തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ ബി.എ ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിയ സംഭവത്തില്‍ എസ്എഫ്‌ഐക്കെതിരെ എബിവിപിയുടെ പ്രതിഷേധ മാര്‍ച്ച്. കാമ്പസിനുള്ളിലെ മരച്ചുവട്ടില്‍ പാട്ടുപാടുകയായിരുന്ന അഖിലിനെ എസ്എഫ്‌ഐ യൂണിറ്റ സെക്രട്ടറി കൂടിയായ നസീം കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് എബിവിപി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് പാട്ടുപാടി പ്രതിഷേധമാർച്ച് നടത്തിയത്.
എസ്എഫ്‌ഐക്കും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച മാര്‍ച്ചിൽ നൂറു കണക്കിന് എബിവിപി പ്രവർത്തകർ പങ്കെടുത്തു. എബിവിപിയുടെ മാര്‍ച്ചിന് തൊട്ടുമുമ്പ് ഇടത് വിദ്യാര്‍ഥി സംഘടന നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷഭരിതമായിരുന്നു. ഇതേ തുടര്‍ന്ന് സെക്രട്ടേറിയറ്റ് പരിസരത്ത് പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിരുന്നു. വെള്ളിയാഴ്ച വൈകിട്ട് തന്നെ വിവിധ വിദ്യാർത്ഥി സംഘടനകള്‍ യൂണിവേഴ്‌സിറ്റി കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, യൂണിറ്റ് സെക്രട്ടറി നസീം, അമര്‍, അദ്വൈദ്, ആദില്‍, ആരോമല്‍, ഇബ്രാഹിം എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവരെല്ലാം ഒളിവിലാണ്. കണ്ടാലറിയുന്ന മുപ്പതോളം പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ എത്താന്‍ സാധ്യതയുള്ള മിക്ക സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
















