കൊച്ചി: മഹരാജാസ് കോളേജിനകത്ത് അഭിമന്യുവിന്റെ സ്മാരകം നിര്‍മ്മിച്ചത് അനധികൃതമായാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്മാരകം നിര്‍മ്മിച്ചതിന് ശേഷമാണ് 470 കുട്ടികള്‍ അനുമതിക്കായി കോളേജ് ഗവേണിംഗ് കൗണ്‍സിലിനെ സമീപിച്ചതെന്നും സ്റ്റേറ്റ് അറ്റോര്‍ണി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അനധികൃതമായി സ്മാരകം പണിതതിന് ശേഷം അതിനെ സാധൂകരിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ കോടതി, പൊതുസ്ഥലത്തെ ഇത്തരം സ്മാരക നിര്‍മ്മാണം സര്‍ക്കാരിന്റെ പോളിസി ആണോയെന്നും ചോദിച്ചു.
മരിച്ചുപോയവരുടെയെല്ലാം സ്മാരകം വേണമെന്ന നിലപാട് അപകടകരമാണെന്ന് വ്യക്തമാക്കിയ കോടതി അടുത്ത മാസം ഒമ്പതിനകം കോളേജ് പ്രിന്‍സിപ്പാള്‍, ഗവേണിംഗ് കൗണ്‍സില്‍, പോലീസ് മേധാവി എന്നിവരോട് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. കേസ് ഓഗസ്റ്റ് 12ന് വീണ്ടും പരിഗണിക്കും.
സ്മാരകം നിര്‍മ്മിച്ചതിന് അനുമതിയുണ്ടോയെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. സ്മാരകത്തിനെതിരെ വിദ്യാര്‍ത്ഥികളായ കെ. എം അംജാദ്, കാര്‍മ്മല്‍ ജോസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. അനുമതി നല്‍കിയിട്ടില്ലെങ്കില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നും അറിയിക്കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം, സ്മാരകം നിര്‍മ്മിച്ചതിന് ശേഷമാണ് കോളജ് ഗവേണിംഗ് കൗണ്‍സിലിനെ വിദ്യാര്‍ത്ഥികള്‍ സമീപിച്ചതെന്നും ഇത് ശരിയായില്ലെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ക്കാര്‍ കോളജായ മഹാരാജാസില്‍ സര്‍ക്കാരിന്റെയോ കോളജിന്റെയോ അനുമതിയില്ലാതെയാണ് സ്മാരകം സ്ഥാപിച്ചതെന്നും അത് കാമ്പസിലെ ശാന്തിയും സമാധാനവും നശിപ്പിക്കുമെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ സ്മാരകം നിര്‍മ്മിക്കാന്‍ പ്രിന്‍സിപ്പല്‍ അനുമതി നിഷേധിച്ചിട്ടില്ലെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി വിശദീകരിച്ചു. അഭിമന്യുവിന്റെ പേരിലുള്ള സ്മാരകം ഒരു കലാസൃഷ്ടിയാണെന്നും സര്‍ക്കാര്‍ അന്ന് വ്യക്തമാക്കിയിരുന്നു. മരിച്ചുപോയ വിദ്യാര്‍ത്ഥിയുടെ സ്മാരകം അനുമതികളോടെയാണ് വേണ്ടതെന്ന് ഹൈക്കോടതി വാക്കാല്‍ പറഞ്ഞിരുന്നു.
















