തിരുവനന്തപുരം: കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം എസ്എഫ്‌ഐക്കെതിരെ സമരത്തിനിറങ്ങിയതോടെ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചു വിട്ടതായി അഖിലേന്ത്യ അധ്യക്ഷന്‍ വിപി സാനു അറിയിച്ചു. എസ്എഫ്‌ഐ ശക്തമായ യൂണിവേഴ്‌സിറ്റി കോളേജ് പോലൊരു സ്ഥലത്ത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചത്. ഇപ്പോഴുണ്ടായ സംഭവങ്ങളില്‍ യൂണിയന്‍ ഭാരവാഹികള്‍ക്ക് പങ്കുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കും. ഇങ്ങനെയൊരു സംഘര്‍ഷാവസ്ഥ രൂപം കൊള്ളുന്നത് തടയുന്നതില്‍ യൂണിയന്‍ ഭാരവാഹികള്‍ക്ക് വീഴ്ച സംഭവിച്ചു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടിയായി കോളേജ് യൂണിയന്‍ പിരിച്ചു വിടുന്നത്. ഇക്കാര്യത്തിലെ ഭാവി നടപടികള്‍ എസ്എഫ്‌ഐ പ്രാദേശിക കമ്മിറ്റികള്‍ സ്വീകരിക്കുമെന്നാണ് സാനു പറഞ്ഞത്.
നേരത്തെ യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ.യൂണിറ്റ് പിരിച്ചു വിട്ട് ഇലക്ഷന്‍ നടത്തണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു. എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും ക്യാമ്പസില്‍ അനുവദിക്കണം. ഇനിയും എസ്എഫ്‌ഐയുടെ ഫാസിസം അനുവദിക്കില്ലെന്ന് വിദ്യര്‍ത്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു. യൂണിവേഴ്‌സിറ്റി ക്യാമ്പസിനകത്തെ പ്രശ്നങ്ങള്‍ നിയന്ത്രിക്കാനോ ഒഴിവാക്കാനോ യൂണിറ്റിന് കഴിഞ്ഞിട്ടില്ലന്നും വിദ്യര്‍ത്ഥികള്‍ പറഞ്ഞു. മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥി അഖിലിന് കുത്തേറ്റതിനെത്തുടര്‍ന്നാണ് എസ്.എഫ്.ഐക്കെതിരെ വിദ്യാര്‍ഥികള്‍ ഒന്നടങ്കം പ്രതിഷേധിച്ചത്. കോളേജിലെ യൂണിറ്റു കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗുണ്ടായിസമാണ് ക്യാമ്പസില്‍പ നടക്കുന്നത്. വടിവാളും കത്തിയുംകൊണ്ട് സ്വന്തം പാര്‍ട്ടിക്കാരെ വരെ ആക്രമിക്കുന്നവരാണ് നേതൃത്വമെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നു.
‘ഇന്ന് രാവിലെ ഇവന്‍ യൂണിറ്റ് കമ്മിറ്റിയുടെ മരച്ചുവട്ടിലിരുന്ന് എന്നുപറഞ്ഞ് ഒരു കാരണവുമില്ലാതെ ഇവനെ അടിച്ച് അവിടുത്തെ എസ്.എഫ്.ഐക്കാരായ യൂണിറ്റ് മെമ്പര്‍മാര്. അത് ചോദിക്കാനായാണ് ഞങ്ങളെല്ലാം വന്നത്.’ക്ലാസില്‍ കേറടായെന്നും പറഞ്ഞ് എന്നെ അടിച്ചു. എന്നെ അടിച്ചത് ചോദിക്കാന്‍ വന്നതാണ് ഇവര്‍’ മര്‍ദ്ദനമേറ്റ വിദ്യാര്‍ഥി പറഞ്ഞു.
‘ചോദിക്കാനായി ഞങ്ങള്‍ പോയപ്പോള്‍ ഞങ്ങളോട് പറഞ്ഞു, ഇവിടെ ഇരിക്ക്, നമുക്ക് പരിഹരിക്കാമെന്ന്. എന്നിട്ടവര്‍ പുറത്തുപോയി വെളിയിലുള്ള ഗുണ്ടകളേയും സംസ്‌കൃത കോളജിലുള്ള യൂണിറ്റ് മെമ്പര്‍മാരേയും കൂട്ടിക്കൊണ്ടുവന്ന് ഞങ്ങളെയെടുത്തിട്ട് ഇടിച്ചു. ഇടിക്കുന്നതിന്റെ ഇടയില്‍ ഞങ്ങളെ കൂട്ടത്തിലുള്ള ഒരുത്തനെ കുത്തി. പൊളിറ്റിക്കല്‍ സയന്‍സില്‍ പഠിക്കുന്ന വിദ്യാര്‍ഥിയെ. അവനെയിപ്പോള്‍ മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയിരിക്കുകയാണ്. വടിവാളും കത്തിയുമെല്ലാമുണ്ട് അതിനകത്ത്. അടിയായിരുന്നു അതിനകത്ത്. വെളിയിലുള്ളവരും അകത്തുള്ളവരും വളഞ്ഞിട്ട് അടിക്കുകയായിരുന്നു. ‘
അതേസമയം, യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്‌ഐ ഗുണ്ടായിസം ചെറുക്കുമെന്ന് എബിവിപി വ്യക്തമാക്കി. പഠിക്കാനായി എത്തുന്ന വിദ്യാര്‍ത്ഥികളെ തല്ലിയും കുത്തിയും ഓടിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ കൈയ്യും കെട്ടി നോക്കിനില്‍ക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സംരക്ഷണം ഒരുക്കുമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി മനു പ്രസാദ് ജന്മഭൂമിയോട് പറഞ്ഞു. കോളജില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സമാധാനപരമായി പഠിക്കുവാനുള്ള അന്തരീക്ഷം സര്‍ക്കാര്‍ ഉണ്ടാക്കണം. ഇല്ലെങ്കില്‍ കടുത്ത സമരമുറകളുമായി സംഘടന രംഗത്തിറങ്ങുമെന്നും അദേഹം വ്യക്തമാക്കി.
















