പയ്യന്നൂര്‍: സിപിഎമ്മിന്റെ ഉന്മൂലന സിദ്ധാന്തത്തെ ജനകീയ പിന്തുണയോടെ പ്രത്യയശാസ്ത്രപരമായി നേരിട്ട് ഭാരതത്തിന്റെ മണ്ണില്‍നിന്ന് തുടച്ച് നീക്കണമെന്ന് ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരി പറഞ്ഞു. പയ്യന്നൂരിലെ ബിഎംഎസ് നേതാവായിരുന്ന സി.കെ. രാമചന്ദ്രന്റെ മൂന്നാം ബലിദാന ദിനത്തിന്റെ ഭാഗമായി അന്നൂര്‍ വില്ലേജ് ഹാളില്‍ നടന്ന അനുസമരണ സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിന്റെയും കയ്യൂക്കിന്റെയും ബലത്തില്‍ എതിരാളികളെ കൊന്നൊടുക്കുകയും അധിപത്യമുള്ള സ്ഥലങ്ങളില്‍ മറ്റുള്ളവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കലുമാണ് സിപിഎം രീതി. സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന ബലിദാനികളുടെ സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ സംഘടിതമായ പ്രവര്‍ത്തനം തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖണ്ഡ് സംഘചാലക് രാമചന്ദ്രന്‍ കാറമേല്‍ അദ്ധ്യക്ഷത വഹിച്ചു. നേരത്തെ സി.കെ. രാമചന്ദ്രന്റെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയ നേതാക്കള്‍ രാമചന്ദ്രന്റെ വീടും സന്ദര്‍ശിച്ചു.
ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സഹകാര്യവാഹ് എം. തമ്പാന്‍, വിഭാഗ് പ്രചാര്‍ പ്രമുഖ് കെ.ബി. പ്രജീല്‍, പയ്യന്നൂര്‍ ജില്ലാ കാര്യവാഹ് പി. രാജേഷ് കുമാര്‍, ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ. രഞ്ചിത്ത്, ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്, നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ. രമേശന്‍ മാസ്റ്റര്‍, ബിഎംഎസ് ജില്ലാ ജനറല്‍ സെക്രട്ടറി സി.വി. തമ്പാന്‍ തുടങ്ങി നിരവധി സംഘപരിവാര്‍ നേതാക്കളും പ്രവര്‍ത്തകരും അമ്മമാരും ചടങ്ങില്‍ പങ്കെടുത്തു.
















