ഷിര്‍ദിക്കടുത്തുള്ള കോപ്പര്‍ഗാവില്‍ നിന്ന് ബാബയെ കാണാനെത്തിയതായിരുന്നു ബാലാസാഹെബ് മിരിക്കര്‍. അദ്ദേഹം ദ്വാരകാമായിയിലെത്തി ബാബയെ കണ്ടു വണങ്ങി. ബാബ വീട്ടു വിശേഷങ്ങളാരാഞ്ഞു. പിന്നീട് ബാബ പറഞ്ഞു തുടങ്ങിയ കാര്യങ്ങളെല്ലാം സാഹെബിന് അസാധാരണമായി തോന്നി.
‘നിങ്ങള്‍ക്ക് ഞങ്ങളുടെ ദ്വാരകാമായിയെ അറിയുമോ? ‘ ഇല്ലെന്നു തലകുലുക്കി, ഒന്നും മനസ്സിലാകാതെ മിഴിച്ചു നിന്ന സാഹെബിനോട് ബാബ, ദ്വാരകാമായി ആരെന്നു വിശദീകരിച്ചു തുടങ്ങി. നിങ്ങള്‍ ഈയിരിക്കുന്ന സ്ഥലമാണ് ഞങ്ങളുടെ ദ്വാരകാമായി. അമ്മയാണത്. സങ്കടവും ദുരിതവുമായി വരുന്ന എല്ലാ കുഞ്ഞുങ്ങളേയും ഈ അമ്മ മടിത്തട്ടിലിരുത്തി ലാളിക്കും. എല്ലാ ആപത്തില്‍ നിന്നും രക്ഷിക്കും. ദയാമയിയാണ് ദ്വാരകാമായി.
വീണ്ടും ദ്വാരകാമായിയെക്കുറിച്ച് വര്‍ണിച്ചു കൊണ്ടിരുന്നു. അതിനു ശേഷം വിഭൂതി സമ്മാനിച്ച് സാഹെബിന്റെ തലയില്‍ കൈ വച്ച് അനുഗ്രഹിച്ചു. സാഹെബ്, ബാബയോട് യാത്ര പറഞ്ഞ് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ വീണ്ടും ബാബ വിളിച്ചു’ നിങ്ങള്‍ക്ക് ലംബാ ബാവ ( നീളം കൂടിയ ബാവ ) യെ അറിയുമോ? അതായത് സര്‍പം ? ‘അതിനു ശേഷം പാമ്പിന്റെ രൂപഭാവങ്ങള്‍ കൈകൊണ്ട് അനുകരിച്ചു കാണിച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു തുടങ്ങി. പക്ഷേ പാമ്പ് എത്ര ശ്രമിച്ചിട്ടും കാര്യമില്ല. അവന് ദ്വാരകാമായിയുടെ മക്കളെ എന്തു ചെയ്യാനാകും? ഒന്നും ചെയ്യാന്‍ കഴിയില്ല.
അവിടെ കൂടിയിരുന്നവരെല്ലാം ശ്രദ്ധയോടെ അതു കേട്ടിരിക്കുകയായിരുന്നു. ആര്‍ക്കും ഒന്നും മനസ്സിലായില്ല. ഈ പറഞ്ഞതിന്റെയെല്ലാം അര്‍ഥമെന്തെന്ന് ബാബയോട് ചോദിക്കാന്‍ ആര്‍ക്കും ധൈര്യം വന്നില്ല.
സാഹെബ് പുറത്തോട്ടിറങ്ങി. ബാബയുടെ ശിഷ്യന്‍ ഷാമയോടൊപ്പമാണ് സാഹെബ് ഇറങ്ങിയത്. അതുകണ്ട് ബാബ ഷാമയെ തിരിച്ചു വിളിച്ചു. ‘നഅദ്ദേഹത്തിന് കൂട്ടൂ പോകണം’ . ബാബ പറഞ്ഞു. പക്ഷേ ഷാമ കൂടെവരേണ്ടതില്ലെന്ന് സാഹെബ് വിലക്കി. വെറുതേ ബുദ്ധിമുട്ടിക്കേണ്ടതില്ലെന്നു കരുതിയാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്.
അക്കാര്യം ഷാമ തിരികെയെത്തി ബാബയെ അറിയിച്ചു. ‘ എങ്കില്‍ പോകേണ്ട, വരുന്നതു വരട്ടെ’ എന്നായിരുന്നു മറുപടി.
പക്ഷേ ബാബ പറഞ്ഞതിലെല്ലാം എന്തോ പന്തികേടുണ്ടെന്ന് തോന്നിയ സാഹെബ് തനിക്കൊപ്പം കൂട്ടു പോരാനായി ഷാമയെ വിളിച്ചു. അങ്ങനെ അവര്‍ യാത്രയായി. ചിതാലിയിലെ മാരുതി ക്ഷേത്രത്തിലേക്കായിരുന്നു യാത്ര.
പിറ്റേന്ന് രാവിലെ ക്ഷേത്രത്തിലെത്തുമ്പോള്‍ അവിടെ ശാന്തിക്കാരും മറ്റു ജോലിക്കാരുമൊന്നും എത്തിയിരുന്നില്ല. ഇരുവരും ക്ഷേത്ര പരിസരത്ത് വിശ്രമിക്കാനിരുന്നു. സാഹെബ് പത്രവായന തുടങ്ങി. പെട്ടെന്ന് അവിടെ നിന്നിരുന്നവരിലൊരാള്‍ ‘പാമ്പ് , പാമ്പ് ‘ എന്ന് അലറി വിളിച്ചു.
ഷാമ നോക്കിയപ്പോള്‍ ബാലാസാഹെബിന്റെ മേല്‍മുണ്ടില്‍ ഒരു പാമ്പിരിക്കുന്നു! ബാലാ സാഹെബ് ഭയന്നു വിറച്ചു. വടിയും കമ്പുമായി ആളുകള്‍ ഓടിയടുത്തു. പക്ഷേ ആളുകള്‍ ഇടപെടും മുമ്പു തന്നെ പാമ്പ് ശാന്തനായി താഴെയിറങ്ങി. വൈകാതെയത് ചത്തു വീണു.
അതായിരുന്നു ബാബ മുന്‍കൂട്ടി കണ്ടതെന്നും അവ്യക്തമായാണെങ്കിലും തന്നെ അറിയിക്കാന്‍ ശ്രമിച്ചതെന്നും സാഹെബിനു ബോധ്യമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: