തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐക്കാര്‍ കുത്തിയത് പാര്‍ട്ടി കുടുംബത്തിന്റെ നെഞ്ചത്ത്. പാരമ്പര്യമായി സിപിഎം പാര്‍ട്ടി കുടുംബമാണ് അഖിലിന്റെ നിര്‍ധന കുടുംബം. അഖിലിന്റെ മുത്തച്ഛന് കേശവന് സ്ഥലത്തെ അറിയപ്പെടുന്ന സിപിഎം നേതാവായിരുന്നു. ആ പാരമ്പര്യത്തിലൂടെ അഖിലിന്റെ അച്ഛന് ചന്ദ്രനും അമ്മ ജിജുവും സഹോദരി ചിഞ്ചുവും പാര്‍ട്ടി പ്രവര്‍ത്തകരായി.
പാര്‍ട്ടിയുടെ ചെറുതും വലുതുമായ എല്ലാ പരിപാടികളിലും അഖിലിന്റെ കുടുംബം മുഴുവന്‍ പങ്കെടുക്കും. പാര്‍ട്ടി കുടുംബത്തിന്റെ അടുത്ത തലമുറയുടെ വ്യക്തിത്വമായാണ് അഖിലിനെ വീട്ടിലെല്ലാവരും കണ്ടിരുന്നത്. എസ്എഫ്ഐയുടെ പ്രവര്‍ത്തനങ്ങളില്‍ കലാലയത്തില്‍ അഖില്‍ പിന്നിലായിരുന്നില്ല. യൂണിറ്റ് ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. എന്നാല്‍, പാര്‍ട്ടിയെ നെഞ്ചോടു ചേര്‍ത്തതിന്റെ പാരിതോഷികമാണ് നെഞ്ചിലേറ്റ കുത്തെന്ന് ഈ കുടുംബത്തിന് ഇന്ന് വിശ്വസിക്കേണ്ട അവസ്ഥയിലാണ്. ചന്ദ്രന് ഓട്ടോറിക്ഷ ഓടിച്ച് അതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് കുടുംബത്തെ പോറ്റുന്നത്.
മഹാരാജാസ് കോളേജില്‍ എസ്ഡിപിഐക്കാര് കുത്തിക്കൊന്ന അഭിമന്യുവിന്റെ അമ്മയുടെ നാന്‍പെറ്റ മകനെ എന്ന നിലവിളി സംസ്ഥാന മുഴുവന്‍ കേള്‍പ്പിച്ച് പണം പിരിച്ചവരാണ് എസ്എഫ്ഐയും സിപിഎം നേതൃത്വവും. ആ അഭിമന്യുവിന്റെ ചിത്രത്തിനു മുന്നിലിട്ടാണ് അഖിലിനെ കുത്തിയത്. അഖിലിന് ഇനി കാര്യമായി തൊഴില്‍ ചെയ്ത് ജീവിക്കാന്‍ പറ്റിയെന്നു വരില്ല. എന്ത് പേരു പറഞ്ഞ് പണം പിരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.
പാര്‍ട്ടിക്ക് തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണിന്ന് അഖലിനേറ്റ കുത്ത്. പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും മുന്‍ എംഎല്‍എ ശിവന്‍കുട്ടിയും അഖിലിനെ ആശുപത്രയില്‍ സന്ദര്‍ശിച്ചു. കേസുമായി മുന്നോട്ട് പോകണമെന്നും പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും പറഞ്ഞു. ഇതേ നേതാക്കള്‍ തന്നെയാണ് യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റിനെ പിരിച്ചുവിടുമെന്ന് അഖിലേന്ത്യാ സെക്രട്ടറി വി.പി. സാനു പറഞ്ഞപ്പോള്‍ ഇപ്പോള്‍ പിരിച്ചുവിടേണ്ട ആവശ്യമില്ലെന്ന് എസ്എഫ്ഐ ജില്ലാ നേതൃത്വത്തെ ഉപദേശിച്ചത്.
അഖിലിനെ കാണാനോ പാര്‍ട്ടി കുടുംബത്തെ ആശ്വസിപ്പിക്കാനോ ഒരു മന്ത്രിയും ഇതുവരെയും തയാറായിട്ടില്ല. തലസ്ഥാനത്തെ മന്ത്രിയാകട്ടെ അവസാന വിവരം കിട്ടുമ്പോള്‍ അഡ്വഞ്ചര്‍ ടൂറിസത്തിലാണ്. ടൂറിസത്തിലെ ഫോട്ടോകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: