നല്ല സിനിമ എന്നത് എപ്പോഴും പ്രശ്നമാണ്. കാരണം നല്ലത് എന്നതുതന്നെ എന്താണെന്നു വിശദീകരിക്കാനുള്ള വിഷമം തന്നെ. കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന സിനിമ എന്നു പറഞ്ഞാല്‍ നല്ലതിന് കുറെയൊക്കെ അര്‍ഥവ്യാപ്തി കിട്ടുമെന്നു തോന്നുന്നു. അങ്ങനെ കാണികള്‍ നെഞ്ചേറ്റിയ സിനിമകള്‍ ധാരാളം ഇവിടെ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ അതിനൊന്നും പല സിനിമാക്കാരും മിനക്കെടാറില്ലെന്നുമാത്രം.
എങ്ങനേയും ഒന്നു തട്ടിക്കൂട്ടി മുഖവും പേരും വരണമെന്നുമാത്രമുള്ള ആര്ത്തികാണിച്ചാണ് ഇത്തരക്കാര്‍ സിനിമ ചെയ്യുന്നത്. ഫലമോ എട്ടുനിലയിലല്ല പതിനാറു നിലയിലാണ് ചിത്രങ്ങള്‍ പൊട്ടുന്നത്. ദാവന്നു ദാപോയി എന്ന മട്ട് ഒരാഴ്ചപോലും പച്ചതൊടാത്ത സിനിമകളായിയിരുന്നു ആറുമാസംകൊണ്ടിറങ്ങിയവയില് ഭൂരിപക്ഷവും. 82 ചിത്രങ്ങളില്‍ 50 ലധികവും ഇത്തരത്തിലിള്ള പൊട്ടപ്പടങ്ങളായിരുന്നു. നിര്‍മാതാവിനെ പെട്ടിയിലാക്കുന്ന ഇങ്ങനെയുള്ളവ എല്ലാക്കാലത്തേക്കുമുള്ള ശാപമായി മാറുകയാണ് മലയാളത്തില്‍.
പറഞ്ഞു വരുമ്പോള്‍ ആറുമാസത്തിനിടയില്‍ ഇത്തവണയും പണംവാരിയത് രണ്ടു സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ തന്നെയാണ്. മോഹന്‍ലാലിന്റെ ലൂസിഫറും മമ്മൂട്ടിയുടെ മധുരരാജയും. ലൂസിഫര്‍ മലയാള സിനിമാചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷനായ 200 കോടി പിന്നിടുമ്പോള്‍ 100 കോടിയിലെത്തിയിരിക്കുകയാണ് മധുരരാജ.
രണ്ടു ചിത്രങ്ങള്‍ക്കും വലിയ മേന്മയില്ലെങ്കിലും സൂപ്പര്മസാല പാകത്തിനു വേണ്ടതു വേണ്ടിടത്തു തൂകി എന്നതാണിതിന്റെ ഗുണം. തനി തമിഴ് രീതിയാണ് മധുര രാജ പിന്തുടരുന്നതെങ്കിലും മമ്മൂട്ടിയുടെ അനന്യസാധാരണമായ ഗ്ളാമറും ഫാന്‍സിന്റെ ചങ്കാരവുംകൊണ്ടു പിടിച്ചു നിന്ന ചിത്രമാണ് മധുരരാജ.പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം എന്ന നിലയില്‍ അഭിമാനിക്കാവുന്നതാണ് അദ്ദേഹത്തിനു ലൂസിഫര്‍. എന്നാല്‍ പൃഥ്വിയുടെ 9 വന്നതും പോയതും അറിഞ്ഞില്ല.
അതുപോലെ തന്നെ താര സന്തതികളായ ദുല്‍ക്കറിനേയും പ്രണവിനേയും കാണികള്‍ പാടെ കൈയ്യൊഴിഞ്ഞു. ഇത്തരം സന്തതികള്‍ എന്തുകാട്ടിക്കൂട്ടിയാലും കാണികള്‍ തിയറ്ററില്‍ ഇടിച്ചുകേറുമെന്ന അബന്ധധാരണയാണ് തകിടം മറിഞ്ഞത്. ഒന്നര വര്‍ഷത്തിനുശേഷം ഇറങ്ങിയ ദുല്‍ക്കറിന്റെ ഒരു യമണ്ടന്‍ പ്രേമകഥയും പ്രണവിന്റെ ഇരുപത്തി ഒന്നാം നൂറ്റാണ്ടും യമണ്ടനായിത്തന്നെ പൊളിഞ്ഞു പാളീസായി. പിന്നേയും പിടിച്ചു നിന്നത് ആസിഫ് അലിയും ഷോണ്‍ നിഗവുമാണ്. ഉയരെയിലെ നെഗറ്റീവ് ക്യാരക്റ്റര്‍ ആസിഫിന് വലിയ ബ്രേക്കായി. അതുപോലെ നിഗത്തിന് കുമ്പളങ്ങി നൈറ്റ്സും ഇഷ്കും പ്രേക്ഷക പ്രീതി സമ്മാനിച്ചു.
കുമ്പളങ്ങി നൈറ്റസ്, ഉയരെ എന്നീ ചിത്രങ്ങള്‍ മികവിലും സാമ്പത്തിക ഭദ്രതയിലും മുന്നിട്ടു നിന്നു. പക്ഷേ ഏറ്റവും മികച്ച ചിത്രം എന്ന നിലയില്‍ കാണികള്‍ അംഗീകരിച്ച സിനിമയാണ് ഉയരെ. അതു പക്ഷേ പാര്‍വതിയുടെ സിനിമയാണ്. ഈ സിനിമയില്‍ നായികയും നായകനും ഒരാള്‍ മാത്രമായിരുന്നു,പാര്‍വതി! എന്നാല്‍ ഒന്നും തൊടാതെ പോയതാണ് ദിലീപിന്റെ കോടതി സമക്ഷം ബാലന്‍വക്കീല്‍. ഇന്നും ദിലീപിന്റെ സാറ്റൈലറ്റ് തുക കുറയാത്തതുകൊണ്ടാവണം ഇത്തരം സിനിമ അദ്ദേഹത്തിന്റെ പേരിലിറങ്ങുന്നത്.
കുറെ സംവിധായകരും അതിലേറെ പുതുമുഖങ്ങളും വന്നുപോയി. ആരേയും നിര്‍ബന്ധിച്ച് അവര്‍ തങ്ങളെ ഓര്മിപ്പിക്കുന്നില്ലെന്നു മാത്രം.ആര്‍ക്കൊക്കെ ആളാകാന്‍വേണ്ടി നിര്‍മാതാക്കളെ കുഴിയില്‍ വീഴ്ത്തുന്ന ഇത്തരം സിനിമാക്കാര്‍ക്കു കിട്ടുന്നത് അവര്‍ക്കു യോഗ്യതയുള്ളതു തന്നെ. എന്നാലും ഇത്തരം കുനിഷ്ടു ബുദ്ധി എങ്ങനെയാണ് ഇത്തരക്കാര്‍ കൊണ്ടുനടക്കുന്നതെന്നതാണ് ഇനിയും മനസിലാവാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: