തിരുവനന്തപുരം: ആരോരുമില്ലാത്ത അമ്മമാര്‍ക്ക് താമസിക്കാന്‍ വീടൊരുക്കി വഞ്ചിപുവര്‍ ഫണ്ട്. ആരും തുണയില്ലാത്ത അമ്മമാര്‍ക്ക് താമസിക്കാന്‍, ഒരിടമില്ലാത്തവര്‍ക്ക് ജീവിത സായന്തനത്തില്‍ സന്തോഷം. ഇതെല്ലാം പകര്‍ന്ന് നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ അമ്മവീട്. ആരോഗ്യവും സമ്പത്തും മക്കള്‍ക്ക് പകുത്ത് നല്‍കി രോഗങ്ങളേറ്റുവാങ്ങിയ വ്രണിത ഹൃദയങ്ങളുമായി ജീവിക്കുന്ന അമ്മമാര്‍ക്ക് ആശ്വാസമേകും ഈ അമ്മവീട്.
20 പേര്‍ക്ക് താമസിക്കാനുള്ള എല്ലാ സൗകര്യവും വിനോദത്തിന് ടിവിയും ഒരുക്കിയിട്ടുണ്ട് പുതിയമന്ദിരത്തില്‍. പാവപ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാനായി ആരംഭിച്ച വഞ്ചിപുവര്‍ഹോം എന്ന പ്രസ്ഥാനം ഇന്ന് അശരണരായ അമ്മമാര്‍ക്ക് കൂടൊരുക്കിയിരിക്കുകയാണ്. വിശാലമായ ഡൈനിംഗ് ഹാള്‍, അമ്മമാരെ പരിശോധിക്കാന്‍ എത്തുന്ന ഡോക്ടര്‍ക്ക് ഇരിക്കാനുള്ള പ്രത്യേക മുറി, ഓഫീസ് റൂം, സന്ദര്‍ശകര്‍ക്ക് ഇരിക്കാനുള്ള സ്വീകരണമുറി എന്നിവ ചേര്‍ന്ന ഇരുനില മന്ദിരമാണ് അമ്മമാര്‍ക്ക് താമസിക്കാന്‍ ഒരുക്കിയിട്ടുള്ളത്.
ഇപ്പോള്‍ ഏഴ് അമ്മമാര്‍ ഇവിടെ താമസിക്കുന്നു. എല്ലാപേര്‍ക്കും കൃതൃസമയത്ത് ഒരുമിച്ചിരുന്നുള്ള ഭക്ഷണം. എല്ലാ മാസവും ഡോക്ടര്‍ ഇവിടം സന്ദര്‍ശിച്ച് അമ്മമാരുടെ ആരോഗ്യപരിശോധന നടത്തുന്നു. അമ്മമാര്‍ക്കാവശ്യമായ മരുന്നുകള്‍ വഞ്ചിപുവര്‍ ഹോം തന്നെയാണ് വാങ്ങിനല്‍കുന്നത്. സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ നിന്നും മാസത്തിലൊരിക്കല്‍ ഡോക്ടര്‍ എത്തി അമ്മമാരെ പരിശോധിക്കുന്നു. അമ്മമാരുടെ കാര്യങ്ങള്‍ നോക്കാന്‍ 24 മണിക്കൂറും ഒരാളുടെ സേവനം. ഭക്ഷണം പാകംചെയ്യാനും മറ്റ് കാര്യങ്ങള്‍ നോക്കാനും മറ്റ് മൂന്നുപേര്‍ വേറെയുമുണ്ട്. ഉദാരമതികളായ ആളുകള്‍ നല്‍കുന്ന സംഭാവനകളാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധനം. പുതിയകെട്ടിടത്തിന്റെ ഉദ്ഘാടനം 11 ന് വൈകിട്ട് 4 ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും. എംഎല്‍എമാരായ ഒ.രാജഗോപാല്‍, വി.എസ്.ശിവകുമാര്‍ എന്നിവര്‍ സംബന്ധിക്കും.
















