കോണ്‍ഗ്രസ്സ് മുക്ത ഭാരതം എന്ന ആശയം മുന്നോട്ടുവച്ചതും, കേന്ദ്രത്തില്‍ ആ പാര്‍ട്ടിയുടെ അധികാരക്കുത്തക അവസാനിപ്പിച്ചതും നരേന്ദ്ര മോദിയും ബിജെപിയുമാണ്. എന്നാല്‍ ഈ ആശയം ഇപ്പോള്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നത് കോണ്ഗ്രസ്സുകാര് തന്നെയാണ്. കര്‍ണാടകയില്‍ ജെഡിഎസുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സര്‍ക്കാരില്‍നിന്ന് 13 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരും രാജിവച്ചതോടെ ഫലത്തില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമായിരിക്കുന്നു. എംഎല്‍എമാര്‍ സമര്‍പ്പിച്ച രാജിക്കത്തില്‍ തീരുമാനമെടുക്കാതെ സര്‍ക്കാരിനെ രക്ഷിക്കാന്‍ വഴിവിട്ട് കളിക്കുകയാണ് കോണ്‍ഗ്രസ്സുകാരനായ സ്പീക്കര്‍. സര്‍ക്കാരിനെ രക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പരസ്യപ്രഖ്യാപനം പ്രാവര്‍ത്തികമാക്കാനാണ് സ്പീക്കര്‍ ശ്രമിക്കുന്നത്. എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന തങ്ങളുടെ നിര്‍ദേശം അവഗണിച്ച സ്പീക്കറെ സുപ്രീം കോടതിയും വിമര്‍ശിച്ചു. ഏതായാലും തത്ക്കാലം തല്‍സ്ഥിതി തുടരാനാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പരസ്പരം എതിര്‍ത്ത് മത്സരിച്ച കോണ്‍ഗ്രസ്സും ജെഡിഎസ്സും, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ അധികാരത്തിന് പുറത്തുനിര്‍ത്താന്‍ ജനവിധിയുടെ അന്തസ്സു പാലിക്കാതെ ഒരുമിച്ചുചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുകയാണ് ചെയ്തത്. അധികാരമേറ്റനാള്‍ മുതല്‍ അസ്ഥിരത ഈ സര്‍ക്കാരിന്റെ മുഖമുദ്രയാണ്. ഇരുപാര്‍ട്ടികള്‍ തമ്മിലും പാര്‍ട്ടികള്‍ക്കുള്ളിലും നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കിടയിലും പോര് ശക്തമാണ്. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ, കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍, ഉപമുഖ്യമന്ത്രി കെ. പരമേശ്വര എന്നിവര്‍ തമ്മിലുള്ള കടുത്ത ശത്രുത പലയാവര്‍ത്തി പുറത്തുവന്നു. കോണ്‍ഗ്രസ് പിന്തുണ സ്വീകരിച്ച് സര്‍ക്കാരുണ്ടാക്കിയത് വിഷം കുടിച്ചതുപോലെയാണെന്നും, തന്നെ ഭരിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഒരുഘട്ടത്തില്‍ കുമാരസ്വാമി പരിതപിച്ചു. ഇതിന്റെ തുടര്‍ച്ചയായി വേണം എംഎല്‍എമാരുടെ കൂട്ടരാജിയെ കാണാന്‍.
കര്‍ണാടകയിലെ ഭരണ പ്രതിസന്ധിയുടെ പേരില്‍ കോണ്ഗ്രസ്സുകാര് പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കുകയും ഇറങ്ങിപ്പോകുകയും ചെയ്തു. ബിജെപിയെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു ഇത്. പാര്‍ട്ടിയിലും സര്‍ക്കാരിലുമുള്ള വിശ്വാസം നഷ്ടപ്പെട്ട് സ്വന്തം എംഎല്‍എമാര്‍ രാജിവച്ചതില്‍ ബിജെപി എന്തുപിഴച്ചുവെന്ന് മനസ്സിലാവുന്നില്ല. എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറുകയല്ല ചെയ്തത്. സ്ഥാനം രാജി വയ്ക്കുകയാണ്. ഇത് പറ്റില്ലെന്നുപറയാന്‍ കോടതിക്കുപോലും അവകാശമില്ല. എംഎല്‍എമാരുടെ രാജി സ്വീകരിച്ചാല്‍ അത് സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായതിന് തെളിവാകും. അപ്പോള്‍ കുമാരസ്വാമി രാജിവയ്ക്കേണ്ടിവരും. ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ അവസരം തെളിയും. ജനാധിപത്യവിരുദ്ധ മാര്‍ഗങ്ങളിലൂടെ ഈ സ്ഥിതിവിശേഷം ഒഴിവാക്കാനാവുമോയെന്നാണ് കോണ്‍ഗ്രസ്സ് നോക്കുന്നത്.
കോണ്‍ഗ്രസ്സ് ഇപ്പോള്‍ അനാഥമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തില്‍നിന്ന് ആ പാര്‍ട്ടിക്ക് ഇനി മോചനമില്ല. പരാജയത്തിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ മേല്‍ കെട്ടിവച്ച് രാജി നാടകം കളിക്കുകയാണ് രാഹുല്‍ ഗാന്ധി. ഇതൊരു ചര്‍ച്ചാ വിഷയമാക്കി മകന്റെ കഴിവില്ലായ്മയ്ക്ക് മറയിടുകയാണ് അമ്മ സോണിയയുമായി ചേര്‍ന്ന് നെഹ്റു കുടുംബത്തിന്റെ വൈതാളികര്‍. നയിക്കാന്‍ ആരുമില്ലാത്ത പാര്‍ട്ടിയെ മറ്റുള്ളവര്‍ രക്ഷിച്ചുകൊള്ളണമെന്ന് പറയുന്നത് പരിഹാസ്യമാണ്. കര്‍ണാടകയില്‍ മാത്രമല്ല, അയല്‍ സംസ്ഥാനമായ ഗോവയിലും കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ പാര്‍ട്ടിവിട്ടു. പത്തുപേരാണ് ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ്സ് മുക്തഭാരതം വെറും അവകാശവാദമല്ല, യാഥാര്‍ത്ഥ്യമാണെന്ന് കൂടുതല്‍ കൂടുതല്‍ വ്യക്തമാവുകയാണ്. ഇന്ന് കര്‍ണാടകയിലും ഗോവയിലുമാണെങ്കില്, നാളെ അത് മറ്റ് സംസ്ഥാനങ്ങളിലും സംഭവിക്കാം. ഏതുവിധത്തില്‍ നോക്കിയാലും കര്‍ണാടകയിലെ സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നു എന്നു വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: