തിരുവനന്തപുരം: പഠിക്കാനുള്ള അവസരം വേറെ കിട്ടിയിട്ടും നല്ല രീതിയില്‍ പഠിക്കണം എന്ന് ആഗ്രഹിച്ചാണ് യൂണിവേഴ്‌സിറ്റി കോളേജ് തിരഞ്ഞെടുത്തത്. എന്നാല്‍ പ്രതീക്ഷിച്ചതോ സ്വപ്‌നം കണ്ടതോ ആയ അനുഭവമല്ല കോളേജില്‍ നിന്നും ഉണ്ടായത്…ആത്മഹത്യക്ക് ശ്രമിച്ച് യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ടിസി വാങ്ങിപോയ വിദ്യാര്‍ത്ഥിനി നിഖില മാധ്യമങ്ങളോട്.
ക്ലാസുകള്‍ മുടങ്ങുന്നതോടെ പഠനം നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോള്‍ മാനസികമായി ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ഭയം കാരണം അധ്യാപകരും ഒപ്പം നില്‍ക്കാനുണ്ടായില്ല. തിരഞ്ഞുപിടിച്ച് ഉപദ്രവം പതിവായപ്പോള്‍ പ്രിന്‍സിപ്പാളിനെ കണ്ട് കാര്യങ്ങള്‍ കരഞ്ഞ് പറഞ്ഞു. പ്രിന്‍സിപ്പാളിന്റെ പ്രതികരണം തീര്‍ത്തും നിരാശാജനകമായിരുന്നു. അങ്ങേയറ്റം മനസ് മടുത്താണ് ജീവിതം അവസാനിപ്പിക്കാന്‍ പോലും തീരുമാനിച്ചത്. കൂട്ടുകാര്‍ക്കെങ്കിലും മികച്ച പഠനത്തിന് അവസരം കിട്ടട്ടെ എന്ന് മാത്രമാണ് കരുതിയതെന്നും നിഖില പറഞ്ഞു.
യൂണിവേഴ്‌സിറ്റി കോളേജില്‍ കാമ്പസിനുള്ളില്‍ മദ്യവും മയക്കുമരുന്നുമുണ്ട്. വിവിധ കേസിലുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഒളിവില്‍ കഴിയുന്നത് കാമ്പസിനകത്താണ്. പോലീസിനെ ആക്രമിച്ച കേസില്‍ പ്രതിയാക്കപ്പെട്ടവര്‍ വരെ ഒളിവില്‍ താമസിക്കുന്നത് കാമ്പസിനകത്താണ്. കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് എസ്എഫ്‌ഐ നേതാക്കളും. പ്രിന്‍സിപ്പലിനും അധ്യാപര്‍ക്കും കോളേജില്‍ യാതൊരു റോളുമില്ല. നേതാക്കളോടുള്ള ഭയം കാരണം ആരും പ്രതികരിക്കില്ല. പ്രിന്‍സിപ്പാള്‍ എസ്എഫ്‌ഐയുടെ കൈയിലെ പാവയാണെന്നും നിഖില പറഞ്ഞു.
എസ്എഫ്‌ഐ നേതാക്കളെ ചോദ്യം ചെയ്താല്‍ പരീക്ഷ എഴുതിക്കില്ലെന്നും ജീവിതം നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തും. സമരങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും നിര്‍ബന്ധിച്ച് കൊണ്ട്‌പോകും. നിരീക്ഷിക്കാന്‍ വേറെ വിദ്യാര്‍ത്ഥികളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.യൂണിറ്റ് കമ്മിറ്റിയിലുള്ളവര്‍ ക്ലാസില്‍ കയറാറില്ല. പക്ഷേ മറ്റു കുട്ടികളെ ക്ലാസിന് പുറത്തുകണ്ടാല്‍ അവര്‍ ചോദ്യംചെയ്യും.
യൂണിറ്റ് റൂമിനകത്ത് കൊണ്ടുപോയി ആണ്‍കുട്ടികളെ ഇടിക്കും. പെണ്‍കുട്ടികളെ അസഭ്യം പറയും. രാത്രിയും പകലും നേതാക്കള്‍ കോളേജിലുണ്ടാകും. അവര്‍ക്ക് എന്തുമാകാം. മറ്റ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ മിണ്ടിയാലോ അടുത്തിരുന്നാലോ സദാചാര ലംഘനവും അസഭ്യവും ആക്രമണവുമുണ്ടാകും. കാന്റീനില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ സമ്മതിക്കില്ലെന്നും നിഖില പറഞ്ഞു.
















