അടുത്ത രണ്ട് സൂത്രത്തോടെ സാംഖ്യന്മാരുടെ പ്രധാനമല്ല ജഗത് സൃഷ്ടിയ്ക്ക് കാരണമെന്ന് സമര്‍ത്ഥിക്കുന്ന രചനാനുപപത്ത്യധികരണം കഴിയും.
സൂത്രം അന്യഥാനുമിതൗ
ച ജ്ഞശക്തിവിയോഗാത്
മറ്റൊരു തരത്തില്‍ ആലോചിക്കാമെന്ന് വെച്ചാലും ജ്ഞാനശക്തി ഇല്ലാത്തതിനാല്‍ പ്രധാനം ജഗത്തിന് കാരണമാകില്ല.ഗുണങ്ങളുടെ വിഷമാവസ്ഥയിലാണ് പ്രധാനം സൃഷ്ടിക്കുന്നത് എന്ന് പറഞ്ഞാലും പ്രധാനത്തില്‍ ജ്ഞാനശക്തിയില്ലാത്തതിനാല് സൃഷ്ടിചെയ്യാനാകില്ല.
ഈ ജഗത്തിനെ സൃഷ്ടിക്കണമെങ്കില്‍ ജ്ഞാനശക്തിയും ബുദ്ധിശക്തിയും വേണം. അചേതനമായ പ്രധാനത്തിന് ആലോചിക്കുവാനോ ആശയത്തെ വ്യക്തമാക്കാനോ കഴിയില്ല. ‘ചലം ഹി ഗുണവൃത്തി’ എന്ന സിദ്ധാന്തപ്രകാരം ഏതെങ്കിലും കാരണത്താല്‍ ഗുണങ്ങള്‍ക്ക് ചലനമുണ്ടായി സൃഷ്ടി നടത്താന്‍ പ്രധാനത്തിന് കഴിയില്ല.
ഇനി കാലം മുതലായ ഏതെങ്കിലും ശക്തിയുടെ സംഘട്ടനം കൊണ്ട് ഗുണങ്ങള്‍ക്ക് വിഷമാവസ്ഥ ഉണ്ടാകുന്നു എന്ന് പറഞ്ഞാലും ജ്ഞാനമില്ലാതെ സൃഷ്ടി നടക്കില്ല. പ്രധാനത്തിന് ജ്ഞാനമേ ഇല്ല.
അതിനാല്‍ സര്‍വ്വജ്ഞനും സര്‍വ്വ ശക്തനും സനാതനനും ചേതനാവാനുമായ ബ്രഹ്മം തന്നെയാണ് ജഗത് കാരണം എന്ന് കരുതുന്നതാണ് യുക്തം.
സൂത്രം വിപ്രതിഷേധാച്ചാസമഞ്ജസം
(വിപ്രതിഷേധാത് ച അസമഞ്ജസം)
ഒരിടത്ത് പറഞ്ഞതിന് വിരുദ്ധമായി മറ്റൊരിടത്ത് കാണുന്നതിനാല്‍ സാംഖ്യ ദര്‍ശനം വേണ്ട രീതിയിലുള്ളതല്ല.
സാംഖ്യ ദര്‍ശനത്തില്‍ പരസ്പര വിരുദ്ധങ്ങളായ പല പ്രസ്താവനകളുമുണ്ട്.
സാംഖ്യ ദര്‍ശനത്തില്‍ ഒരിടത്ത് പറയുന്നു പുരുഷന് അസംഗനും നിഷ്ക്രിയനുമാണെന്ന്. എന്നാല്‍ ഉടനെത്തന്നെ പറയുന്നു പ്രകൃതിയുടെ ദ്രഷ്ടാവാണെന്ന്. പുരുഷന് നിത്യ ശുദ്ധ ബുദ്ധ മുക്ത സ്വഭാവനാണെന്ന് പറഞ്ഞ് പിന്നെ പറയും പുരുഷന്റെ ദര്ശനാദിഭോഗത്തിനും കൈവല്യത്തിനും വേണ്ടിയാണ് ജഗത് സൃഷ്ടിയെന്ന് .
ചിലയിടത്ത് ഇന്ദ്രിയങ്ങള്‍ ഏഴാണെന്നും വേറെ സ്ഥലത്ത് ഇന്ദ്രിയങ്ങള്‍ 11 എന്നും പറയും.
തന്മാത്രകളുടെ സൃഷ്ടി അഹങ്കാരത്തില്‍ നിന്നാണെന്ന് ഒരു ഭാഗത്ത് പറയുമ്പോള്‍ മറ്റൊരിടത്ത് അത് മഹത്തത്ത്വത്തില്‍ നിന്നാണെന്ന് കാണാം.
ചിലപ്പോള്‍ അന്ത:കരണം മൂന്നാണെന്നും മറ്റു ചിലപ്പോള്‍ ഒന്നാണെന്നും പറയും. ശ്രുതിയും സ്മൃതിയും ഈശ്വരന് ഒന്നാണെന്ന് പറയുമ്പോള്‍ സാംഖ്യന്മാര് അതിനെ എതിര്‍ക്കുന്നു. ഇത് സാംഖ്യ ദര്‍ശനത്തിന്റെ ദോഷമാണ്. ഇത്തരത്തില്‍ പരസ്പര വിരുദ്ധമായ പ്രസ്താവനകളടങ്ങിയ സാംഖ്യ ദര്‍ശനം ശാസ്ത്രസമ്മതമല്ല. ‘അസംഗോയം പുരുഷ ഇതി. നിഷ്ക്രിയസ്യ തദ സംഭവത് ദ്രഷ്ടത്വാദി രാത്മനകരണത്വമിന്ദ്രിയാണാം… എന്നിങ്ങനെയാണ് വിരുദ്ധങ്ങളായ ആശയങ്ങളെ സാംഖ്യത്തില്‍ പറയുന്നത്. ഇവ ഒന്ന് മറ്റൊന്നിന് നേരെ വിപരീതമാണ്. ഈ കാരണം കൊണ്ട് തന്നെ സംശയമൊന്നുമില്ലാതെ അംഗീകരിക്കാവുന്ന ശാസ്ത്ര സിദ്ധാന്തമല്ല സാംഖ്യ ദര്‍ശനമെന്ന് വ്യക്തമാണ്.
ഈ അധികരണത്തിലെ 10 സൂത്രങ്ങളിലൂടെ സാംഖ്യമത ദര്‍ശനത്തിലെ പോരായ്മകളെ ചൂണ്ടിക്കാട്ടി പ്രധാനം ജഗത് കാരണമല്ല എന്ന് ഉറപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: