മുംബൈ : മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനെതിരെ പരാമര്‍ശം നടത്തിയതിന് നല്‍കിയ മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് മുംബൈ കോടതി ജാമ്യം അനുവദിച്ചു. മുബൈ മസ്‌കോണ്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ രാഹുല്‍ നേരിട്ടെത്തിയാണ് ജാമ്യം എടുത്തത്.
വിചാരണ നേരിടണമെന്ന് അറിയിച്ച കോടതി 15000 രൂപയുടെ ബോണ്ട് കെട്ടിവെച്ചതിനെ തുടര്‍ന്നാണ് രാഹുലിനെ വിട്ടയയ്‌ക്കാന്‍ തയ്യാറായത്. എന്നാല്‍ കോടതിക്ക് മുമ്പാകെ കുറ്റം സമ്മതിക്കാന്‍ രാഹുല്‍ തയ്യാറായില്ല.
ഗൗരി ലങ്കേഷിന്റെ വധത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന വിവാദ പരാമര്‍ശത്തില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് രാഹുലിനെതിരെ കേസ് ഫയല്‍ ചെയ്തത്. സോണിയ ഗാന്ധി, സീതറാം യെച്ചൂരി എന്നിവരും ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകനായ ധ്രുതി മാന്‍ ജോഷിയാണ് കേസ് ഫയല്‍ ചെയ്തത്.
മരണം നടന്നത് 24 മണിക്കൂറിന് ശേഷം ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് രാഹുല്‍ ആരോപണം ഉയര്‍ത്തുകയായിരുന്നു. കൂടാതെ ബിജെപിയുടെയോ ആര്‍എസ്എസിന്റെയോ പ്രത്യയശാസ്ത്രത്തിന് എതിര്‍ത്താല്‍, അവരെ കൊല്ലുകയും, ആക്രമിക്കുകയും ചെയ്യുമെന്ന് രാഹുല്‍ പ്രസ്താവന നടത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്.
മഹാരാഷ്‌ട്രയില്‍ നിന്നും രാഹുലിന്റെ പേരിലുള്ള രണ്ടാമത്തെ കേസാണിത്. ഗാന്ധിജിയുടെ കൊലപാതകര്‍ ആര്‍എസ്എസ് ആണെന്ന് പ്രസംഗിച്ചതിനും ഒരു കേസുണ്ട്.
















