ചേര്‍ത്തല: വിദ്യാര്‍ത്ഥികള്‍ക്ക് കൃപാസനം പത്രം നല്‍കി വിവാദത്തിലായ അധ്യാപികക്കെതിരെ ഡിഇഒ വിശദീകരണം തേടി. പുസ്തകങ്ങള്‍ക്കിടയില്‍ സൂക്ഷിച്ചാല്‍ മികച്ച വിജയം നേടാമെന്ന് തെറ്റിദ്ധരിപ്പിച്ച് എട്ടാം ക്ലാസിലെ കുട്ടികള്‍ക്കാണ് അധ്യാപിക പത്രം നല്‍കിയത്. ഇതിനെതിരെ വിവിധ സംഘടനകളും രക്ഷാകര്‍ത്താക്കളും രംഗത്തുവന്നിരുന്നു.
പട്ടണക്കാട് എസ്‌സിയു വിഎച്ച്എസ്എസിലെ ജൂസഫിന എന്ന അധ്യാപികയാണ് വിദ്യാര്‍ത്ഥികള്‍ക്ക് കൃപാസനം പത്രം നല്‍കിയത്. രണ്ടാഴ്ച മുന്‍പായിരുന്നു സംഭവം. പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ അവധിയിലാണ്. എന്നാല്‍ അധ്യാപികയ്‌ക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകാത്തത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച ആരോപണ വിധേയയായ അധ്യാപികയെ ഡിഇഒ നേരില്‍ വിളിച്ച് വിശദീകരണം തേടിയത്.
സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി അഞ്ചംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഇവര്‍ 24ന് സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികളില്‍നിന്ന് അധ്യാപകരില്‍ തെളിവെടുപ്പ് നടത്തുമെന്നും റിപ്പോര്‍ട്ട് ഉന്നത അധികാരികള്‍ക്ക് കൈമാറുമെന്നും ഡിഇഒ സുജയ പറഞ്ഞു.
















