍ഗ്രസിന്റെ നാശം ദു:ഖകരമാണ് എന്നത് താത്വികമായി സമ്മതിക്കുമ്പോഴും രാജ്യതാത്പര്യം നോക്കുമ്പോള്‍ ആ തകര്‍ച്ച ഗുണകരമാണ് എന്നതാണ് വിലയിരുത്തേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: