ബിജെപിക്ക് ഇന്ന് വലിയ ദേശീയപ്രഭാവമുണ്ട്. എന്നുകരുതി, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അന്തരീക്ഷത്തിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പുകൂടി കൊണ്ടുവരാനുള്ള നീക്കത്തിനു കാരണം അതല്ല. അത്തരം പ്രചാരണം അടിസ്ഥാന രഹിതം. പാര്‍ലമെന്റില്‍ രണ്ടുസീറ്റില്‍ ഒതുങ്ങിയിരുന്ന കാലത്തും തെരഞ്ഞെടുപ്പ് പരിഷ്കരണങ്ങളില്‍ വരുത്തേണ്ട കാലാനുസൃത മാറ്റങ്ങളെക്കുറിച്ച് ബിജെപി ശബ്ദമുയര്‍ത്തിയിട്ടുണ്ട്.
1967ലെ ഘാസിറാം-ദാല്‍ സിങ് കേസില്‍വന്ന സുപ്രീം കോടതി വിധിയെ അടിസ്ഥാനപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് സമര്‍പ്പിക്കപ്പെട്ട എല്ലാനിര്ദ്ദേശങ്ങളേയും അന്നത്തെ ബിജെപി നാഷണല്‍ എക്സിക്യൂട്ടീവ് ഏകകണ്ഠമായി പിന്തുണച്ചതായി രേഖകളില്‍ കാണാം. അന്നത്തെ പല നിര്‍ദ്ദേശങ്ങളും തന്നെയാണ് ഇന്ന് തെരഞ്ഞെടുപ്പില്‍ പിന്തുടര്‍ന്നുപോരുന്നത്. 1973ല്‍ പാര്‍ലമെന്ററി സംയുക്തസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനും ബിജെപി പിന്തുണ നല്‍കിയിരുന്നു. മാത്രമല്ല, കള്ളപ്പണം, പാര്‍ട്ടി വിഭജനം, കൂറുമാറ്റം തുടങ്ങിയ ദുഷ്പ്രവണതകള്‍ ഇല്ലാതാക്കുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പരിഷ്കരിക്കേണ്ടതിനെകുറിച്ച് നിര്‍ദ്ദേശങ്ങളും പാര്‍ട്ടി നല്‍കിയിട്ടുണ്ട്.
ദീര്‍ഘകാലത്തെ കോണ്‍ഗ്രസ്സ് ഭരണത്തിന് ബ്രെയ്ക്ക് നല്കി 1999ല്‍ ബിജെപി മുന്നണി അധികാരത്തില്‍ വന്നപ്പോള്‍, ഇരു സഭകളേയും അഭിസംബോധന ചെയ്തുനടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഏറ്റവും കൂടുതല്‍ പരാമര്‍ശിച്ചത് തെരഞ്ഞെടുപ്പ് പരിഷ്കരണങ്ങളെക്കുറിച്ചായിരുന്നു. ഭരണത്തിലും ഉദ്യോഗസ്ഥതലത്തിലുമുള്ള അഴിമതി അടിസ്ഥാനപരമായി തെരഞ്ഞെടുപ്പിലാണ് ഉണ്ടാവുന്നതെന്നും അതുകൊണ്ട് തെരഞ്ഞെടുപ്പ് അഴിമതിരഹിതമാക്കേണ്ടത് ജനാധിപത്യവ്യവസ്ഥിതിയുടെ നിലനില്‍പ്പിനും പുരോഗതിക്കും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇലക്ഷന് കമ്മീഷന് മുമ്പാകെ ബിജെപി നേതൃത്വം സമര്‍പ്പിച്ച ഒമ്പതിന റിപ്പോര്‍ട്ടിലെ തെരഞ്ഞെടുപ്പ് പരിഷ്കരണ നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരമായിരുന്നു:
1. തെരഞ്ഞെടുപ്പ് ചെലവ്, പൊതുഫണ്ട് കേന്ദ്രീകൃതമാക്കുക.
2. ഇലക്ട്രോണിക് വോട്ടിങ്മെഷീന്‍ നിയമപരമായി നടപ്പില്‍വരുത്തുക.
3. എല്ലാ വോട്ടര്‍മാര്‍ക്കും തിരിച്ചറിയല്‍കാര്‍ഡ് നല്‍കുക. പ്രാരംഭമായി ഈ നടപടികള്‍ നഗരങ്ങളില്‍ ആരംഭിക്കുക.
4. ബൂത്ത്പിടിത്തം ഉണ്ടായാല്‍ പ്രസ്തുത ബൂത്തിലെ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുക.
5. വോട്ട് ചെയ്യാനുള്ള പ്രായം 21ല്‍ നിന്ന് 18 ആക്കുക
6. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം നിയമപരമായ കുറ്റമായി കണക്കാക്കുക. ഗവ. വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക.
7. ഇലക്ഷന് കമ്മീഷനെ മറ്റ് കാര്യനിര്‍വാഹക സമിതികളില്‍നിന്ന് വേറിട്ട് നിര്‍ത്തുക, കമ്മീഷണര്‍ക്കും ഡെപ്യൂട്ടി കമ്മീഷണര്‍ക്കും പുറമെ ഒന്നില്‍ക്കൂടുതല്‍ അംഗങ്ങളുള്ള സമിതിയായി പുനഃസംഘടിപ്പിക്കുക.
8. ഏകീകൃത തെരഞ്ഞെടുപ്പ് പ്രക്രിയ പുനഃസ്ഥാപിക്കുക.
9. ആകാശവാണിയും ദൂരദര്‍ശനും അടക്കമുള്ള മാധ്യമങ്ങളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള അധികാരം ഇലക്ഷന് കമ്മീഷന് നല്‍കുക.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ആഘോഷത്തിന് 1952ല്‍ ചെലവായത് 10.45 കോടി രൂപയായിരുന്നു. 2014ല്‍ അത് 3,870 കോടിയായി. 2019ല്‍ 60,000 കോടിക്ക് അടുത്താണ്. ഇതിനുപുറമെയാണ് ആട്, കോഴി, വാഷിങ് മെഷീന്, ഫ്രിഡ്ജ് തുടങ്ങിയ ഇന്‍സ്റ്റന്റ് ഗിഫ്റ്റുകളും കള്ളപ്പണവും. ഓര്‍ക്കുക, തെരഞ്ഞെടുപ്പിന് ദിവസങ്ങള്ക്കുമുമ്പ്് വെല്ലൂരിലെ ഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍നിന്നും പിടിച്ചെടുത്തത് 11.5 കോടിയുടെ കള്ളപ്പണം ആയിരുന്നു. പ്രകടമായ സാമ്പത്തിക ബാധ്യത വരുത്തിവക്കുന്ന ഈ പ്രക്രിയ, വര്‍ഷത്തില്‍തന്നെ ഒന്നില്‍ കൂടുതല്‍ തവണ അനുഭവിക്കേണ്ടിവരുന്നത് അഞ്ചുവര്‍ഷം കൂടുമ്പോള്‍ മാത്രമാക്കി ചുരുക്കുകതന്നെയാണ് തെരഞ്ഞെടുപ്പ് ഏകീകരണത്തിന്റെ പ്രധാനലക്ഷ്യം.
കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഒരു നിയമസഭാ തെരഞ്ഞെടുപ്പോ ലോക്സഭാ തെരഞ്ഞെടുപ്പോ നടക്കാത്ത ഒരുവര്‍ഷം പോലും ഇന്ത്യയില്‍ കടന്നുപോയിട്ടില്ല. അതുകൂടി ചേര്‍ത്തു വായിച്ചാലേ നഷ്ടപ്പെട്ട മണിക്കൂറുകളുടെയും മനുഷ്യോര്ജ്ജത്തിന്റെയും ചിത്രം പൂര്ണ്ണമാവൂ. ബിജെപി സര്‍ക്കാരിന്റെ വര്‍ഷങ്ങളായുള്ള വികസന അജണ്ടയുടെ ഭാഗം മാത്രമാണ് ഏകീകൃത തെരഞ്ഞെടുപ്പ് എന്ന് അനുമാനിക്കാം.
നരേന്ദ്ര മോദിയല്ല തെരഞ്ഞെടുപ്പ് ഏകീകരണമെന്ന ആശയം ആദ്യമായി മുന്നോട്ടു വെക്കുന്നത്. രാജ്യസഭാ എംപി ആയിരുന്ന സുദര്‍ശന നാച്ചിയപ്പ ചെയര്‍മാനായിട്ടുള്ള ഒരുപാര്ലിമെന്ററി കമ്മിറ്റി ഇതേആവശ്യം ഉന്നയിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് 2015ല്‍ പാര്ലമെന്റിന്മുന്നില് വച്ചിരുന്നു. ബിഎസ്. ജീവന് റെഡ്ഡി കമ്മിറ്റിയുടെ ലോ കമ്മീഷനും തെരഞ്ഞെടുപ്പ് ഏകീകരണമെന്ന ആശയം മുന്നോട്ടുവച്ചിരുന്നു.
2002ല്‍, ഭരണഘടനയുടെ പ്രവര്‍ത്തനങ്ങളെ അവലോകനംചെയ്യാന്‍ നിയോഗിച്ച ദേശീയ കമ്മീഷനും ഈ പരിഷ്കരണം ആവശ്യപ്പെട്ടിരുന്നു. ഇത് പ്രായോഗികമാക്കാന്‍ നടത്തുന്ന ഭരണഘടനാ ഭേദഗതികള്‍ ഒരിക്കലും അതിന്റെ അടിസ്ഥാനഘടനയെ ബാധിക്കുകയില്ലെന്ന് അവര്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. 255-ാമത്തെ ലോ കമ്മീഷന് റിപ്പോര്‍ട്ടും ഇതേ ആവശ്യം മുന്നോട്ടുവച്ചിരുന്നു. അതോടനുബന്ധിച്ച് ചര്‍ച്ചചെയ്യപ്പെടേണ്ട കൂറുമാറ്റ നിരോധന നിയമത്തെകുറിച്ചും റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്.
രാജ്യത്തെ പ്രധാന രാഷ്ട്രീയ കക്ഷികള്‍, സംഘടനകള്‍, പ്രധാനവ്യക്തികള്‍ തുടങ്ങിയവരുമായി ചര്‍ച്ചചെയ്ത് 2015 ഡിസംബറില്‍ രാജ്യസഭയില്‍ സമര്‍പ്പിക്കപ്പെട്ട 79-മത്തെ റിപ്പോര്‍ട്ടും തെരഞ്ഞെടുപ്പ് പരിഷ്കരണങ്ങളില്‍ വരുത്തേണ്ട ഇത്തരം മാറ്റങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അടുത്തിടെ സമര്‍പ്പിക്കപ്പെട്ട ബിഎസ്. ചൗഹാന്റെ ലോ കമ്മീഷന് റിപ്പോര്‍ട്ടിലും തെരഞ്ഞടുപ്പ് പരിഷ്കരണങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ കാണാം.
1983ല്‍ ഇതേ നിര്‍ദ്ദേശം അന്നത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് വച്ചിട്ടുള്ളതായി പാര്‍ലമെന്റ് രേഖകള്‍ പറയുന്നുണ്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദും മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ഈ നയത്തെ സ്വാഗതം ചെയ്യുന്നു. അടിക്കടിയുണ്ടാകുന്ന തെരഞ്ഞെടുപ്പുകളെ, ‘രാജ്യത്തിന്റെ അടിസ്ഥാനപ്രശ്ന’മായി നോക്കികാണുന്ന നീതി ആയോഗ്, അതിന് ഏറ്റവുംനല്ല പരിഹാരമായി നിര്‍ദ്ദേശിക്കുന്നത് ഏകീകൃത തെരഞ്ഞെടുപ്പിനെയാണ്. ഈ നിലപാട് വര്‍ഷങ്ങള്‍ക്ക് മുമ്പ്തന്നെ എടുത്തിട്ടുള്ള മറ്റൊരാള്‍ എല്‍.കെ. അദ്വാനിയാണ്.
വാജ്പേയി മന്ത്രിസഭയില്‍ ഉപ പ്രധാനമന്ത്രി ആയിരിക്കവേ, സാഹചര്യങ്ങളെ കൃത്യമായി വിലയിരുത്തിക്കൊണ്ടുള്ള സമഗ്രവും ക്രിയാത്മകവുമായ ഒരുപാട് നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവച്ചു. അതിലൊന്നായിരുന്നു തെരഞ്ഞെടുപ്പ് ഏകീകരണം.
കൂടാതെ വാജ്പേയി പ്രധാനമന്ത്രി ആയിരിക്കെ പാര്‍ലമെന്റ് വിദഗ്ധസമിതി നിയോഗിച്ച നിയമ കമ്മീഷന്റെ റിപ്പോര്‍ട്ടിലും ഏകീകൃത തെരഞ്ഞെടുപ്പെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നു.
എന്നാല്‍ ഇതിലും എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ്് തന്നെ, കൃത്യമായി പറഞ്ഞാല്‍, സ്വാതന്ത്ര്യലബ്ധിക്കുശേഷം ആദ്യമായി നടന്ന പൊതു തെരഞ്ഞെടുപ്പ് ഏകീകൃത തെരഞ്ഞെടുപ്പ് ആയിരുന്നു. (1951-52ല്‍). പിന്നീട് 1957ലും 1962ലും ലോക്സഭയിലേക്കും നിയമസഭയിലേക്കുമുള്ള വോട്ടെടുപ്പ് ഒരേസമയം നടന്നു. ആ പതിവും തെറ്റിക്കാന്‍ തുടങ്ങിയത് കേരളംതന്നെ.
1962ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് രണ്ടുവര്‍ഷം മുമ്പ്നടന്ന വിമോചന സമരത്തെ തുടര്‍ന്ന് കേരളത്തില്‍ നിലവിലുണ്ടായിരുന്ന ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. അങ്ങനെ 1960ല്‍ കേരളത്തില്‍ മാത്രമായി നിയമസഭാ തെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നു.
ഇത്തരം സംഭവങ്ങള്‍ പിന്നീട് രാജ്യവ്യാപകമായി. പലവിധ രാഷ്ട്രീയ-സാമൂഹിക പ്രതിസന്ധികളില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ പിരിച്ചുവിടേണ്ട സാഹചര്യങ്ങള്‍ വ്യത്യസ്ത സമയങ്ങളില്‍ സംജാതമായിക്കൊണ്ടിരുന്നു. പല പുതിയ സംസ്ഥാനങ്ങളും രൂപംകൊണ്ടത് ഈ സമയത്തായിരുന്നു. തദവസരത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതായി വരികയും സ്വാഭാവികമായി തെരഞ്ഞെടുപ്പിന്റെ ഏകീകൃത സ്വഭാവം നഷ്ടമാവുകയും ചെയ്തു.
അതായത്, ഇന്ത്യ റിപ്പബ്ലിക്ക് ആയതിന് ശേഷം നടന്ന ആദ്യ നാലുതെരഞ്ഞടുപ്പുകളും ഏകീകൃതമായിരുന്നു. ആ സമ്പ്രദായം പുനഃസ്ഥാപിക്കപ്പെടുമ്പോള്‍ ജനാധിപത്യം തകരുകയാണെണ് ഇന്ന് ആരോപണം ഉയരുന്നത് ഇന്ത്യയിലെ ആദ്യകാല തെരഞ്ഞെടുപ്പുകള്‍ ജനാധിപത്യപരമല്ലായിരുന്നു എന്ന കാഴ്ചപ്പാടിലാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: