ആറന്മുള : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കെട്ടിപിടിച്ച് അഭിനന്ദിച്ചതിനാല്‍ സിപിഎം അനുഭാവിക്ക് പ്രളയ സഹായധനം നിഷേധിക്കപ്പെട്ടതായി പരാതി. ആറന്മുള സ്വദേശി രഘുനാഥനാണ് എതിര്‍പാര്‍ട്ടി നേതാവിന്റെ ഒരുകെട്ടിപ്പിടിത്തം മൂലം ദുരന്തങ്ങള്‍ വേട്ടയാടാന്‍ തുടങ്ങിയത്.
പ്രളയത്തില്‍ കുടുങ്ങിയ നൂറോളം പേരെ രക്ഷപ്പെടുത്തിയ രഘുനാഥനെ രാഹുല്‍ ഗാന്ധി വീട്ടിലെത്തി അഭിനന്ദിച്ചിരുന്നു. സിപിഎം അനുഭാവിയായതിനാല്‍ രാഹുല്‍ ഗാന്ധിയുടെ ഈ കെട്ടിപിടുത്തം പ്രാദേശിക പാര്‍ട്ടി നേതാക്കളുടെ അനിഷ്ടത്തിന് വഴിവെയ്‌ക്കുകയായിരുന്നു.
ഇതോടെ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് തനിക്ക് പ്രളയധനസഹായം മനപ്പൂര്‍വ്വം നിഷേധിക്കുകയാണ് അദ്ദേഹം പരാതിപ്പെട്ടു. ആറന്മുള ഏഴിക്കാട് കോളനി ബ്ലോക്ക് 78 ബിയിലാണ് രഘുനാഥന്റെ താമസം. പ്രളയത്തില്‍ വീടിന് ബലക്ഷയം ഉണ്ടാവുകയും അടിത്തറ മണ്ണിലേക്ക് ഇരുന്ന് ചെരിയുകയും ചെയ്തിട്ടുണ്ട്. ഇത് ശരിയാക്കുന്നതിനുളള ധനസഹായ അപേക്ഷയുമായി മൂന്ന് തവണ പഞ്ചായത്ത് ഓഫീസില്‍ കയറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല. പിന്നീടാണ് രാഹുല്‍ ഗാന്ധിയുമായി പ്രളയ സമയത്ത് കൂടിക്കാഴ്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തനിക്ക് നീതി നിഷേധിക്കുന്നതെന്ന് രഘുനാഥന്‍ തിരിച്ചറിയുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 28 നാണ് ആറന്മുളയില്‍ എത്തിയ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും രഘുനാഥന്റെ പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളെ കുറിച്ച് അറിഞ്ഞ് വീട്ടിലെത്തുന്നത്. ഇതോടെ താന്‍ കോണ്‍ഗ്രസ് ആയെന്ന് നേതാക്കള്‍ പ്രചാരണം നടത്തിയെന്നും രഘുനാഥന്‍ കൂട്ടിച്ചേര്‍ത്തു.
















