ന്യൂദല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം സംബന്ധിച്ച് ഹൈക്കമാന്‍ഡില്‍ ഭിന്നത രൂക്ഷം. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേയ്‌ക്ക് യുവാക്കളെ പരിഗണിക്കണമെന്ന അഭിപ്രായത്തിലാണ് ഭിന്നിപ്പ് ശക്തമായിക്കൊണ്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധി രാജിവെച്ചതോടെ അധ്യക്ഷ പദവി ഒഴിഞ്ഞു കിടക്കുന്നതിനാല്‍ ഇടക്കാലത്തേയ്‌ക്ക് ഒരാളെ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചെങ്കിലും പരിചയ സമ്പത്തുള്ളവര്‍ വേണമെന്ന് മുതിര്‍ന്ന നേതാക്കള്‍ തീരുമാനിച്ചതോടെ ഇതുസംബന്ധിച്ച് തീരുമാനത്തില്‍ എത്താതെ നീണ്ടുപോവുകയായിരുന്നു.
അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്ന് രാഹുല്‍ ഗാന്ധി നിര്‍ബന്ധം പിടിച്ചതോടെയാണ് ഇത് എങ്ങുമെത്താതെ നീണ്ടു പോകുന്നത്. മുകുള്‍ വാസ്നിക്, മല്ലികാര്‍ജുന്‍ ഖാര്‍ഗേ എന്നിവരുടെ പേരുകളാണ് നിലവില്‍ ഇടക്കാല അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. സച്ചിന്‍ പൈലറ്റിനെയോ ജ്യോതിരാദിത്യ സിന്ധ്യ യേയോ പോലുള്ള യുവനേതാക്കളെ നിര്‍ണായക ചുമതല ഏല്‍പ്പിക്കണമെന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും മുതിര്‍ന്ന നേതാക്കള്‍ ഇതിനെതിരെ രംഗതെത്തുകയായിരുന്നു.
കരുത്തനായ പാര്‍ടി അധ്യക്ഷനെ കണ്ടെത്തിയാല്‍മാത്രമേ പാര്‍ടിക്ക് പിടിച്ചുനില്‍ക്കാനാകൂവെന്ന വസ്തുത എല്ലാവരും അംഗീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സോണിയ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ അധ്യക്ഷപദവി ഏറ്റെടുക്കണമെന്നും ചിലര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. എന്നാല്‍, ആരോഗ്യകാരണങ്ങളാല്‍ സോണിയ ഇത് നിരസിച്ചു.
ലോക്സഭാതെരഞ്ഞെടുപ്പിലെ കനത്തപരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മെയ് 25നാണ് രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം രാജിവച്ചത്. ആഴ്ചകള്‍ പിന്നിട്ടിട്ടും അധ്യക്ഷനെ കണ്ടെത്താത്തത് ആശങ്കപ്പെടുത്തുവെന്ന് ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ അടുത്ത ആഴ്ച പ്രവര്‍ത്തകസമിതി യോഗം ചേരുമെന്നും ഇടക്കാല പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് ഉള്‍പ്പെടെ ചര്‍ച്ചയാകുമെന്നും ഔദ്യോഗികവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ചരിത്രത്തില്‍ വെച്ചു തന്നെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ സഖ്യകക്ഷികളില്‍ പലരും കോണ്‍ഗ്രസ്സിനെ തള്ളിക്കൊണ്ട് രംഗതെത്തിയിരുന്നു.
ഇതുകൂടാതെ കോണ്‍ഗ്രസ്സും ജെഡിഎസും ചേര്‍ന്ന് ഭരിക്കുന്ന കര്‍ണ്ണാടകത്തില്‍ എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ സംസ്ഥാന സര്‍ക്കാരിന്റെ നിലനില്‍പ് ത്രിശങ്കുവിലായിരിക്കുകയാണ്. ഇതിലെല്ലാം ഉപരി കോണ്‍ഗ്രസ് സാമ്പത്തികമായും തകര്‍ന്നടിഞ്ഞ സിഥിതിയിലാണ്. തെരഞ്ഞെടുപ്പ് വിജയത്തിനായി പണം അനാവശ്യമായി ചലവഴിക്കുകയും, ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം കുറയുകയും ചെയ്തതോടെയാണ് കോണ്‍ഗ്രസ്സിന്റെ വരുമാനം ഇടിഞ്ഞത്.
നിലവില്‍ എഐസിസി ആസ്ഥാനത്തെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും പണം ഇല്ലാത്ത അവസ്ഥയാണ്. ഇതിലെല്ലാം ഉപരി ഈ കാലയളവില്‍ ആറ് മാന നഷ്ടക്കേസുകള്‍ വിവിധ കോടതികളില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുണ്ട്. ഈ കേസുകളുടെ നടത്തിപ്പും കോണ്‍ഗ്രസ്സിന് വന്‍ സാമ്പത്തിക ബാധ്യതയാണ് വരുത്തി തീര്‍ത്തിരിക്കുന്നത്.
















