തിരുവനന്തപുരം: മലയാള സിനിമ രംഗത്തിനു നല്കിയ സമഗ്ര സംഭാവനയ്ക്കുള്ള ജന്മഭൂമി പുരസക്കാരത്തിന് സംവിധായകന് കെ എസ് സേതുമാധവന് തെരഞ്ഞെടുക്കപ്പെട്ടു. ടി.കെ രാജീവ് കുമാര്‍ (ചെയര്മാന്). മേനക സുരേഷ്കുമാര്‍, ജലജ ,ഭാവചിത്ര ജയകുമാര്‍, ടി ജയചന്ദ്രന്, പി ശ്രീകുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. ജൂലൈ 20 ന് തൃശ്ശൂരില്‍ നടക്കുന്ന അവാര്‍ഡ് നിശയില്‍ പുരസക്കാരം വിതരണം ചെയ്യും.
മലയാള സിനിമാ വ്യവസായത്തെയും മദ്ധ്യവര്‍ത്തി സിനിമാ പ്രസ്ഥാനത്തെയും കെട്ടിപ്പടുത്ത കെ.എസ്. സേതുമാധവന്, 1961 ലാണ് ജ്ഞാനസുന്ദരി എന്ന സിനിമയുമായി കടന്നു വന്നത്. പിന്നീട്, മലയാളിയുടെ ചലച്ചിത്രപരമായ കലാബോധത്തെയും ജനപ്രിയതയെയും നിയന്ത്രിച്ച, രൂപപ്പെടുത്തിയ ഡസന്‍കണക്കിനു സിനിമകള്‍. അഭിനയത്തിന്റെ വ്യാകരണം സൃഷ്ടിച്ച, ആംഗിളുകളുടെ രാഷ്ട്രീയം നിശ്ചയിച്ച, തിരക്കഥയുടെ പ്രഭാവം കണക്കാക്കിയ സിനിമകള്‍. അവയിലൂടെ സേതുമാധവന് മലയാളസിനിമയിലെ സവിശേഷപ്രതിഭാസമായും വ്യത്യസ്തപ്രഭാവവുമായി വളരുകയായിരുന്നു.
കൃത്യം മുപ്പതു വര്‍ഷങ്ങള്‍ക്കുശേഷം 1991ല്‍ വേനല്‍ക്കിനാവുകള്‍ എന്ന ചലച്ചിത്രത്തോടെ മലയാളത്തില്‍ സിനിമാസാക്ഷാത്ക്കാരം നിർത്തിയ സേതുമാധവന് ഈ മുപ്പതാണ്ടുകൊണ്ട് മലയാളത്തില്‍ ചലച്ചിത്രകാഴ്ചയെ രൂപപ്പെടുത്തി വരും തലമുറയ്ക്കു കൈമാറുകയായിരുന്നു. പാറപ്പുറത്തന്റെ നോവലുകളായ പണിതീരാത്ത വീട്, അരനാഴികനേരം, മലയാറ്റൂരിന്റെ നോവല്‍ യക്ഷി, കെടി മുഹമ്മദിന്റെ നാടകം കടല്‍പ്പാലം, എംടിയുടെ ചെറുകഥ ഓപ്പോള് , തകഴിയുടെ അനുഭവങ്ങള്‍ പാളിച്ചകള്‍, മുട്ടത്തുവര്‍ക്കിയുടെ കരകാണാക്കടല്‍, കേശവദേവിന്റെ ഓടയില്‍നിന്ന്.. തുടങ്ങി എണ്ണം പറഞ്ഞ സാഹിത്യസൃഷ്ടികള്‍ക്ക് സിനിമാവിഷ്ക്കാരം നല്കി മലയാള സാഹിത്യത്തെ അംഗീകരിച്ച സിനിമാ സംവിധായകനാണ് സേതുമാധവന്.
സിനിമ വ്യവസായത്തിന്റെയും താരങ്ങളുടെയും ഉദയം സൃഷ്ടിച്ച സംവിധായകനാണ് സേതുമാധവന്. പ്രേംനസീറിനെയും സത്യനെയും മധുവിനെയും കമലഹാസനേയും നടന്മാരും താരങ്ങളുമാക്കിയ, സേതുമാധവനെത്തേടി ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ എത്തിയത് നിരവധി തവണ. തുടര്‍ച്ചയായ മൂന്നു വര്‍ഷം മികച്ച സംവിധായകനുള്ള സംസ്ഥാന പുരസക്കാരം നേടിയിട്ടുള്ള സേതുമാധവനെ മലയാള ചലച്ചിത്രലോകത്തെ സമഗ്രസംഭാവനക്കുള്ള ‘ജെ സി ദാനിയല്‍’പുരസ്ക്കാരം നല്കി ആദരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: