കൊച്ചി : മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ വ്യക്തികള്‍ക്കായി നല്‍കി വരുന്ന ജന്മാഷ്ടമി പുരസ്‌കാരം ഇത്തവണ പ്രമുഖ എഴുത്തുകാരനും കവിയുമായ ശ്രീകുമാരന്‍ തമ്പിക്ക്. കവി, നോവലിസ്റ്റ്, ചലച്ചിത്ര ഗാന രചന, സിനിമാ നിര്‍മാണം തുടങ്ങിയ സംഭാവനകള്‍ മുന്‍ നിര്‍ത്തിയാണ് ശ്രീകുമാരന്‍ തമ്പിക്ക് പുരസ്‌കാരം നല്‍കുന്നത്.
ഡോ. കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായ പുരസ്‌കാര നിര്‍ണ്ണയ സമിതിയാണ് ശ്രീകുമാരന്‍ തമ്പിയെ തെരഞ്ഞെടുത്തത്. ആഗസ്റ്റ് 17ന് തിരുവനന്തപുരത്തുവെച്ചു നടക്കുന്ന ചടങ്ങില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് പുരസ്‌കാരം സമ്മാനിക്കുക. ബാലഗോകുലത്തിന്റെ സ്‌പോണ്‍സര്‍ ഷിപ്പില്‍ ബാലസംസ്‌കാര കേന്ദ്രം ട്രസ്റ്റ് നല്‍കുന്ന 51,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
അമൃതാനന്ദമയി ദേവി, മഹാകവി അക്കിത്തം, സ്വാമി ചിദാനന്ദപുരി, സുഗതകുമാരി തുടങ്ങിയ 22 ഓളം പ്രമുഖ വ്യക്തികള്‍ക്ക് ഇതുവരെ ജന്മാഷ്ടമി പുരസ്‌കാരം സമ്മാനിച്ചിട്ടുണ്ട്.
300 ഓളം സിനിമകളിലായി രണ്ടായിരത്തിലധികം ഗാനങ്ങള്‍ക്ക് ശ്രീകുമാരന്‍ തമ്പി ഇതുവരെ വരികള്‍ ഒരുക്കിയിട്ടുണ്ട്. 30 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്, 25 പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ഗോള്‍ഡന്‍ ലോട്ടസ് ഉള്‍പ്പടെ അഞ്ച് പ്രശസ്ത അവാര്‍ഡുകളും, ജന്മഭൂമി, ഏഷ്യാനെറ്റ് തുടങ്ങി പത്ത് സ്ഥാപനഭങ്ങളുടെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡുകളും ശ്രീകുമാരന്‍ തമ്പിക്ക് ലഭിച്ചിട്ടുണ്ട്.
















