തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്‌ഐ ഗുണ്ടായിസം ചെറുക്കുമെന്ന് എബിവിപി. പഠിക്കാനായി എത്തുന്ന വിദ്യാര്‍ത്ഥികളെ തല്ലിയും കുത്തിയും ഓടിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ കൈയ്യും കെട്ടി നോക്കിനില്‍ക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സംരക്ഷണം ഒരുക്കുമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി മനു പ്രസാദ് ജന്മഭൂമിയോട് പറഞ്ഞു. കോളജില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സമാധാനപരമായി പഠിക്കുവാനുള്ള അന്തരീക്ഷം സര്‍ക്കാര്‍ ഉണ്ടാക്കണം. ഇല്ലെങ്കില്‍ കടുത്ത സമരമുറകളുമായി സംഘടന രംഗത്തിറങ്ങുമെന്നും അദേഹം വ്യക്തമാക്കി.
എസ്എഫ്‌ഐയുടെ ഫാസിസ്റ്റ് നടപടികളാണ് ക്യാമ്പസില്‍ നടക്കുന്നത്. വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയുള്ള സംഘടന പ്രവര്‍ത്തനമാണ് ക്യാമ്പസില്‍ നടക്കുന്നത്. ഇപ്പോള്‍ പാര്‍ട്ടി അനുഭാവികളായ വിദ്യര്‍ത്ഥികള്‍ തന്നെ എസ്എഫ്‌ഐയുടെ ഗുണ്ടായിസത്തിനെതിരെ രംഗത്ത് എത്തി. ഇവരെ കുത്തിയും തല്ലിയും ഓടിക്കാനാണ് എസ്എഫ്‌ഐ ഗുണ്ടകള്‍ ശ്രമിക്കുന്നത്. കോളേജില്‍ കലാപ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ എബിവിപി തടുക്കുമെന്നും മനു പ്രസാദ് പറഞ്ഞു.
ഇന്നു രാവിലെ യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ഏറ്റുമുട്ടല്‍ നടന്നിരുന്നു. സംഘര്‍ഷത്തിനിടെ കുത്തിയതും കുത്തുകൊണ്ടതും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കാണ്. എസ്.എഫ്‌ഐ പ്രവര്‍ത്തകനായ മൂന്നാം വര്‍ഷ ബി.എ. വിദ്യാര്‍ഥി അഖിലിനാണ് കുത്തേറ്റത്. പരിക്കേറ്റ ഇയാളെ അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രണ്ട് ഡിപാര്‍ട്ട്‌മെന്റുകളിലെ എസ്എഫ്‌ഐക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
രണ്ട് ദിവസം മുന്‍പ് കോളജില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നും പ്രശ്‌നമുണ്ടായതെന്നാണ് വിവരം. കോളജിന്റെ ഉള്ളിലായിരുന്നു സംഘര്‍ഷം. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നെന്നാണ് വിവരം. സംഭവ സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലവിലുണ്ടെങ്കിലും കോളജിനകത്തേക്ക് പ്രവേശിക്കാന്‍ സാധിച്ചിട്ടില്ല.
















