ഇന്ത്യയുടെ ശിരസ്സെന്നാണ് ജമ്മുകശ്മീരിനെ വിശേഷിപ്പിക്കുന്നത്. അവിടെനിന്ന് ഇത്രയും കാലം വന്നുകൊണ്ടിരുന്ന വാര്‍ത്തകള്‍ പലതും വേദനാജനകമായിരുന്നു. പാക്കിസ്ഥാന് പിന്തുണയും പ്രേരണയും പരിശീലനവും നല്കിയ ഭീകരര്‍ ജമ്മുകശ്മീരിലെ ജനജീവിതം ദുസഹമാക്കി. ഇന്ത്യയുടെ സ്വസ്ഥത കെടുത്തി. വിഭജനകാലത്ത് തുടങ്ങിയ ഭീകരശല്യം രണ്ടുമൂന്ന് യുദ്ധങ്ങളിലേക്കാണ് എത്തിച്ചത്.
അസ്വസ്ഥമായ അന്തരീക്ഷം വികസനം മുരടിപ്പിച്ചു. ജനക്ഷേമത്തിനായി വിനിയോഗിക്കേണ്ട പണം പട്ടാളത്തിന്റെ ദൈനംദിന ചെലവിനായി നീക്കിവയ്ക്കേണ്ടിവന്നു. പട്ടാളമടക്കമുള്ള സുരക്ഷാവിഭാഗത്തിനെതിരെ നിരന്തരമായ പോരാട്ടമാണ് ഭീകരര്‍ നടത്തിക്കൊണ്ടിരുന്നത്. നൂറുകണക്കിന് ജവാന്മാര് വീരമൃത്യുവരിച്ചു. അത്രയുംതന്നെ സാധാരണജനങ്ങളും ഭീകരാക്രമങ്ങളില്‍ കൊല്ലപ്പെട്ടു. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം സുരക്ഷാവിഭാഗത്തിന് ഭീകരരെ നേരിടാന്‍ സര്‍വസ്വാതന്ത്ര്യം നല്‍കിയത് ഭീകരരെ അലോസരപ്പെടുത്തിയിരുന്നു. നിരവധി നുഴഞ്ഞുകയറ്റക്കാര്‍ കൊല്ലപ്പെട്ടു. ഗത്യന്തരമില്ലാത്ത സാഹചര്യത്തിലാണ് പത്താന്‍കോട്ടും പുല്‍വാമയിലും ഭീകരരുടെ രൂക്ഷമായ അക്രമമുണ്ടായത്.
പുല്‍വാമയിലെ അക്രമം ലോകത്തെതന്നെ ഞെട്ടിച്ചതായിരുന്നു. 40 ജവാന്മാര്ക്ക് ജീവന് നഷ്ടപ്പെട്ടു. അതിന് സൈന്യം ശക്തമായ തിരിച്ചടി നല്കി. ബാലാകോട്ടിലെ ഭീകരതാവളങ്ങള്‍ മിന്നലാക്രമണത്തിലൂടെ തരിപ്പണമാക്കി. അതിന്റെ ഞെട്ടലില്‍ നിന്ന് പാക്കിസ്ഥാന് ഇനിയും മുക്തിനേടാനായിട്ടില്ല. ആ തിരിച്ചടി ഒരര്‍ത്ഥത്തില്‍, ഭീകരാക്രമണം അവസാനിപ്പിക്കേണ്ട സാഹചര്യത്തിലേക്കാണ് പാക്കിസ്ഥാനെ എത്തിച്ചത്. വിദേശപണമൊഴുക്ക് കൂടി നിലച്ചതോടെ കശ്മീര്‍ ശാന്തമായി. കല്ലേറില്ല, കലാപമില്ല. ആ അന്തരീക്ഷം നിലനില്ക്കാന് പാക്കിസ്ഥാനോ അവര്‍ താരാട്ടുന്ന ജിഹാദി സംഘടനകളോ ആഗ്രഹിക്കുന്നില്ല. കലാപം തുടരാന്‍ ഭീകരരുടെ ഭാഗത്തുനിന്ന് ആഹ്വാനങ്ങള്‍ ഉയരുന്നുണ്ട്.
കശ്മീരില്‍ അശാന്തി പടര്‍ത്തണമെന്ന സന്ദേശവുമായി ആഗോള ഭീകരസംഘടന അല്‍ഖ്വയ്ദയുടെ തലവന്‍ അയ്മാന്‍ അല്‍ സവാഹിരി രംഗത്തെത്തിയത് അടുത്തിടെയാണ്. പുതിയ വീഡിയോ സന്ദേശത്തില്‍ കശ്മീരിനെ പ്രധാന കേന്ദ്രമാക്കിമാറ്റി ആക്രമണം നടത്താനുള്ള ആഹ്വാനവുമായാണ് കൊടുംഭീകരന് രംഗത്തെത്തിയത്. കശ്മീരിലെ പ്രദേശിക ഭീകരസംഘടനകള്‍ ഒന്നിക്കണമെന്നും ഇന്ത്യന്‍ സൈന്യത്തിനും സന്നാഹങ്ങള്‍ക്കുംനേരേ തുടര്‍ച്ചയായ ആക്രമണം നടത്തണമെന്നുമാണ് സവാഹിരിയുടെ ആഹ്വാനം.
കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെ വിശ്വസിക്കരുതെന്നും ഭീകരാക്രമണങ്ങള്‍ വഴി ഇന്ത്യന്‍ സര്‍ക്കാരിനെ അസ്വസ്ഥരാക്കണമെന്നും ഇന്ത്യക്കുണ്ടാകുന്ന ആള്‍നാശവും സന്നാഹനഷ്ടവും ആയിരിക്കണം ഭീകരരുടെ ലക്ഷ്യമെന്നും സവാഹിരി വീഡിയോയില്‍ പറയുന്നുണ്ടെങ്കിലും വിദ്യാസമ്പന്നരായ കശ്മീരിയുവാക്കള്‍ പഴയതുപോലെ അക്രമമാര്‍ഗത്തിലേക്കില്ല. രാജ്യത്തിന്റെ ഇതരഭാഗങ്ങളിലെപോലെ ജോലിലഭിക്കണം. വികസനവും ഉണ്ടാകണം.
നരേന്ദ്രമോദി സര്‍ക്കാരിന്റെ ആത്മാര്‍ത്ഥമായ നടപടികളില്‍ അവര്‍ ആകൃഷ്ടരാണ്. ജനങ്ങള്‍ക്കും സമാധാനം വേണമെന്നവര്‍ ആഗ്രഹിക്കുന്നു. അതിന്റെ തെളിവാണ് കല്ലേറ് യുദ്ധത്തില്‍ നിന്ന് പിന്‍വാങ്ങുന്നതും രാജ്യസുരക്ഷയ്ക്ക് ഞങ്ങളുമുണ്ടെന്നറിയിച്ച് മുന്നോട്ടുവരുന്നതും. ജമ്മുകശ്മീരിലെ 5500ല്‍ പരം യുവാക്കള്‍ സൈന്യത്തില്‍ ചേരാന്‍ രജിസ്റ്റര്‍ ചെയ്തു. അവര്‍ക്കുള്ള റിക്രൂട്ട്മെന്റ്റാലി ബാരാമുള്ളയില്‍ തുടങ്ങിക്കഴിഞ്ഞു. ഭൂമിയിലെ സ്വര്‍ഗം എന്ന വിശേഷണം ജമ്മുകശ്മീര്‍ വീണ്ടെടുക്കുമെന്നാശിക്കാം. അതുകൊണ്ടുതന്നെ ജമ്മു-കശ്മീരില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്നത് ശുഭവാര്‍ത്തയാണെന്ന് പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: