രണ്ടാം മോദി സര്‍ക്കാരിന്റെ കന്നി ബജറ്റ് പ്രതീക്ഷിച്ചതുപോലെ തന്നെ സമഗ്രവും ക്രിയാത്മകവും ജനക്ഷേമകരവുമാണ്. ധനമന്ത്രി നിര്‍മലാ സീതാരാമന് അവതരിപ്പിച്ച ബജറ്റ് നവീനമായ ആശയങ്ങളും പദ്ധതികളുംകൊണ്ട് സമ്പന്നം. പാവപ്പെട്ടവര്‍, കര്‍ഷകര്‍, വനിതകള്‍, ഇടത്തട്ടുകാര്‍ എന്നിവരുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയിട്ടുള്ള ബജറ്റ് സമ്പദ്വ്യവസ്ഥയുടെ മുന്നേറ്റവും ലക്ഷ്യം വയ്ക്കുന്നു. ഒന്നാം മോദി സര്‍ക്കാര്‍ ഭവന നിര്‍മാണ മേഖലയിലും അടിസ്ഥാന വികസന രംഗത്തും നികുതിവരവിന്റെ കാര്യത്തിലും കൈവരിച്ച നേട്ടങ്ങളെ ബജറ്റില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. നികുതി വിഹിതത്തില്‍ 1190.01 കോടി രൂപയാണ് വര്‍ധിച്ചത്. ഇത് ഒരു റെക്കോര്‍ഡാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ആദായനികുതിയില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച ബജറ്റ് ഇടത്തട്ടുകാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. അഞ്ച് ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ ഇനി മുതല്‍ ആദായ നികുതി അടയ്ക്കേണ്ടതില്ല. അതേസമയം ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നു. രണ്ടുകോടി മുതല്‍ അഞ്ചുകോടിവരെ വരുമാനമുള്ളവര്‍ക്ക് മൂന്ന് ശതമാനവും, ഇതിനു മുകളിലുള്ളവര്‍ക്ക് ഏഴ് ശതമാനവും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയത് ശക്തമായ തീരുമാനമാണ്. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഇന്‍കം ടാക്സ് പരിശോധന ഉണ്ടാവില്ലെന്ന പ്രഖ്യാപനം തൊഴില്‍ സംരംഭകര്‍ക്ക് വളരെയേറെ ഗുണം ചെയ്യും.
2022 ആകുമ്പോഴേക്കും രാജ്യത്ത് എല്ലാവര്ക്കും വീട് ഉറപ്പാക്കുമെന്ന പ്രഖ്യാപനം ചരിത്രപരമാണ്. 1.95 കോടി വീടുകളാണ് പുതുതായി നിര്‍മിക്കുക. എല്ലാ കര്‍ഷകര്‍ക്കും വൈദ്യുതിയും പാചകവാതകവും ഉറപ്പുവരുത്തുന്നതിനു പുറമെ വീടുകള്‍ തോറും ശുചിത്വമുള്ള അടുക്കളയൊരുക്കും. ചെറുകിട വ്യാപാരികള്‍ക്കായി പ്രധാനമന്ത്രി കര്‍മയോഗി മാനദണ്ഡ് എന്ന പേരില്‍ പുതിയ പെന്ഷന് പദ്ധതിയാണ് മറ്റൊന്ന്. 1.5 കോടി രൂപയില്‍ കുറവ് വിറ്റുവരവുള്ളവര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. ഭവനവായ്പകള്‍ക്കു മേലുള്ള ആദായ നികുതിയില്‍ ഒന്നരലക്ഷം രൂപ ഇളവ് അനുവദിക്കുന്നത് വലിയൊരു വിഭാഗം ജനങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കും. പ്രതിരോധത്തിന് 3.18 ലക്ഷം കോടി നീക്കിവച്ച് രാജ്യരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.
സമ്പദ്വ്യവസ്ഥയുടെ കാര്യക്ഷമതയും ജനങ്ങളുടെ ക്ഷേമവും മുന്‍നിര്‍ത്തി ശക്തമായ തീരുമാനങ്ങളെടുത്ത് നടപ്പാക്കാന്‍ ഒന്നാം മോദി സര്‍ക്കാര്‍ മടിച്ചിട്ടില്ല. നോട്ട് റദ്ദാക്കലും ജിഎസ്ടിയും ഇതിന് തെളിവാണ്. ഒരു ബാങ്ക് അക്കൗണ്ടില്‍നിന്ന് ഒരു വര്‍ഷം ഒരു കോടി രൂപയിലധികം പിന്‍വലിച്ചാല്‍ രണ്ട് ശതമാനം ടിഡിഎസ് അടയ്ക്കണം. പത്രസമ്മേളനത്തില്‍ ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഒരൊറ്റ അക്കൗണ്ടില്‍നിന്ന് ഒരു മാസത്തിനിടെ ഇതിലേറെ തുക പിന്‍വലിക്കുന്നത് എന്തിനാണെന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ ചോദ്യത്തിന് മറുപടിയുണ്ടായില്ല.
റെയില്‍ ബജറ്റ് പ്രത്യേകം അവതരിപ്പിക്കാതെ പൊതു ബജറ്റില്‍ ഉള്‍പ്പെടുത്തിയത് മോദി സര്‍ക്കാരാണ്. പ്രയോജന രഹിതമായ പഴയ ശീലങ്ങള്‍ക്ക് മാറ്റം വരുത്തുകയായിരുന്നു ലക്ഷ്യം. റെയില്‍വേ വികസനത്തിന് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വികസന രീതികള്‍ ആവിഷ്കരിക്കാന്‍ ലക്ഷ്യമിടുന്ന ഇപ്പോഴത്തെ ബജറ്റ് 2030 വരെ 50 ലക്ഷം കോടിയാണ് റെയില്‍വേ വികസനത്തിനായി നീക്കിവയ്ക്കുക. റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിനായി വിപുലമായ പദ്ധതികളും ബജറ്റ് വിഭാവനം ചെയ്യുന്നു. രാഷ്ട്രീയ പരിഗണനവച്ച് ബജറ്റ് വിഹിതം അനുവദിക്കുന്ന കോണ്‍ഗ്രസ്സ് രീതിക്കു പകരം രാജ്യത്തെ ഒന്നായിക്കാണുന്ന സമീപനമാണ് ബജറ്റ് അവലംബിച്ചിട്ടുള്ളത്. ഇതനുസരിച്ച് കേരളത്തിന് അര്‍ഹമായ പരിഗണന ലഭിച്ചിട്ടുണ്ട്. 20,228.33 കോടി രൂപയാണ് നികുതിവിഹിതമായി കേരളത്തിന് ലഭിക്കുക.
പുതിയ ഇന്ത്യയെയാണ് ഈ ബജറ്റ് അഭിമുഖീകരിക്കുന്നതെന്ന് വ്യക്തം. സ്ത്രീകളെയും പാവപ്പെട്ടവരെയും ശാക്തീകരിക്കാനുള്ള പദ്ധതികള്‍ ഇതിന് തെളിവാണ്. ‘നാരി ടു നാരായണി’ പദ്ധതി രാജ്യത്തിന്റെ വികസനത്തില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്തും. വനിതാ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന വുമണ്‍ സെല്‍ഫ് ഗ്രൂപ്പ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഇതിലെ അംഗത്തിന് 5,000 രൂപ ഓവര്‍ ഡ്രാഫ്റ്റ് അനുവദിക്കും. വുമണ്‍ സെല്‍ഫ് ഗ്രൂപ്പിലെ ഒരംഗത്തിന് മുദ്ര പദ്ധതിപ്രകാരം ഒരുലക്ഷം രൂപയുടെ വായ്പ ലഭിക്കും. പുതുതായി രൂപീകരിക്കുന്ന ജല്‍ ശക്തി മന്ത്രാലയത്തിനു കീഴില്‍ രാജ്യത്തെ ജലസ്രോതസ്സുകളുടെ സംയോജിത മാനേജ്മെന്റ്, ആവശ്യമായ എല്ലാ വീടുകളിലും പൈപ്പിലൂടെ ശുദ്ധജലം, രാജ്യം മുഴുവന്‍ വൈദ്യുതി ഗ്രിഡിലാക്കാന് ‘വണ്‍ നേഷന്‍, വണ്‍ ഗ്രിഡ് പദ്ധതി, എല്ലാ പഞ്ചായത്തുകളിലെയും തദ്ദേശ സ്ഥാപനങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷന് ഇവയൊക്കെ പുതിയ ഭാരതത്തെ നിര്‍മിക്കും.
‘സബ്കാ സാത്ത് സബ്കാ വികാസ്’ എന്നത് വെറുമൊരു മുദ്രാവാക്യമല്ലെന്ന് ഒന്നാം മോദി സര്‍ക്കാര്‍ തെളിയിച്ചു കഴിഞ്ഞതാണ്. ഈ ദിശയില്‍ ശക്തമായ ചുവടുവയ്പ്പുകളാണ് രണ്ടാം മോദി സര്‍ക്കാരിന്റെ കന്നി ബജറ്റിലുള്ളത്. വലിയൊരളവോളം പ്രധാനമന്ത്രി മോദിയുടെ സ്വപ്നങ്ങളാണ് പ്രായോഗിക പദ്ധതികളുടെ രൂപത്തില്‍ ഈ ബജറ്റില്‍ ഇടംപിടിച്ചിട്ടുള്ളത്. ജല്‍ ശക്തി വകുപ്പ് ഉദാഹരണം. സത്യപ്രതിജ്ഞാ ചടങ്ങില്‍ മോദി ഇക്കാര്യം വാഗ്ദാനം ചെയ്തിരുന്നു. സാധാരണക്കാര്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കി സമ്പന്നര്‍ ഗുണഭോക്താക്കളാവുന്ന കോണ്‍ഗ്രസ്സ് മോഡല്‍ ബജറ്റുകള്‍ ഇനി പഴങ്കഥകള്‍. ഇത് പുതിയ ഭാരതമാണ്. ജനകോടികള്‍ അവരുടെ സ്വന്തം ശക്തിയില്‍ കെട്ടിപ്പടുക്കുന്ന ക്ഷേമ രാഷ്ട്രം. ഇത്തരമൊരു ഭാവി ഭാരതത്തിന്റെ രൂപരേഖയാണ് ഈ ബജറ്റ് വരച്ചുകാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: