തിരുവനന്തപുരം: കാരുണ്യ പദ്ധതിയുടെ കാലാവധി നീട്ടണമെന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ആവശ്യം ധനമന്ത്രി തോമസ് ഐസക്ക് തള്ളിയതോടെ മന്ത്രിമാരുടെ തമ്മിലടി പരസ്യമായി. ആരോട് ചോദിച്ചിട്ടാണ് ആരോഗ്യമന്ത്രി പ്രഖ്യാപനം നടത്തിയതെന്നും ധനമന്ത്രി ചോദിക്കുന്നു. മന്ത്രിമാരുടെ പോരില്‍ ദുരിതത്തിലായി രോഗികള്‍.
കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയെന്ന പ്രചാരണം വന്നതോടെ ആശുപത്രികളില്‍ രോഗികള്‍ക്ക് ചികിത്സ നിഷേധിച്ചിരുന്നു. രോഗികള്‍ ബുദ്ധിമുട്ടിലായതോടെ ഈ സാമ്പത്തിക വര്‍ഷം മുഴുവനും കാരുണ്യ പദ്ധതി തുടരുമെന്നും ഉത്തരവ് ഇറങ്ങുമെന്നും മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കിയിരുന്നു. ധന വകുപ്പ് സെക്രട്ടറിയെ നേരിട്ട് വിളിച്ച് ഉത്തരവിറക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മന്ത്രിയുടെ നടപടി ധനമന്ത്രിയെ ചൊടിപ്പിച്ചു. ആരോട് ചര്‍ച്ച ചെയ്തിട്ടാണ് പ്രഖ്യാപനം നടത്തിയതെന്ന് മന്ത്രി തോമസ് ഐസക് ചോദിച്ചു. സാമ്പത്തിക ബാധ്യത വരുന്ന വിഷയം ധന വകുപ്പുമായി കൂടിയാലോചിക്കുകയോ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല. മന്ത്രി കെ.കെ ശൈലജ തന്നിഷ്ടം കാട്ടിയത് അംഗീകരിക്കാനാകില്ലെന്നും ധനമന്ത്രി നിലപാട് എടുത്തു. ശൈലജയുടെ ആവശ്യം അംഗീകരിക്കരുതെന്ന് ധനവകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശവും നല്കി. വന്‍ സാമ്പത്തിക ബാധ്യത വരുമെന്നതിനാല്‍ സര്‍ക്കാര്‍ തീരുമാനിക്കണമെന്നും തനിക്ക് ഉത്തരവ് ഇറക്കാന്‍ അധികാരം ഇല്ലെന്നും ധനകാര്യ സെക്രട്ടറി ആരോഗ്യ വകുപ്പ് സെക്രട്ടറിയെ അറിയിച്ചു. എന്നാല്‍ ധനവകുപ്പിന്റെ നിലപാടിനെ മറികടന്ന് ആരോഗ്യവകുപ്പ് ഇന്നലെ സ്വന്തം നിലയില്‍ ഉത്തരവ് പുറത്തിറക്കി. 2020 മാര്‍ച്ച് 31 വരെ കാരുണ്യപദ്ധതി തുടരുമെന്നാണ് ഈ ഉത്തരവില്‍ പറയുന്നത്.
ആരോഗ്യസുരക്ഷാ പദ്ധതിയും കാരുണ്യയും ഒന്നിച്ചു മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കി. കാരുണ്യയുമായി മൂന്നുമാസം മുന്നോട്ട് പോയി. സര്‍ക്കാരിന് പ്രത്യേക നേട്ടമുണ്ടായില്ല. അതിനാല്‍ ആരോഗ്യവകുപ്പിന്റെ തീരുമാനം പോലെ കാരുണ്യ പദ്ധതി ഈ സാമ്പത്തികവര്‍ഷം മുഴുവന്‍ തുടരാനാവില്ലെന്നും ധന വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഏപ്രില്‍ ഒന്നു മുതലാണ് കേന്ദ്ര സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നിലവില്‍ വന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന്റെ പേരു മാറ്റി ആയുഷ്മാന്‍ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷ എന്ന പേരില്‍ പദ്ധതി നടപ്പാക്കുകയായിരുന്നു.
എന്നാല്‍ കാരുണ്യ മൂന്നു മാസത്തേക്കു കൂടി തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആ കാലാവധി ജൂണ്‍ 30ന് അവസാനിച്ചിരുന്നു. തീയതി നീട്ടേണ്ടതില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. 60 ശതമാനം പേര് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായെന്നും ധനവകുപ്പ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: