കേരളത്തിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയുടെ പുരസ്കാരദാനച്ചടങ്ങില്‍ ഏറ്റവും കയ്യടി നേടിയത് നാല് മിടുക്കികളായിരുന്നു. മികച്ച ക്യാമ്പസ് ഡോക്യുമെന്ററിയായി തിരഞ്ഞെടുക്കപ്പെട്ട ‘പ്രതിച്ഛായ’യുടെ അണിയറ പ്രവര്‍ത്തകര്‍.
അതിപ്രാചീനവും കേരളത്തിന്റെ തനതു കലാരൂപവുമായ തോല്‍പ്പാവക്കൂത്തും സിനിമയും തമ്മിലുള്ള സമാനതകള്‍ തേടിയുള്ള സഞ്ചാരമായിരുന്നു ‘പ്രതിച്ഛായ’ എന്ന ഡോക്യുമെന്ററി ചിത്രം. കൊച്ചിയിലെ അമൃത സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സസിലെ അവസാന വര്‍ഷ വിഷ്വല്‍ മീഡിയ ബിരുദ വിദ്യാര്‍ഥികളായ ഗായത്രി ശശിപ്രകാശ്, അനഘ ശിവശങ്കര്‍, അനില സഹദേവ്, അക്ഷയ പിഎസ്, കൃപാ ജയകൃഷ്ണന്, അഭിരാമി എസ്. കൃഷ്ണന് എന്നിവരായിരുന്നു അണിയറ പ്രവര്‍ത്തകര്‍. സംവിധാനവും ഛായാഗ്രഹണവുമടക്കം പൂര്‍ണമായും പെണ്‍കുട്ടികളുടെ നിര്‍മിതി, അതായിരുന്നു ‘പ്രതിച്ഛായ’.
എല്ലാവരും സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ക്ക് പിറകേ പോകുമ്പോള്‍ സമൂഹത്തിന്റെ തന്നെ അടിസ്ഥാനമായ സംസ്കാരത്തിലൂന്നിയ ഒരു ചിത്രം നിര്‍മിക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാല്‍ ആ ശ്രമം മികച്ച ക്യാമ്പസ് ഡോക്യുമെന്ററി എന്ന നേട്ടത്തിലേക്ക് തങ്ങളെ എത്തിക്കുമെന്ന് ഐഡിഎസ്എഫ്എഫ്കെയില് പങ്കെടുക്കാന്‍ തിരുവനന്തപുരത്തേക്ക് വണ്ടി കയറുമ്പോള്‍ പ്രതീക്ഷിച്ചില്ല. മറ്റാരുടെയെങ്കിലും പേരാണ് കേള്‍ക്കുന്നതെങ്കില്‍ ഉടന്‍ അവിടെനിന്ന് തിരിക്കാം എന്ന ചിന്തയോടെ പരിപാടി നടക്കുന്ന വേദിയുടെ വാതിലിനരികില്‍ തന്നെ നിലയുറപ്പിച്ചൂ, ഈ പെണ്‍കൂട്ടം. ഒടുവില്‍ പ്രഖ്യാപനം വന്നപ്പോള്‍, പ്രതിച്ഛായ എന്ന പേര് ഉറക്കെ കേട്ടപ്പോള്‍ വേദിയിലേക്കുള്ള അവരുടെ ഓടിപ്പാഞ്ഞുള്ള വരവ് ജൂറി അംഗങ്ങളില്‍ പോലും ചിരിയുണര്‍ത്തി. പ്രായം കൊണ്ട് അവിടുള്ളവരില്‍ ഏറ്റവും ചെറുതെങ്കിലും അവര്‍ തെരഞ്ഞെടുത്ത വിഷയം ഏറെ ഗൗരവം നിറഞ്ഞതായിരുന്നു. വിഷയത്തിന്റെ പ്രാധാന്യം ഒട്ടും ചോരാതെ കാഴ്ചക്കാരിലേക്കെത്തിക്കുന്നതില് വിജയം കണ്ടു.
തോല്‍പ്പാവക്കൂത്തും സിനിമയും
ഇന്ന് പുതുതലമുറയിലെ എത്രപേര്‍ക്ക് തോല്പ്പാവക്കൂത്തിനെക്കുറിച്ചറിയാം? വെളിച്ചവും നിഴലും ഒരു തിരശ്ശീലയ്ക്കപ്പുറം സമന്വയിക്കുമ്പോള്‍ പിറവിയെടുക്കുന്ന കലാരൂപം എന്നതിലുപരി ആദ്യ വിപ്ലവ കലയെക്കുറിച്ച്, ക്ഷേത്രത്തിന് പുറത്തുള്ള അവതരണത്തിലൂടെ സര്‍വ ജാതിയിലുള്ളവര്‍ക്കും പ്രാപ്യമായ തോല്‍പ്പാവക്കൂത്തിനെക്കുറിച്ച് എത്ര പേര്‍ക്കറിയാം? അത് പറഞ്ഞുതരാനുള്ള ഒരു ശ്രമം കൂടിയാണ് ഈ വിദ്യാര്‍ഥിനികളുടേത്.
ചലിക്കുന്ന ചിത്രങ്ങളിലൂടെ കഥ പറയുന്ന തോല്‍പ്പാവക്കൂത്തും ആധുനിക കലാരൂപമായ സിനിമയും സമാനതകള്‍ പങ്കുവെക്കുന്നതിന് അടിസ്ഥാനം ചലനത്തോടുള്ള മനുഷ്യന്റെ അഭിനിവേശമാണെന്ന് ‘പ്രതിച്ഛായ’യിലൂടെ സമര്‍ഥിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. ഇരു കലാരൂപങ്ങളുടെയും ശബ്ദം, വെളിച്ചം, നിഴല്‍ സംവിധാനങ്ങള്‍, സംഗീതം, തിരശ്ശീല, ജനപ്രീതി എന്നിവയിലെ സമാനതകള്‍ വിദഗ്ധരുടെ വാക്കുകളിലൂടെ ചിത്രത്തില്‍ വിശദമാക്കിയിരിക്കുന്നു.
മണ്മറയാതെ
മണ്മറഞ്ഞുപോയേക്കാവുന്ന ഒരു കലാരൂപത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് പ്രതിച്ഛായ. പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ മാത്രം കണ്ടുവരുന്ന ഒരു കലാരൂപത്തിന്റെ ഇന്നും ആരും തിരഞ്ഞുപോകാത്ത ചില സാധ്യതകളിലേക്കൊരു എത്തിനോട്ടം. കൂത്തുമാടത്തില്‍ വലിച്ചുകെട്ടിയ വെളുത്ത ശീലയ്ക്ക് പിന്നില്‍ ഒരടി മാറി വിളക്കുകള്‍ തെളിച്ച്, തുകലില്‍ നിര്‍മിച്ച രൂപങ്ങള്‍ ചലിപ്പിച്ചാണ് തോല്‍പ്പാവക്കൂത്ത് അരങ്ങേറുക. ചെണ്ട, ചേങ്ങില, ഏഴുപറ, മദ്ദളം, കുറുംകുഴല്‍ തുടങ്ങിയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് തോല്‍പ്പാവക്കൂത്ത് അവതരിപ്പിക്കുന്നത്. ചുരുങ്ങിയ സംവിധാനങ്ങളെ പരമാവധി ഉപയോഗപ്പെടുത്തുന്ന കലാരൂപം കൂടിയാണ് തോല്‍പ്പാവക്കൂത്ത്. ഭദ്രകാളി ക്ഷേത്രങ്ങളില്‍ അനുഷ്ഠാന കലയായി കാളി-ദാരിക വധം കഥ അവതരിപ്പിച്ചുകൊണ്ടായിരുന്നു ഈ കലാരൂപത്തിന്റെ ആരംഭം. ഇതിനൊപ്പം കമ്പരാമായണത്തിലെ കഥകളെ അടിസ്ഥാനമാക്കിയുള്ള പാട്ടുകള്‍ക്കൊപ്പം ചിട്ടപ്പെടുത്തിയും തോല്‍പ്പാവക്കൂത്ത് അവതരിപ്പിച്ചു പോന്നിരുന്നു. പത്ത് തലമുറകളായി ഈ കലയെ ഉപാസിക്കുന്ന പാലക്കാട് ജില്ലയിലെ പുലവര്‍ കുടുംബത്തെക്കുറിച്ച്, ഒരു കലാരൂപം കെട്ടടങ്ങാതെ നിലനിര്‍ത്തുവാന്‍ നടത്തിയ പ്രയത്നത്തെക്കുറിച്ച് ആ കുടുംബത്തിന് പറയാനുള്ളതെല്ലാം പ്രതിച്ഛായയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
പിറവി
കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ലോഗോയായി തോല്‍പ്പാവക്കൂത്തിലെ ലങ്കാലക്ഷ്മിയുടെ രൂപം വിഖ്യാത ചലച്ചിത്രകാരന് ജി. അരവിന്ദന് വിഭാവനം ചെയ്തതും സിനിമയും തോല്‍പ്പാവക്കൂത്തും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കാനാണെന്ന് ഡോക്യുമെന്ററിയില്‍ പരാമര്‍ശിക്കുന്നു. ഏറെ പ്രചാരം നേടിയ ലോഗോ തന്നെയാണ് ഈ രണ്ടു കലാരൂപങ്ങളുടെയും സമാനതകള്‍ തേടിയുള്ള യാത്രയ്ക്ക് ഈ പെണ്‍കുട്ടികളെ പ്രേരിപ്പിച്ചതും. തോല്പ്പാവക്കൂത്തില് ചലിക്കുന്ന നിഴലുകള്‍ കഥ പറയുമ്പോള്‍ സിനിമയില്‍ യഥാര്‍ഥ ജീവിതത്തിന്റെ പ്രതിബിംബങ്ങളെ, അഥവാ നിഴലുകളെ പ്രേക്ഷകര്‍ ആസ്വദിക്കുന്നു. തിരശ്ശീല ഉപയോഗിച്ചുള്ള കഥപറച്ചിലും ഒരു സമാനത തന്നെ.
സിനിമ അതിന്റെ ആരംഭദശയില്‍ ശബ്ദമില്ലാതെയാണ് ആസ്വാദകരിലേക്കെത്തിയത് എന്നു പറയുമ്പോഴും പ്രദര്‍ശനത്തിനൊപ്പം സംഭാഷണവും സംഗീതവുമൊക്കെ പിന്നണിയില്‍ നിന്ന് കലാകാരന്മാര് അവതരിപ്പിക്കുന്ന രീതിയും നിലനിന്നിരുന്നു. സാങ്കേതിക വിദ്യ വളരുന്നതിനനുസരിച്ച് മാറ്റങ്ങള്‍ക്ക് വിധേയമാകുക എന്നത് സിനിമയെന്ന കലാരൂപത്തിന് മാത്രമുള്ള സവിശേഷതയാണ്. അതുകൊണ്ടു തന്നെ സിനിമയില്‍ പിന്നീട് ശബ്ദമിശ്രണവും ശബ്ദലേഖനവുമെല്ലാം ഇടംപിടിച്ചു. ഇവയിലെല്ലാം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ ഇന്നും പരമ്പരാഗത ശൈലി പിന്തുടരുന്ന തോല്പ്പാവക്കൂത്തിലാകട്ടെ പിന്നണിയിലുള്ള കലാകാരന് തന്നെ തത്സമയം സംഗീതം അവതരിപ്പിച്ചു പോരുന്നു. ഇവയെല്ലാം ഏറ്റവും ഭംഗിയായിത്തന്നെ തങ്ങളുടെ ഡോക്യുമെന്ററിയില്‍ പകര്‍ത്താന്‍ ഈ വിദ്യാര്‍ഥിനികള്‍ക്ക് കഴിഞ്ഞു. അതുകൊണ്ടു തന്നെയാണ് പല ദേശീയ സിനിമാ പഠന കേന്ദ്രങ്ങളിലെയും കുട്ടികള്‍ കുത്തകയായി വെച്ചിരുന്ന പുരസ്കാരത്തില്‍ മുത്തമിടാന്‍ ഈ പെണ്‍കൂട്ടത്തിന് സാധിച്ചതും.
മാര്‍ഗ ദര്‍ശനം
തോല്‍പ്പാവക്കൂത്ത് കൂടുതല്‍ ജനകീയമാക്കുന്നതിന് ഇന്നും പ്രയത്നിച്ചുകൊണ്ടിരിക്കുന്ന കെ.കെ രാമചന്ദ്ര പുലവര്‍ എന്ന പരിചയസമ്പന്നനായ കലാകാരനാണ് ‘പ്രതിച്ഛായ’യില്‍ തോല്‍പ്പാവക്കൂത്തിനെക്കുറിച്ച് വിവരിച്ചിരിക്കുന്നത്. ഐ.ഷണ്മുഖദാസ്, പ്രൊഫ. സി.എസ്. ജയരാമന് എന്നിവരാണ് സിനിമയെയും തോല്‍പ്പാവക്കൂത്തിനെയും സമന്വയിപ്പിച്ചുകൊണ്ടുള്ള വീക്ഷണങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്.
പഠനത്തിന്റെ ഭാഗമായി ഡോക്യുമെന്ററി നിര്‍മിക്കാന്‍ ഇറങ്ങിയപ്പോള്‍, പഠിച്ച കലാലയത്തിലെ അധ്യാപകര്‍ പകര്‍ന്നു തന്ന ഊര്‍ജവും മാര്‍ഗനിര്‍ദേശങ്ങളുമാണ് ഇവരെ നയിച്ചത്. സാംസ്കാരിക മൂല്യങ്ങള്‍ക്കും പാരമ്പര്യ തനിമയ്ക്കും പ്രാധാന്യം കല്‍പ്പിച്ച് കലാലയത്തില്‍ സ്ഥിരമായി സംഘടിപ്പിച്ചു പോന്ന സോദാഹരണ ക്ലാസുകളാണ് ഈ കലാരൂപം പരിചയപ്പെടാന്‍ അവസരമൊരുക്കിയതെന്ന് സംവിധായിക ഗായത്രി പറയുന്നു. മൂന്നു വര്‍ഷത്തെ കലാലയജീവിതം കൊണ്ട് ഉണ്ടാക്കിയെടുത്തതാണ് സിനിമയെ സ്നേഹിക്കുന്ന പെണ്‍കുട്ടികളുടെ ഈ കൂട്ടം. അത് ഒരിക്കലും വഴി പിരിഞ്ഞു പോകാതെ, പലരും മടിക്കുന്ന വിഷയങ്ങളില്‍ കൈതൊടാനുള്ള യാത്ര ഇനിയും തുടരുമെന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: